A Oneindia Venture

പേരാൽ ചുവട്ടില്‍ നിന്നും വിരല്‍ത്തുമ്പിലേക്ക്; രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രം

ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്‌ക് മറുവശത്തുണ്ടാകും. എന്നാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ താരതമ്യേന ഉയര്‍ന്ന നേട്ടം ലഭിക്കുന്ന നിക്ഷേപ വഴികളിലൊന്നാണ് ഓഹരികള്‍. അതായത്, അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് സാരം.

ഓഹരി വിപണി

കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചടിയേറ്റ് വിപണി നിലം പൊത്തിയപ്പോള്‍ പുതിയതായി അനവധി പേരാണ് ഓഹരി വിപണിയിലേക്ക് കടന്നു വന്നത്. ഓഹരി വിപണിയുടെ അനന്ത സാധ്യതകളെ കുറിച്ചുള്ള അറിവുകളും ട്രേഡിങ്ങിനെ കുറിച്ച് സൗജന്യമായും വേഗത്തിലും പഠിക്കാനുള്ള അവസരങ്ങളും സാങ്കേതിക വിദ്യയുടെ ആശീര്‍വാദത്തോടെ എളുപ്പത്തില്‍ വ്യാപാരം നടത്താം എന്നതുമൊക്കെ പുത്തന്‍ നിക്ഷേപകരുടെ പ്രവാഹത്തിന് കാരണമായി ഭവിച്ചു. രാജ്യം സ്വാതന്ത്രമായതിന്റെ 75-ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയിലെ ഓഹരി വിപണിയുടെ ചരിത്രത്തിലെ പ്രസക്തമായ ഏടുകളാണ് ചുവടെ ചേര്‍ക്കുന്നു.

എളിയ തുടക്കം

എളിയ തുടക്കം

ഇന്ത്യയിലെ ഓഹരി വ്യാപാരത്തിന്റെ വേരുകള്‍ കിടക്കുന്നത് 18-ആം നൂറ്റാണ്ടിലാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി വായ്പാ പ്രമാണപ്പത്രങ്ങളുടെ വ്യാപാരം അക്കാലത്ത് തുടങ്ങിയിരുന്നു. പിന്നീട് ബാങ്കുകളുടേയും പരുത്തുത്തുണി കമ്പനികളുടേയും കോര്‍പറേറ്റ് ഓഹരികളുടെ വ്യാപാരം 1830-കളോടെ മുംബൈ കേന്ദ്രീകരിച്ച് ആരംഭിച്ചു. തുടര്‍ന്ന് 1850-കളോടെ രാജ്യത്ത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളും അനൗദ്യോഗികമായി പ്രവര്‍ത്തിച്ചു തുടങ്ങി. ബോംബെ ടൗണ്‍ ഹാളിന് എതിര്‍ വശത്തുള്ള അരയാല്‍ മരത്തിന്‍ ചുവട്ടില്‍ 22 ഓഹരി ദല്ലാളുമാര്‍ ഒത്തുചേര്‍ന്നാണ് ഇതിനു തുടക്കമിട്ടത്.

കോര്‍പറേറ്റ്

കോര്‍പറേറ്റ് പ്രമാണപ്പത്രങ്ങളില്‍ നിക്ഷേപക താത്പര്യം വര്‍ധിച്ചതോടെ 1850-ല്‍ കമ്പനി നിയമം അവതരിപ്പിക്കപ്പെട്ടു. ഇതേകാലയളവില്‍ തന്നെ 'നിയന്ത്രിത ബാധ്യത' (Limited Laibility) എന്ന ആശയവും പ്രചാരം നേടിത്തുടങ്ങി. ഇതോടെ ഓഹരി ദല്ലാളന്മാരുടെ എണ്ണവും വര്‍ധിച്ചു. പിന്നാലെ ഒത്തുചേരേണ്ട സ്ഥലവും അടിക്കടി മാറ്റേണ്ടിവന്നു. ഒടുവില്‍ 1874-ഓടെയാണ് ഒരു സ്ഥിരം വേദി നിശ്ചയിക്കപ്പെടുന്നത്. അതാണ് ഇന്നു അറിയപ്പെടുന്ന ദലാല്‍ സ്ട്രീറ്റ് ആയി പരിണമിച്ചത്. അവിടെ ഒത്തുചേര്‍ന്നിരുന്ന ഓഹരി ദല്ലാളന്മാരുടെ അനൗദ്യോഗിക കൂട്ടായ്മ മുന്‍കൈയെടുത്ത് 1875-ല്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് രൂപം നല്‍കി.

അതോടെ ഏഷ്യയിലെ ആദ്യത്തെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും പിറവിയെടുത്തു. 1956-ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് റെഗുലേഷന്‍ ആക്ട് പ്രകാരം ആദ്യം സ്ഥിരം അംഗീകാരം നേടിയ സ്ഥാപനവുമാണിത്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചു

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ നിര

ബിഎസ്ഇ രൂപീകൃതമായതിന് ശേഷം 1894-ഓടെ അഹമ്മദാബാദ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് തുടക്കമിട്ടു. ഇത് ടെക്‌സ്റ്റൈല്‍ മില്ലുകളുടെ ഓഹരി വ്യാപാരത്തിന് വേണ്ടിയായിരുന്നു. വന്‍കിട തോട്ടങ്ങളുടേയും ചണം ഉത്പാദിപ്പിക്കുന്ന മില്ലുകളുടെ ഓഹരി വ്യാപാരത്തിനും വേണ്ടി 1908-ല്‍ കല്‍ക്കട്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ചും രൂപീകൃതമായി. പിന്നാലെ 1920-ഓടെ മദ്രാസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും പ്രവര്‍ത്തനം ആരംഭിച്ചു.

സ്വാതന്ത്ര്യാനന്തരം

സ്വാതന്ത്ര്യാനന്തരം

രാജ്യം സ്വതന്ത്രമായ ആദ്യ ഘട്ടങ്ങളില്‍ ബിഎസ്ഇ തന്നെയാണ് വ്യാപാരക്കണക്കില്‍ മുന്നില്‍ നിന്നിരുന്നത്. പക്ഷേ ഇടപാടുകളിലെ സുതാര്യതയില്ലായ്മയും വിശ്വാസമര്‍പ്പിക്കാനാവാത്ത ക്ലിയറിങ്, സെറ്റില്‍മെന്റ് സംവിധാനങ്ങളും വിപണിക്ക് ഔദ്യോഗിക നിയന്ത്രണ ഏജന്‍സി വേണ്ടുന്നതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടി. ഇതിനിടെ 1986-ലാണ് സെന്‍സെറ്റീവ് ഇന്‍ഡക്‌സ് അഥവാ സെന്‍സെക്‌സ് എന്ന അടിസ്ഥാന സൂചിക ആരംഭിച്ചത്. 1989-ഓടെ ബിഎസ്ഇ നാഷണല്‍ ഇന്‍ഡക്‌സും രൂപീകരിച്ചു.

എന്‍എസ്ഇ

അതേസമയം 1988-ല്‍ നിയമപരമായ അംഗീകാരമില്ലാതെ സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി- SEBI) തുടക്കമിട്ടു. പിന്നീട് 1992 ജനുവരി 30-ന് സെബി ആക്ട് പാസാക്കിയതോടെയാണ് സെബിക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നത്. ഇതിനു ശേഷം 1994-ലാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അഥവാ എന്‍എസ്ഇ രൂപീകരിക്കുന്നത്. ഓഹരി ഇടപാടുകളിലെ സുതാര്യത ഉയര്‍ത്തിപ്പിടിച്ചായിരുന്നു എന്‍എസ്ഇയുടെ രംഗപ്രവേശം. ഇതോടെ ബിഎസ്ഇയ്ക്ക് ഒത്ത എതിരാളി ജനിക്കുകയായിരുന്നു.

ഡെറ്റ് മാര്‍ക്കറ്റ്

എന്‍എസ്ഇയുടെ ഹോള്‍സെയില്‍ ഡെറ്റ് മാര്‍ക്കറ്റ് (WDM) വിഭാഗവും ഓഹരി വിഭാഗവും 1994-ല്‍ ആരംഭിച്ചു. 2000-ഓടെ ഓഹരികളിലെ അവധി വ്യാപാരത്തിനും (Derivatives Segment) എന്‍എസ്ഇയില്‍ തുടക്കമിട്ടു. ഇതിനിടെ 1995-ഓടെ ബിഎസ്ഇയും ഓപ്പണ്‍-ഫ്‌ലോര്‍ സംവിധാനത്തില്‍ നിന്നും ഇലക്ട്രോണിക് ട്രേഡിങ് സംവിധാനത്തിലേക്ക് ചുവടുമാറ്റി. അതേസമയം കമ്മോഡിറ്റി വിപണിയെ ശക്തിപ്പെടുത്താനും ആഭ്യന്തര, വിദേശ വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും പുതിയ സേവനങ്ങള്‍ ആരംഭിക്കുകയെന്ന ഉദ്ദേശ്യത്തോടെ 2015-ല്‍ ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് കമ്മീഷനെ (FMC) സെബിയില്‍ ലയിപ്പിച്ചു.

ബിഎസ്ഇ

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ബിഎസ്ഇയെ കൂടാതെ 23 സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പലവിധ നിയന്ത്രണങ്ങളാല്‍ ഇന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ എണ്ണം 7 ആയി ചുരുങ്ങി. ഇതില്‍ ബിഎസ്ഇയും എന്‍എസ്ഇയും കൂടാതെയുള്ള 5 അംഗീകൃത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ താഴെ ചേര്‍ക്കുന്നു.

  • കല്‍ക്കട്ട സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്
  • മഗധ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്
  • മെട്രോപൊളീറ്റന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ
  • ഇന്ത്യ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് (ഇന്ത്യ ഐഎന്‍എക്‌സ്)
  • എന്‍എസ്ഇ ഐഎഫ്എസ്‌സി ലിമിറ്റഡ്
ഇപ്പോള്‍ എങ്ങനെ

ഇപ്പോള്‍ എങ്ങനെ

  • നിലവില്‍ ലോകത്തെ 11-ആമത്തെ ഏറ്റവും വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായി ബിഎസ്ഇ വളര്‍ന്നു. വിപണി മൂല്യം ഏകദേശം 1.7 ലക്ഷം കോടി ഡോളര്‍ ആണ് (1.7 ട്രില്യണ്‍ ഡോളര്‍)
  • എന്‍എസ്ഇയുടെ വിപണിമൂല്യം 1.65 ലക്ഷം കോടി ഡോളര്‍ ആണ് (1.65 ട്രില്യണ്‍ ഡോളര്‍)
  • ബിഎസ്ഇയുടെ അടിസ്ഥാന സൂചിക 'സെന്‍സെക്‌സ്' എന്നും എന്‍എസ്ഇയുടെ അടിസ്ഥാന സൂചിക 'നിഫ്റ്റി50' എന്നും അറിയപ്പെടുന്നു.
  • ഓഹരി വ്യാപാര ഇടപാടുകളുടെ എണ്ണത്തില്‍ പ്രധാന എക്‌സ്‌ചേഞ്ചുകള്‍ ഏറെക്കുറെ തുല്യനിലയിലാണ്.
  • ഇപ്പോള്‍ ഓണ്‍ലൈന്‍ മുഖേന ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനും വീടുകളില്‍ ഇരുന്നുകൊണ്ടു തന്നെ വ്യാപാരം നടത്താനും സാധിക്കും. ഇതുസംബന്ധിച്ച എല്ലാ അറിയിപ്പുകളും തത്സമയം ലഭിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X