ഡോളറിനെതിരേ രൂപ ദുര്‍ബലമാകുമ്പോൾ കൈയും കെട്ടിയിരുന്ന് ലാഭം വാരുന്ന 5 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ കറന്‍സിയായ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതിനാണ് 2022 സാക്ഷ്യം വഹിക്കുന്നത്. ഈ വര്‍ഷമാദ്യം ഡോളറിനെതിരായ വിനിമയ നിരക്ക് 74 രൂപ നിലവാരത്തിലായിരുന്നു. പിന്നീട് പലവിധ ആഭ്യന്തര/ ആഗോള പ്രതികൂല ഘടകങ്ങളാല്‍ വിനിമയ നിരക്ക് തുടര്‍ച്ചയായി ഇടിവ് നേരിടുന്നു.

 

ഇന്ന് ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരായ വിനിമയ നിരക്ക് 79 രൂപ നിലവാരം മറികടുന്നു. അതേസമയം രൂപയുടെ മൂല്യ ശോഷണം കയറ്റുമതി മേഖലയെ തുണയ്ക്കുമ്പോള്‍ ഇറക്കുമതിയുടെ ചെലവേറ്റുന്നു. ഈയൊരു പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നേട്ടം കൊയ്യുന്ന 5 ഓഹരികളെ പരിചയപ്പെടുത്തുന്നു.

ഇന്‍ഫോസിസ്

ഇന്‍ഫോസിസ്

ഇന്ത്യന്‍ ഐടി വ്യവസായ മികവിന്റെ ഖ്യാതി ലോകമാകെ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച മള്‍ട്ടി നാഷണല്‍ കമ്പനിയാണ് ഇന്‍ഫോസിസ്. ഇന്‍ഫോസിസിന്റെ വാര്‍ഷിക സോഫ്റ്റ്‌വേര്‍ കയറ്റുമതി 1.18 ലക്ഷം കോടിയാണ്. ഇതില്‍ 63 ശതമാനം വടക്കേ അമേരിക്കയില്‍ നിന്നും 24 ശതമാനം യൂറോപ്പില്‍ നിന്നുമാണ് ലഭിക്കുന്നത്. അതേസമയം കമ്പനിയുടെ 95 ശതമാനം വരുമാനവും വിദേശ നാണ്യത്തിലൂടെ വന്നുചേരുന്നത്. കമ്പനിക്ക് വരുന്ന ചെലവില്‍ 63 ശതമാനം മാത്രമേ വിദേശ കറന്‍സിയില്‍ മതിയെന്നതും ശ്രദ്ധേയം.

അടിത്തറ

കൂടാതെ 12,300 കോടിക്ക് തുല്യമായ വിദേശ കറന്‍സിയിലുള്ള സാമ്പത്തിക ആസ്തിയും കമ്പനിയുടെ അടിത്തറ ഭദ്രമാക്കുന്നു. ഇന്‍ഫോസിസിന്റെ (BSE : 500209, NSE : INFY) വരുമാനത്തില്‍ 32 ശതമാനം ധനകാര്യ സേവനത്തില്‍ നിന്നും 16 ശതമാനം റീട്ടെയില്‍, 13 ശതമാനം കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ നിന്നുമാണ് ലഭിക്കുന്നത്.

Also Read: അമേരിക്കയും റഷ്യയും 'ചരടുവലിച്ചു'! എന്നിട്ടും കൂസാതെ മുന്നോട്ട്; തലയുയര്‍ത്തിപ്പിടിച്ച് 8 ഓഹരികള്‍

ടിസിഎസ്

ടിസിഎസ്

വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയെന്ന ഖ്യാതിയും സ്വന്തമാണ്. 5.90 ലക്ഷം ജീവനക്കാരുണ്ട്. അതേസമയം ടിസിഎസിന്റെ വരുമാനത്തില്‍ 80 ശതമാനവും വിദേശ കറന്‍സിയിലൂടെയാണ് നേടുന്നത്. ഇതില്‍ വടക്കേ അമേരിക്കയില്‍ നിന്നും 50 ശതമാനവും ബ്രിട്ടണില്‍ നിന്നും 16 ശതമാനവും ഇതര യൂറോപ്യന്‍ മേഖലയില്‍ നിന്നും 15 ശതമാനം വീതവും വരുമാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നു.

വിദേശ കറന്‍സി

അതേസമയം കമ്പനിയുടെ ചെലവില്‍ 45 ശതമാനം മാത്രമേ വിദേശ കറന്‍സിയിലൂടെയുള്ളൂ. രൂപയുടെ വിനിമയ മൂല്യത്തില്‍ വരുന്ന 10 ശതമാനം മാറ്റം ടിസിഎസിന്റെ (BSE: 532540, NSE : TCS) 2022 സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 630 കോടി രൂപയുടെ (ആകെ ലാഭത്തിന്റെ 1.6 %) ആനുപാതിക മാറ്റം കൊണ്ടുവരുമെന്നാണ് നിഗമനം. എന്നാല്‍ ഇന്‍ഫോസിസില്‍ നിന്നും വ്യത്യസ്തമായി ടിസിഎസിന് വിദേശ കറന്‍സിയിലുള്ള കടബാധ്യത 7,300 കോടിയാണ്. അതിനാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച ചെറിയ തോതില്‍ ടിസിഎസിനു തലവേദനയുണ്ടാക്കുമെങ്കിലും മൊത്തത്തിലെടുത്താല്‍ ഗുണകരമാണ് സാഹചര്യം.

സണ്‍ ഫാര്‍മ

സണ്‍ ഫാര്‍മ

ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനിയാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ്. വിദേശ വിപണിയില്‍ നിന്നും ആകെ വരുമാനത്തിന്റെ 67 ശതമാനവും ലഭിക്കുന്നു. 100-ലധികം വിദേശ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതിയുണ്ട്. എങ്കിലും വരുമാനത്തിന്റെ 30 ശതമാനവും അമേരിക്കയില്‍ നിന്നാണ്. യുഎസ് വിപണിയിലെ 8 ശതമാനം വിഹിതം സണ്‍ ഫാര്‍മ കരസ്ഥമാക്കിയിട്ടുണ്ട്. മറ്റ് വികസ്വര രാജ്യങ്ങളില്‍ നിന്നും 18 ശതമാനവും ഇതര ലോക രാജ്യങ്ങളില്‍ നിന്നും 15 ശതമാനവുമാണ് വരുമാനത്തിലേക്കുള്ള സംഭാവന.

കൂടാതെ 300 കോടിക്ക് തുല്യമായ വിദേശ കറന്‍സിയിലുള്ള സാമ്പത്തിക ആസ്തിയും സണ്‍ ഫാര്‍മയ്ക്കുണ്ട് (BSE: 524715, NSE : SUNPHARMA). കമ്പിനയുടെ ഉപകമ്പനിയായ 'താരോ' മുഖേന ജനറിക് വിഭാഗത്തിലുള്ള മരുന്ന് വിറ്റഴിച്ചാണ് വരുമാനത്തിന്റെ മുഖ്യ പങ്കും കണ്ടെത്തുന്നത്.

ഭാരത് ഫോര്‍ജ്

ഭാരത് ഫോര്‍ജ്

വിവിധ വ്യവസായ മേഖലകളിലേക്ക് ആവശ്യമായ ഉപകരണ ഘടകങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഫോര്‍ജിങ് സ്ഥാപനമാണ് ഭാരത് ഫോര്‍ജ്. വരുമാനത്തിന്റെ 31 ശതമാനവും കയറ്റുമതിയില്‍ നിന്നാണ് ലഭിക്കുന്നത്. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ പസിഫിക്ക് മേഖലകളിലും ഭാരത് ഫോര്‍ജിന് സേവനങ്ങളുണ്ട്. എന്നിരുന്നാലും വരുമാനത്തിന്റെ 42 ശതമാനവും അമേരിക്കയില്‍ നിന്നുമാണ് വരുന്നത്.

എന്നാല്‍ ഭാരത് ഫോര്‍ജ് (BSE:500493, NSE: BHARATFORG) കമ്പനിയുടെ ആകെ കടബാധ്യതയില്‍ 87 ശതമാനവും വിദേശ കറന്‍സിയിലാണെന്നത് തലവേദനയാണ്. എങ്കിലും വിദേശ വരുമാനമുള്ളതിനാല്‍ അധിക ബാധ്യത ഏറെക്കുറെ തട്ടിക്കിഴിച്ചു പോകുമെന്നത് ആശ്വാസമേകുന്നു.

ബജാജ് ഓട്ടോ

ബജാജ് ഓട്ടോ

ലോകത്തെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ ഇരുചക്ര വാഹന നിര്‍മാതാവും ആഗോള തലത്തില്‍ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കളുമാണ് ബജാജ് ഓട്ടോ. കമ്പനിയുടെ ആകെ വില്‍പനയുടെ 55 ശതമാനവും വിദേശ വിപണിയിലാണ്. ഇതിലൂടെ കമ്പനിയുടെ ആകെ വരുമാനത്തിന്റെ 40 ശതമാനവും വിദേശ നാണ്യത്തിലൂടെ ലഭിക്കുന്നു.

ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ദക്ഷിണേഷ്യ, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി. രാജ്യത്തെ ഏറ്റവും വലിയ മുചക്ര, ഇരുചക്ര കയറ്റുമതിക്കാരുമാണ് ബജാജ് ഓട്ടോ (BSE: 532977, NSE : BAJAJ-AUTO). കമ്പനിയുടെ ആകെ ചെലവില്‍ 3 ശതമാനം മാത്രമാണ് വിദേശ കറന്‍സിയിലുള്ളൂ എന്നും ശ്രദ്ധേയമാണ്.

Also Read: ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന 10 ഓഹരികള്‍; ബെയര്‍ മാര്‍ക്കറ്റിലെ തിളക്കം!

സംഗ്രഹം

സംഗ്രഹം

വിദേശ കറന്‍സികള്‍ക്കെതിരേ രൂപയുടെ മൂല്യശോഷണം വലിയ കയറ്റുമതിക്കാര്‍ക്ക് ആശ്വാസമേകുന്ന ഘടകമാണ്. എന്നിരുന്നാലും രൂപയുടെ കരുത്ത് വര്‍ധിക്കുന്നതു കൊണ്ടോ മൂല്യം ഇടിയുന്നതു കൊണ്ടോ ഉണ്ടാകുന്ന പ്രതിഫലനം ഹ്രസ്വകാലയളവിലേക്ക് മാത്രമാണ്. രൂപയുടെ വിനിമയ നിരക്കിലെ മാറ്റത്തിന്റെ അനന്തരഫലം ചെറുതായാലും വലിയ തോതിലായാലും പൊതുവില്‍ അധികകാലം നീണ്ടുനില്‍ക്കാറില്ല. അതുകൊണ്ട് രൂപയുടെ വിനിമയ നിരക്കിലെ മാറ്റമാണ് നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ ഓരോ കമ്പനിയുടെ സമാന സാഹചര്യത്തിലെ പ്രകടനവും കാലയളവും പരിശോധിച്ചതിനു ശേഷം മാത്രം തീരുമാനം കൈക്കൊള്ളുന്നതാവും ഉചിതം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Rupee Depreciation: Against US Dollar Boon For Exporters And 5 Stocks Includes TCS INFY Gets Most Gain

Rupee Depreciation: Against US Dollar Boon For Exporters And 5 Stocks Includes TCS INFY Gets Most Gain
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X