കമ്പനി സാമ്പത്തികമായി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (Bonus Issue). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. അടുത്തയാഴ്ച ബോണസ് ഓഹരി നല്‍കുന്ന ഒരു മൈക്രോ കാപ് കമ്പനിയുടെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
ഗ്രീന്‍ടെക്‌സ് കോര്‍പറേറ്റ്
ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് ഗ്രീന്‍ടെക്‌സ് കോര്‍പറേറ്റ് സര്‍വീസസ് ലിമിറ്റഡ്. 2008-ലാണ് തുടക്കം. മെര്‍ച്ചന്റ് ബാങ്കിംഗ് സേവനങ്ങളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഏഞ്ചല്‍ ഫണ്ടിങ്, വെഞ്ച്വര്‍ കാപിറ്റല്‍, പ്രൈവറ്റ് ഇക്വിറ്റി, ഐപിഒ മൂല്യനിര്‍ണയം, ക്യൂഐപി, റൈറ്റ് ഇഷ്യൂ, വായ്പ തരപ്പെടുത്തുക, കമ്പനിയെ ഏറ്റെടുക്കലും ലയനവും പോലെ വാണിജ്യ, വ്യവസായ കമ്പനികള്‍ക്ക് ആവശ്യമായ ധനകാര്യ നിര്‍വഹണ സേവനങ്ങളാണ് ഗ്രീന്‍ടെക്‌സ് കോര്‍പറേറ്റ് വാഗ്ദാനം ചെയ്യുന്നത്. 2021 ഓഗസ്റ്റിലായിരുന്നു ഓഹരി ലിസ്റ്റ് ചെയ്തത്.
ഗ്രീന്‍ടെക്‌സ് കോര്‍പറേറ്റ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം 65 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 107 രൂപ നിരക്കിലാണുള്ളത്. കമ്പനിയുടെ ആകെ ഓഹരികളില്‍ 73.48 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 26.52 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗ്രീന്‍ടെക്‌സ് കോര്‍പറേറ്റ് കമ്പനി നേടിയ വരുമാനം 4 കോടിയും അറ്റാദായം 1 കോടി രൂപയുമാണ്.
അതേസമയം ചൊവ്വാഴ്ച രാവിലെ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ 573 രൂപയിലാണ് ഓഹരി നില്‍ക്കുന്നത്. 52 ആഴ്ച കാലയളവില്‍ ഗ്രീന്‍ടെക്‌സ് കോര്‍പറേറ്റ് ഓഹരിയുടെ ഉയര്‍ന്ന വില 607 രൂപയും താഴ്ന്ന വില 160 രൂപയുമാണ്. കഴിഞ്ഞ 1 മാസത്തിനിടെ ഈ മൈക്രോ കാപ് ഓഹരി 109 ശതമാനം നേട്ടം സ്വന്തമാക്കി. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 185 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
അതേസമയം ഗ്രീന്‍ടെക്‌സ് കോര്‍പറേറ്റ് ഓഹരി 5, 10, 20, 50, 100 ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
ബോണസ് ഓഹരി 8:1
കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രീന്‍ടെക്‌സ് കോര്‍പറേറ്റ് സര്‍വീസസിന്റെ (BSE : 543324) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ബോണസ് ഓഹരി നല്‍കുന്ന തീരുമാനമെടുത്തത്. ഇതുപ്രകാരം 8:1 എന്ന അനുപാതത്തിലാവും ബോണസ് ഷെയര്‍ നല്‍കുക. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി 8 ഓഹരി വീതം ലഭിക്കുമെന്ന് സാരം. ഇതിനുള്ള റെക്കോഡ് തീയതി ഒക്ടോബര്‍ 11-ന് നിശ്ചയിച്ചുവെന്നും കമ്പനി നേതൃത്വം അറിയിച്ചു.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
നിയമത്തിലെ മാറ്റം
ഇക്കഴിഞ്ഞ പൊതുബജറ്റില്‍ 'ബോണസ് സ്ട്രിപ്പിങ്' പ്രവണത തടയുന്നതിനായി ആദായ നികുതിയിലെ ചട്ടം 94 (8) ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിയമം 2023 ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകുമെന്നും അറിയിച്ചിട്ടുണ്ട്. പുതിയ നിയമ ഭേദഗതി പ്രകാരം, കൈവശം വെച്ചിരിക്കുന്ന യഥാര്‍ത്ഥ ഓഹരികള്‍, ബോണസ് ഓഹരി ലഭിച്ചതിനു ശേഷവും നിശ്ചിത കാലാവധിയില്‍ കൂടി നിലനിര്‍ത്തിയാല്‍ മാത്രമേ നികുതി കിഴിവിനായി അപേക്ഷിക്കാനാകൂ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications