റഷ്യ- ഉക്രൈന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന്റെ ആശങ്കയിലാണ് ലോകം. പ്രശ്‌നം വഷളായാല്‍ നിരവധി സുരക്ഷ, സാമ്പത്തിക പ്രശ്‌നങ്ങളാവും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നേരിടേണ്ടിവരിക. പ്രത്യേകിച്ചും രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന കോവിഡ് പ്രതിസന്ധിയില്‍ നിന്നും ആഗോള സമ്പദ്ഘടന മെല്ലെ കരകയറിവരുന്ന സാഹചര്യത്തില്‍. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍, തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലാണ് ആഭ്യന്തര വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂലികളായ വിമതര്‍ നിയന്ത്രണം പിടിച്ചെടുത്ത രണ്ട് പ്രവിശ്യകളേയും സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കുന്നുവെന്ന പ്രസിഡന്റ് പുടിന്റെ പ്രസ്താവനയാണ് വിപണികള്‍ക്ക് തിരിച്ചടിയായത്. റഷ്യയുടെ ഈ നീക്കം മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിലാണ് വിപണികളിലെ തിരിച്ചടി. ഫെബ്രുവരി 16 മുതല്‍ തുടങ്ങിയ രണ്ടാംഘട്ട സംഘര്‍ഷത്തിന് ശേഷം വിപണിയില്‍ നേരിടുന്ന തിരിച്ചടിയില്‍ 9 ലക്ഷം കോടിയിലേറെ രൂപയാണ് നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടത്.
അതേസമയം, കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം ഇന്ത്യക്കും തിരിച്ചടിയാണ്. പ്രധാനമായും ഉഭയകക്ഷി വ്യാപാരത്തിലാണ് പ്രതിസന്ധി നേരിടേണ്ടി വരിക. ഏഷ്യ- പസിഫിക് മേഖലയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് ഉക്രൈന്‍. കൂടാതെ ആകെ കയറ്റുമതിയുടെ അടിസ്ഥാനത്തിലും ഉക്രൈന്‍ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വിപണിയാണ്. പ്രധാനമായും കെമിക്കല്‍ സംയുക്തങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍, പ്ലാസ്റ്റിക്‌സ് തുടങ്ങിയവയാണ് ഉക്രൈനിലേക്ക് കയറ്റുമതി ചെയ്യുന്നത്.
നിലവില്‍ ഇന്ത്യയും ഉക്രൈനും തമ്മിലുള്ള വ്യാപാരം 252 കോടി യുഎസ് ഡോളറാണ്. 2015-16 കാലഘട്ടത്തില്‍ നിന്നും കയറ്റുമതിയില്‍ 79 ശതമാനം വളര്‍ച്ച ഇതിനോടകം കൈവരിച്ചിട്ടുണ്ട്. അതേസമയം, ഉക്രൈനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇതേ കാലയളവില്‍ 17 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. സണ്‍ഫ്‌ലവര്‍ ഓയിലാണ് കൂടുതലും ഇറക്കുമതി ചെയ്യുന്നത്.
ഉക്രൈനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ ഭൂരിഭാഗവും മരുന്നുകളാണ്. ഉക്രൈനിലേക്ക് മരുന്നു കയറ്റുമതി ചെയ്യുന്നവരില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ ഫാര്‍മ കമ്പനികളായ റാന്‍ബാക്‌സി, ഡോ. റെഡ്ഡീസ് ലാബോറട്ടറീസ്, സണ്‍ ഗ്രൂപ്പ് എന്നിവയ്ക്ക് ഉക്രൈനില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ ഫാര്‍മ കമ്പനികളുടെ ബിസിനസ് പ്രതിനിധികള്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ (IPMA) എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം കാരണം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് സമ്മര്‍ദമേറ്റുന്ന ഘടകമാണ്. ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. നിലവില്‍ രാജ്യത്തിന്റെ ആവശ്യകതയില്‍ 80- 85 ശതമാനം അസംസ്‌കൃത എണ്ണയും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതിനാല്‍ എണ്ണവില ഉയരുന്നത് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കും. കൂടാതെ ആഭ്യന്തര വിപണിയില്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉരുത്തിരിയും.
ഇങ്ങനെ ഇന്ധന വില വര്‍ധിപ്പിക്കേണ്ടി വന്നാല്‍ നിലവില്‍ റിസര്‍വ് ബാങ്കിന്റെ അനുവദനീയ ഉയര്‍ന്ന പരിധിയിലെത്തി നില്‍ക്കുന്ന പണപ്പെരുപ്പത്തെ വീണ്ടും ഉയര്‍ത്തിവിടാം. അങ്ങനെ വന്നാല്‍ ഉദാര ധനനയം ഉപേക്ഷിക്കാനും അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനും റിസര്‍വ് ബാങ്കും നിര്‍ബന്ധിതരാകും. പലിശ നിരക്ക് ഉയര്‍ത്തുന്നതിനെ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി വരുന്ന സമ്പദ്ഘടനയുടെ വളര്‍ച്ചാ വേഗത്തെ ബാധിക്കുന്നതിലേക്കും നയിച്ചേക്കാം.
അതേസമയം, നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങളും റഷ്യ- ഉക്രൈന്‍ സംഘര്‍ഷം കാരണം തടസപ്പെടാം. മരുന്നുകള്‍, മരുന്ന് നിര്‍മാണ രാസസംയുക്തങ്ങള്‍, റിയാക്ടേര്‍സ്/ ബോയിലര്‍ മെഷീനറി, മെക്കാനിക്കല്‍ ഉപകരണങ്ങള്‍, എണ്ണക്കുരു, കോഫി, ഫലവര്‍ഗങ്ങള്‍, തേയില, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയാണ് യൂറോപ്യന്‍ വിപണിയിലേക്ക് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. കൂടാതെ ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍, ഭാരത് ഫോര്‍ജ്, മതേര്‍സണ്‍ സുമി സിസ്റ്റംസ് തുടങ്ങിയ പോലെ നിരവധി ഇന്ത്യന്‍ കമ്പനികളുടെ ഗണ്യമായ വരുമാനവും സംഭാവന ചെയ്യുന്നത് യൂറോപ്യന്‍ വിപണികളാണ്.


Click it and Unblock the Notifications