കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് നീങ്ങുന്നത്. റഷ്യ- ഉക്രൈന്‍ യുദ്ധവും പിന്നാലെ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനയും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതും പോലെയുള്ള ആഗോള ഘടകങ്ങളും പണപ്പെരുപ്പവും വിദേശേ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയും തുടങ്ങിയ ആഭ്യന്തര ഘടകങ്ങളും ഓഹരി വിപണിയെ പിന്നോട്ടടിക്കുന്നു. ഈ വര്‍ഷം പുതിയ റെക്കോഡ് നിലവാരം രേഖപ്പെടുത്താനും ഇതുവരെ സാധിച്ചിട്ടുമില്ല. ഒടുവില്‍ ഈ കടന്നു പോകുന്ന വ്യാപാര ആഴ്ചയിലും 2.5 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയാണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തത്.
അതേസമയം സമീപ കാലത്ത് വിപണിയിലുണ്ടായ തിരിച്ചടിയില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കൈപൊള്ളിയിരുന്നു. ഈ തിരിച്ചടിയില്‍ സാധാരണ നിക്ഷേപകര്‍ക്ക് മാത്രമല്ല പ്രമുഖ ഫണ്ട് മാനേജര്‍മാര്‍ക്കും കൈപൊള്ളിയതായാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തിഗത നിക്ഷേപകര്‍ (HNI) ആശ്രയിക്കുന്ന പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്‌കീമുകളില്‍ (പിഎംഎസ് ഫണ്ട്) 85 ശതമാനത്തിനും കഴിഞ്ഞ മാസം നിഫ്റ്റി സൂചികയെ മറികടക്കാനായില്ല. 280-ലധികം പിഎംഎസ് ഫണ്ടുകളില്‍ അടുത്തിടെ തുടങ്ങിയ ഒരു സ്‌കീമിനു മാത്രമാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.
ഗ്രീന്‍ പോര്‍ട്ടഫോളിയോയുടെ 'സൂപ്പര്‍ 30' ഫണ്ടാണ് മേയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. 14.8 ശതമാനത്തോളമാണ് നിക്ഷേപ മൂല്യത്തിലുണ്ടായ ഇടിവ്. മോത്തിലാല്‍ ഒസ്വാളിന്റെ 'ഫോക്കസ്ഡ് മിഡ് കാപ്' ഫണ്ട് 11.88 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. സമാനമായി ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് പോര്‍ട്ടഫോളിയോ (ഐഒപി) വി-2 (-11.22 %), റൈറ്റ് ഹൊറൈസണ്‍സ് ആല്‍ഫബോട്ട്‌സ് ഇന്ത്യ പ്രൈം (-11.17 %) സുനില്‍ സിംഘാനിയയുടെ അബാക്കസ് എമേര്‍ജിങ് ഓപ്പര്‍ച്യൂണിറ്റീസ് (-10.7 %), ആസ്‌ക് ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍സ് ഇന്ത്യന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പോര്‍ട്ട്‌ഫോളിയോ (-9 %) വീതവും നഷ്ടം രേഖപ്പെടുത്തിയെന്ന് പിഎംസ് ബാസാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗ്രേയ കാപിറ്റല്‍ അഡൈ്വസര്‍സ് പോര്‍ട്ട്‌ഫോളിയോ റിട്ടേണ്‍ ഒപ്റ്റിമൈസര്‍ സ്ട്രാറ്റജി എന്ന ഫണ്ടിനാണ് കഴിഞ്ഞ മാസം പച്ച തൊടാനായത്. 2 മാസം മുമ്പ് മാത്രം ആരംഭിച്ച ഈ സ്‌കീമിന് 1.79 ശതമാനം നേട്ടമുണ്ടാക്കാന്‍ സാധിച്ചു. പ്രധാനമായും ഓഹരി വിപണിയിലെ സൂചികകളുടെ ഹ്രസ്വകാല ട്രെന്‍ഡിനെ ആസ്പദമാക്കിയുളള നിക്ഷേപമാണ് ആഗ്രേയ കാപിറ്റല്‍ അഡൈ്വസര്‍സ് പോര്‍ട്ട്‌ഫോളിയോ നടപ്പാക്കുന്നത്.
കഴിഞ്ഞ മാസം 3.03 ശതമാനം നഷ്ടമാണ് എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50 രേഖപ്പെടുത്തിയത്. വിശാല വിപണിയില്‍ സൂചികകളേക്കാള്‍ കനത്ത ആഘാതമാണ് നേരിട്ടത്. പ്രമുഖ ഇടത്തരം കമ്പനികളെ കോര്‍ത്തിണക്കിയ നിഫ്റ്റി മിഡ് കാപ്-100 സൂചികയില്‍ കഴിഞ്ഞ മാസം 5.33 ശതമാനം ഇടിവാണ് കുറിച്ചത്. അതേസമയം പ്രധാന ചെറുകിട കമ്പനികളുടെ ഓഹരികള്‍ കോര്‍ത്തിണക്കിയ നിഫ്റ്റി സ്‌മോള്‍ കാപ്-100 സൂചികയാവട്ടെ മേയ് മാസത്തില്‍ 10.2 ശതമാനം തകര്‍ച്ചയും നേരിട്ടു.
സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മുന്‍നിര ഫണ്ടുകളിലൊന്നായ സിംഘാനിയ എമേര്‍ജിങ് ഓപ്പണ്‍ച്യൂണിറ്റീസ് ഫണ്ടില്‍ 10.7 ശതമാനം ഇടിവ് നേരിട്ടു. ആസ്‌ക് ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍സ് സ്‌കീം 9 ശതമാനം നഷ്ടം കുറിച്ചു. സൗരഭ് മുഖര്‍ജിയുടെ മിഡ് കാപ് കേന്ദ്രീകരിച്ചുളള റൈസിങ് ജയിന്റ്‌സ് ഫണ്ടില്‍ 7.44 ശതമാനം ഇടിവ് രേഖപ്പെടുത്തി. സൗരവ് മുഖര്‍ജിയുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള കണ്‍സിസ്റ്റന്റ് കോമ്പൗണ്ടേര്‍സ് പോര്‍ട്ട്‌ഫോളിയോ 6.62 ശതമാനം നഷ്ടം നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications