സമീപകാല തിരിച്ചടിയില്‍ നിന്നുള്ള നഷ്ടം പ്രധാന സൂചികകള്‍ നികത്തിക്കഴിഞ്ഞു. സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 5 ശതമാനത്തോളം മാത്രം അകലെയാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ആകര്‍ഷകമായ നിലവാരത്തിലേക്ക് വന്ന തെരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. സമാനമായി ഏറെക്കാലം പ്രതിരോധത്തില്‍ നിന്നിരുന്ന ലാര്‍ജ് കാപ് ഓഹരിയായ ബന്ധന്‍ ബാങ്കും തിരിച്ചു വരവിനുള്ള ചില ലക്ഷണങ്ങള്‍ കാണിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ലേഖനം.
ബന്ധന്‍ ബാങ്ക്
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി ലാഭേച്ഛയില്ലാതെ ചെറുകിട വായ്പകള്‍ നല്‍കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനമായി 2001-ലാണ് തുടക്കം. 2006-ല്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിന്റെ ലൈസന്‍സ് നേടി. 2010-ല്‍ രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമായി വളര്‍ന്നു. തുടര്‍ന്ന് 2015-ലാണ് പൂര്‍ണതോതിലുള്ള ബാങ്കിംഗ് ലൈസന്‍സ് ലഭിച്ചത്. ഇന്ന് രാജ്യമെമ്പാടും 5,600-ലേറെ ശാഖകളും 2..5 കോടിയിലേറെ ഉപഭോക്താക്കളും ഉള്ള വമ്പന്‍ ധനകാര്യ സ്ഥാപനമായി വളര്‍ന്നു. കൊല്‍ക്കത്തയാണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ നിലവിലെ വിപണി മൂലധനം 51,000 കോടി രൂപയാണ്.
ശ്രദ്ധേയ ഘടകം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ബന്ധന്‍ ബാങ്ക് (BSE: 541153, NSE: BANDHANBNK) നല്‍കിയ ലോണുകളും ഹ്രസ്വകാല വായ്പകളും 1 ലക്ഷം കോടി കവിഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ വായ്പകളില്‍ 16 ശതമാനം വളര്‍ച്ചയും നിക്ഷേപത്തില്‍ 24 ശതമാനം വര്‍ധനയും കൈവരിച്ചു. വായ്പകളിലെ വൈവിധ്യവത്കരണവും നിഷ്‌ക്രിയ ആസ്തികള്‍ക്കുള്ള കരുതല്‍ധനം ശേഖരിച്ചതും ബാങ്കിനെ മുന്നോട്ട് കുതിക്കാന്‍ പ്രാപ്തമാക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇതോടെ നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിക്ക്് നല്‍കിയിരുന്ന റേറ്റിങ്ങും ലക്ഷ്യവിലയും പുനര്‍നിശ്ചയിച്ചിട്ടുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ബന്ധന്‍ ബാങ്കിന്റെ വരുമാനം 3 മടങ്ങിലധികം വര്‍ധിച്ചിരുന്നു. എന്നാല്‍ അവസാന 5 സാമ്പത്തിക പാദങ്ങളിലും വരുമാനത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാക്കാന്‍ ബാങ്കിന് സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 2,124 കോടി രൂപയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 2.56 ശതമാനം വര്‍ധനയാണ. അതേസമയം, മൂന്നാം പാദത്തിലെ അറ്റാദായം 859 കോടയിലേക്ക് ഉയര്‍ന്നു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനത്തോളം വര്‍ധനയാണ്. സമാനമായി പ്രതിയോഹരി വരുമാനവും 3.93-ല്‍ നിന്നും 5.33-ലേക്ക് മെച്ചപ്പെട്ടു.
ഓഹരി വിശദാംശം
ബന്ധന്‍ ബാങ്കിന്റെ ഓഹരികളില്‍ 40 ശതമാനത്തോളവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 34.6 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.93 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഡിസംബര്‍ പാദത്തില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിയോഹരി ബുക്ക് വാല്യൂ 108.07 രൂപയും ഡിവിഡന്റ് യീല്‍ഡ് 0.32 ശതമാനമാണ്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 364.80 രൂപയും കുറഞ്ഞ വില 229.55 രൂപയുമാണ് രേഖപ്പെടുത്തിയത്.
ലക്ഷ്യവില 370- 450
ബുധനാഴ്ച രാവിലെ 315 രൂപയിലാണ് ബന്ധന്‍ ബാങ്ക് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 380 രൂപയാണ് ഈ ഓഹരിക്ക് സമീപ കാലയളവിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില. എഡല്‍വീസ് ബ്രോക്കിങ് 370 രൂപയാണ് ഓഹരിക്ക് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം പ്രമുഖ വിപണി വിദഗ്ധന്‍ നൂറേഷ് മേറാനി, 330 രൂപ നിലവാരത്തിലെ പ്രതിരോധക്കടമ്പ ഭേദിക്കാനായാല്‍ ഓഹരിക്ക് 400 മുതല്‍ 450 രൂപ നിലവാരത്തിലേക്ക് കുതിക്കാനാകുമെന്നാണ് സൂചിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications