മറ്റൊരു റിസള്‍ട്ട് സീസണ് കൂടി തിരശീല വീണു. പ്രമുഖ കോര്‍പറേറ്റ് കമ്പനികളെല്ലാം തന്നെ ജനുവരി- മാര്‍ച്ച് മാസക്കാലയളവിലെ പ്രവര്‍ത്തനഫലം പ്രസിദ്ധീകരിച്ചു. വിവിധ വ്യവസായ മേഖലകളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന ഫലം വിലയിരുത്തിയാല്‍ ഏറിയ പങ്കും വിപണി പ്രതീക്ഷിച്ച നിലവാരത്തിലാണ് സാമ്പത്തിക ഫലം പ്രസിദ്ധീകരിച്ചത്. ഇതില്‍ താരതമ്യേന മോശം പ്രവര്‍ത്തനഫലം പുറത്തുവിട്ടവയില്‍ ഫാര്‍മ വിഭാഗവുമുണ്ട്. എങ്കിലും ഈ മേഖലയില്‍ പ്രതീക്ഷ പുലര്‍ത്താമെന്ന് സൂചിപ്പിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ രംഗത്തെത്തി.
അസംസ്‌കൃത വസ്തുക്കളിലെ വിലക്കയറ്റവും ചരക്കക്കൂലി വര്‍ധിച്ചതുമൊക്കെ ഫാര്‍മ മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് ഷേര്‍ഖാന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനോടൊപ്പം ഉയര്‍ന്ന മാര്‍ജിനില്‍ ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതില്‍ അമേരിക്കന്‍ വിപണിയില്‍ നിന്നും നേരിടുന്ന വെല്ലുവിളികളും ഇന്ത്യന്‍ ഫാര്‍മ കമ്പനികളുട ലാഭക്ഷമതയെ ദോഷകരമായി ബാധിക്കുന്നുവെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അമേരിക്കന്‍ വിപണയില്‍ ചില വിഭാഗം മരുന്നുകള്‍ക്ക് ഇരട്ടയക്കത്തില്‍ വരെ വിലക്കുറവ് നല്‍കേണ്ടി വന്നതും ഫാര്‍മ കമ്പനികളുടെ ലാഭമാര്‍ജിന്‍ ഇടിച്ചു.
ഇത് തുടര്‍ച്ചയായ മൂന്നാം സാമ്പത്തിക പാദത്തിലാണ് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ചെലവ് വര്‍ധനയില്‍ വിയര്‍ക്കുന്നത്. കോവിഡ് കാരണം ചൈനയില്‍ ലോക്ക്ഡൗണ്‍ കടുപ്പിച്ചതും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യത്തിന് കാരണമായി. ഇതിനു പുറമെ കണ്ടെയ്‌നര്‍ ക്ഷാമം കാരണം ചരക്ക് ഗതാഗത ചെലവും ഉയര്‍ന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി. കൂടാതെ കോവിഡ് അടച്ചിടലുകള്‍ക്ക് ശേഷം മാര്‍ക്കറ്റിങ്ങിനും പരസ്യങ്ങള്‍ക്കും ചെലവിടുന്നത് പഴയപടിയായതും കമ്പനികളുടെ ഉത്പാദന ചെലവിലെ ഭാരം വര്‍ധിപ്പിക്കുന്നു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ 200 അടിസ്ഥാന പോയിന്റ് വരെ പ്രവര്‍ത്തന ലാഭത്തിലെ മാര്‍ജിന്‍ ചുരുങ്ങാമെന്നും ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
എന്നാല്‍ മാറിയ ആഗോള സാഹചര്യങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് മികച്ച വളര്‍ച്ചാ സാധ്യതകള്‍ മുന്നിലേക്കെത്തിക്കുന്നുണ്ട്. ഇതിനോടകം മത്സരക്ഷമതയാലും ഗുണമേന്മയാലും ആഗോള വിപണിയില്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് നിര്‍ണായക സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ട്. ഇതു കൂടാതെ സവിശേഷ/ സങ്കീര്‍ണ മെഡിക്കല്‍ ഉത്പന്നങ്ങളുടെ വിഭാഗത്തിലും കുത്തിവയ്പ്പ് മരുന്നുകളുടെ വിഭാഗത്തിലും ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ മുന്‍ഗണ ലഭിക്കുന്നത് ദീര്‍ഘ കാലയളവില്‍ നേട്ടം തരുന്നതാണ്. ഇതിനോടൊപ്പം രാസസംയുക്തങ്ങളുടെ വിപണിയില്‍ ഉയരുന്ന അവസരങ്ങളും ആഭ്യന്തര മരുന്ന് വിപണി ഇരട്ടയക്ക നിരക്കിനടുത്ത് വളര്‍ച്ച കൈവരിക്കുന്നതും ഫാര്‍മ കമ്പനികളുടെ ഭാവി സാധ്യതകള്‍ ഊട്ടിയുറപ്പിക്കുന്നു.
ബൈ റേറ്റിങ്
പുതിയ റിപ്പോര്‍ട്ടില്‍ ഷേര്‍ഖാന്‍ 'ബൈ' (BUY) റേറ്റിങ് നല്‍കിയ കമ്പനികളും ബ്രായ്ക്കറ്റില്‍ സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവിലയും ചുവടെ ചേര്‍ക്കുന്നു.
- സൈഡഡ് ലൈഫ്‌സയന്‍സ് (440 രൂപ)
- സിപ്ല (1,150 രൂപ)
- ഡിവീസ് ലാബ് (4,900 രൂപ)
- ലുപിന്‍ (780 രൂപ)
- സണ്‍ ഫാര്‍മ (1,000 രൂപ)
- ടോറന്റ് ഫാര്‍മ (3,540 രൂപ)
- ബയോകോണ്‍ (420 രൂപ)
- ലോറസ് ലാബ്‌സ് (735 രൂപ)
- സനോഫി ഇന്ത്യ (9,250 രൂപ)
- അബോട്ട് ഇന്ത്യ (22,780 രൂപ)
- സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സസ് (450 രൂപ)
- ഡോ റെഡ്ഡീസ് (5,550 രൂപ)
- ഗ്ലാന്‍ഡ് ഫാര്‍മ (3,770 രൂപ)
ഹോള്‍ഡ് റേറ്റിങ്
പുതിയ റിപ്പോര്‍ട്ടില്‍ ഷേര്‍ഖാന്‍ 'ഹോള്‍ഡ്' (HOLD) റേറ്റിങ് നല്‍കിയ ഫാര്‍മ കമ്പനികളും ബ്രായ്ക്കറ്റില്‍ അവയുടെ സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവിലയും ചുവടെ ചേര്‍ക്കുന്നു.
- ഓറോബിന്ദോ ഫാര്‍മ (610 രൂപ)
- ഇപ്ക ലാബ് (1,080 രൂപ)
- ഗ്രാന്യൂള്‍സ് (290 രൂപ)
- കാപ്ലിന്‍ പോയിന്റ് ലാബോറട്ടറീസ് (895 രൂപ)
- മെട്രോപൊളിസ് ഹെല്‍ത്ത്‌കെയര്‍ (1,966 രൂപ)
- ആലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് (944 രൂപ)
- മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ് (1,033 രൂപ)
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്‍ഖാന്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications