കോവിഡ് പ്രതിസന്ധിയില്‍ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീടുള്ള ഇന്ത്യന്‍ ഓഹരി വിപണിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സമാനതകളില്ലാത്തതായിരുന്നു. വിപണിയില്‍ റെക്കോഡ് ഉയരങ്ങള്‍ കീഴടക്കിയ ആ കുതിപ്പിന് പിന്നില്‍ റീട്ടെയില്‍ നിക്ഷേപകരുടെ കടന്നുവരവായിരുന്നു പിന്‍ബലമേകിയത്. അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പോലും മനസിലാക്കാതെ ഓഹരി വിപണിയിലേക്ക് കടന്നുവന്ന നവാഗതര്‍ ഏറെയുണ്ട്. വിപണിയില്‍ വിജയം വരിക്കാന്‍ ചില കാര്യങ്ങള്‍ നിരന്തരാഭ്യാസം നടത്തേണ്ടതുണ്ട്. വിപണി തിരുത്തലിന്റെ പാതയിലേക്ക് കടന്ന വേളയില്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട 50 സാങ്കേതിക പദാവലി ചുവടെ ചേര്‍ക്കുന്നു.

ഏജന്റ്- ഉപഭോക്താവിനു വേണ്ടി ഇടനിലക്കാരായി പ്രവര്‍ത്തിച്ച് നിര്‍ദേശിച്ച ഓഹരിയില്‍ വാങ്ങലും വില്‍പനയും നടത്തുന്ന ബ്രോക്കറേജ് സ്ഥാപനങ്ങള്‍. ഇടപാടുകള്‍ പൂര്‍ണമായി നടത്തുമ്പോഴും ഇവര്‍ ഒരു ഘട്ടത്തിലും ഓഹരി അവകാശപ്പെടുത്താറില്ല.
ആസ്‌ക്/ ഓഫര്‍- ഒരു ഓഹരിയുടമ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഏറ്റവും താഴ്ന്ന വില.
അസറ്റ്‌സ്- കമ്പനിയുടെ പേരിലുള്ള എല്ലാ ആസ്ഥികളും. ഭൂമി, വരുമാനം, സാങ്കേതികവിദ്യ, ബ്രാന്‍ഡ് എന്നിങ്ങനെ കമ്പനിയുടെ എല്ലാ സമ്പാദ്യങ്ങളും.
അറ്റ് ദി മണി- ഡെറിവേറ്റീവ് വിഭാഗത്തിലെ ഓപ്ഷനുകളുടെ വിലയും അവ അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയുടെയോ സൂചികയുടെ വിലയും ഒരേ നിലവാരത്തിലേക്ക് വരുന്നഘട്ടം.

ബെയര്‍ മാര്‍ക്കറ്റ്- തുടര്‍ച്ചയായി വില ഇടിയുന്ന വിപണിയിലെ ഘട്ടം. സമീപകാല ഉയരത്തില്‍ നിന്നും വില 20 ശതമാനത്തിലധികം തിരുത്തല്‍ നേരിടുമ്പോള്‍ ബെയര്‍ മാര്‍ക്കറ്റ് പരിധിയില്‍ വന്നതായി കണക്കാക്കപ്പെടുന്നു.
ബീറ്റ- വിപണിയുടെ നീക്കവും ഓഹരി വിലയുടെ പ്രതിഫലനവും തമ്മിലുള്ള അനുപാതം.
ബിഡ്- വാങ്ങാനുദ്ദേശിക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്ന ഉയര്‍ന്ന വില. ആസ്‌ക്/ ഓഫര്‍ എന്നിവയുടെ നേര്‍ വിപരീതം.

ബ്ലൂചിപ് ഓഹരി- മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും വൈവിധ്യവത്കരിക്കപ്പെട്ടതും സാമ്പത്തികാടിത്തറയുമുള്ള വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ വിശേഷണം. ക്രമാനുഗതമായി കമ്പനി വളരുന്നതിനൊപ്പം പതിറ്റാണ്ടുകളായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ശീലവും പ്രകടമായിരിക്കും. ഇത്തരം കമ്പനികളുടെ വിപണി മൂല്യവും ശതകോടികളാണ്.
ബോര്‍ഡ് ലോട്ട്- ഓഹരിയുടെ വിലയ്ക്കനുസൃതമായി ഓരോ എക്‌സ്‌ചേഞ്ച് ബോര്‍ഡും നിശ്ചയിക്കുന്ന പ്രമാണീകരിച്ച ഓഹരി ഗുണിതങ്ങളാണിവ. സാധാരണ ഗതിയില്‍ 50, 100, 500, 1000 എന്നിങ്ങനെയായിരിക്കും ഓഹരിക്കൂട്ടം.
ബോണ്ട്- സ്വകാര്യ കമ്പനികളോ സര്‍ക്കാരുകളോ കടം വാങ്ങുന്ന പണത്തിന് പകരമായി നല്‍കുന്ന സത്യപ്രസ്താവന. ഭാവിയില്‍ പണം തിരികെ നല്‍കുന്ന സമയവും പലിശയും ഇത്തരം കടപ്പത്രത്തില്‍ വ്യക്തമാക്കും.

ബുക്ക്- ഓഹരിയില്‍ പൂര്‍ത്തിയാകാതെ ബാക്കി നിലനില്‍ക്കുന്ന ഓര്‍ഡറുകളുടെ ഇലക്ട്രോണിക് വിവരം.
ബ്രോക്കര്‍/ ബ്രോക്കറേജ് സ്ഥാപനങ്ങള്‍- ഓഹരി ഇടപാടുകള്‍ നടത്തിക്കൊടുക്കുന്ന അംഗികൃത ഇടനിലക്കാരാണ്. ഇടപാടിന്റെ ഒരു ഘട്ടത്തിലും ഉപഭോക്താവിന്റെ ഓഹരിയില്‍ അവകാശമുണ്ടായിരിക്കില്ല.
ബുള്‍ മാര്‍ക്കറ്റ്- വില തുടര്‍ച്ചയായി മുന്നേറുന്ന വിപണിയിലെ ഘട്ടം.
ബിസിനസ് ഡേയ്‌സ്- പൊതു അവധിയൊഴികെ വ്യാപാരം നടക്കുന്ന തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങള്‍.
കോള്‍ ഓപ്ഷന്‍- നിശ്ചയിക്കപ്പെട്ട സമയത്ത് നിര്‍ദിഷ്ട വിലയില്‍ പ്രത്യേക ഓഹരി ഭാവിയില്‍ വാങ്ങുന്നതിനുള്ള ഉപകരണമാണിത്.
Also Read: എന്തുകൊണ്ടാണ് ബാങ്ക് മോഷണങ്ങളെ ഗോദ്റേജ് ഗ്രൂപ്പ് ഇഷ്ടപ്പെടുന്നത്?

ക്ലോസ് പ്രൈസ്- വ്യാപാരം അവസാനിപ്പിക്കുന്ന സമയത്തെ ഓഹരി വില
കമ്മോഡിറ്റീസ്- വ്യാപാരച്ചരക്കുകള്‍/ ക്രയവസ്തുക്കള്‍. പ്രകൃതിദത്ത/ കാര്‍ഷിക ഉത്പന്നങ്ങള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു.
കണ്‍വേര്‍ട്ടബിള്‍ സെക്യൂരിറ്റീസ്- നിശ്ചയിക്കപ്പെട്ട സമയത്ത് കടം വാങ്ങിയ സ്ഥാപനത്തിന്റെ തന്നെ ഓഹരികളിലേക്കോ, ബോണ്ടുകളിലേക്കോ പരസ്പരം മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങള്‍/ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍.
ഡിബഞ്ചര്‍- ഭൗതിക വസ്തുക്കളാലോ അല്ലെങ്കില്‍ മറ്റ് ജാമ്യവസ്തുക്കളാലോ ബന്ധിപ്പിക്കപ്പെട്ടിട്ടില്ലാത്ത കടപ്പത്രങ്ങള്‍. ഇവിടെ കടം വാങ്ങുന്ന സ്ഥാപനത്തിന്റെ വിശ്വസ്തയും പാരമ്പര്യവും മാത്രമാണ് അടിസ്ഥാനം.

ഡിഫന്‍സീവ് സ്‌റ്റോക്ക്- വിപണിയില്‍ സാമ്പത്തിക വെല്ലുവിളിയോ തിരിച്ചടിയോ നേരിടുന്ന ഘട്ടത്തിലും മുടങ്ങാതെ മാറ്റമില്ലാത്ത നിരക്കില്‍ തന്നെ ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍.
ഡെല്‍റ്റ- അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയുടെ വിലയിലെ നീക്കവും ഡെറിവേറ്റീവ് കോണ്‍ട്രാക്ടിലെ വിലയുടെ നീക്കവും തമ്മിലുള്ള അനുപാതം. ഹെഡ്ജ് റേഷ്യോ എന്നും വിശേഷിപ്പിക്കാറുണ്ട്. 0 മുതല്‍ 1 വരെയാണ് പരിധി.
ഡെറിവേറ്റീവ്‌സ്- അടിസ്ഥാനമാക്കപ്പെട്ട അസറ്റില്‍ നിന്നും വ്യുല്‍പാദിക്കുന്ന ഉഭയസമ്മത പ്രകാരമുള്ള വിലയാണ്. ഓഹരി, പലിശ, ബോണ്ട്, കമ്മോഡിറ്റി, വിപണി സൂചികയൊക്കെ അടിസ്ഥാനമാക്കി നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകള്‍ രൂപപ്പെടുത്താം.

ഡൈവേഴ്‌സിഫിക്കേഷന്‍- നിക്ഷേപത്തിന്മേലുള്ള റിസ്‌ക് കുറയ്ക്കുന്നതിനായി മറ്റ് വിഭാഗങ്ങളിലുള്ള കമ്പനികളോ അസറ്റുകളോ വാങ്ങുന്ന നിക്ഷേപ വൈവിധ്യവത്കരണം.
ഡിവിഡന്റ്- ലാഭവിഹിതം. ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലോ നിശ്ചിത തുകയായോ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിക്കും.
ഇക്വിറ്റി- കമ്പനിയുടെ ഉടമസ്ഥാവകാശമുള്ള ഓഹരികള്‍
ഫേസ് വാല്യൂ- സെക്യൂരിറ്റീസ് അനുവദിക്കുന്ന കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന മൂല്യം അഥവാ അറ്റമൂല്യം. പാര്‍ വാല്യൂ എന്നും വിശേഷിപ്പാക്കാറുണ്ട്.
ഹെഡ്ജ്- വിലയുടെ ചാഞ്ചാട്ടം കാരണമുള്ള റിസ്‌ക് ലഘൂകരിക്കാനുള്ള ശ്രമം.

ഇന്‍കം സ്റ്റോക്ക്- താരതമ്യേന ഉയര്‍ന്ന തോതില്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരി/ സെക്യൂരിറ്റീസ്.
ഇന്‍ഡക്‌സ്- സാമ്പത്തിക/ ഓഹരി വിപണിയുടെ മാറ്റത്തിന്റെ തോത് വെളിവാക്കുന്ന സ്ഥിതിവിവരകണക്കിന്റെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള അളവുകോല്‍.
ഐപിഒ- ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ അഥവാ പ്രാഥമിക ഓഹരി വില്‍പന.
ഇന്റര്‍നെറ്റ് ട്രേഡിങ്- ബ്രോക്കര്‍മാര്‍ സജ്ജീകരിച്ച സംവിധാനത്തില്‍ ഓണ്‍ലൈന്‍ മുഖേനയുള്ള ഓഹരി ഇടപാട്. 2000 ജനുവരിയാണ് സെബി (SEBI), ഇന്റര്‍നെറ്റ് ട്രേഡിങ്ങിന് അനുമതി നല്‍കിയത്.
ലിമിറ്റ് ഓര്‍ഡര്‍- നിശ്ചിത വിലയില്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഉള്ള ഓര്‍ഡര്‍. ഒന്നുകില്‍ നിശ്ചയിക്കപ്പെട്ട വിലയിലോ അല്ലെങ്കില്‍ അതിനേക്കാള്‍ മെച്ചപ്പെട്ട വിലയിലോ മാത്രം ട്രേഡ് നടക്കപ്പെടുകയുള്ളൂ.

മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍- അനുവദിക്കപ്പെട്ട ആകെ ഓഹരികളും അവയുടെ വിപണി വിലയും ഗുണിക്കുമ്പോള്‍ ലഭിക്കുന്ന മൂല്യം.
മ്യൂച്ചല്‍ ഫണ്ട്- പൊതുജനങ്ങളില്‍ നിന്നും സ്വരുക്കൂട്ടിയ സഞ്ചിതനിധി, തുടര്‍ നിക്ഷേപത്തിനായി പ്രൊഫണല്‍ വൈദഗ്ധ്യമുള്ളവര്‍ കൈകാര്യം ചെയ്യുന്ന സംവിധാനം.
ഓഡ് ലോട്ട്- ബോര്‍ഡ് ലോട്ടുകളേക്കാള്‍ കുറവോ കൂടുതലോ ആയ ഓഹരികളുടെ ഗുണിതം. സാധാരണ ഗതിയില്‍ വ്യാപാരം ചെയ്യപ്പെടാന്‍ ബുദ്ധിമുട്ടേറിയതാണ്. എളുപ്പം വിപണിയില്‍ സ്വീകാര്യവുമാവാറില്ല.
വണ്‍ സൈഡഡ് മാര്‍ക്കറ്റ്- ഒരു ദിശയിലേക്ക് വിപണിയെ ചലിപ്പിക്കാവുന്ന വന്‍കിട നിക്ഷേപകര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന ഘട്ടം.
ഔട്ട് ഓഫ് ദി മണി- അടിസ്ഥാനമാക്കപ്പെട്ട ഓഹരിയുടെ വില നിര്‍ദിഷ്ട സ്‌ട്രൈക്ക് പ്രൈസിനേക്കാള്‍ അകലെയായിരിക്കുന്ന അവസ്ഥ.

പോര്‍ട്ട്‌ഫോളിയോ- ഒരേ സമയം കൈകാര്യം ചെയ്യുന്ന വിവിധ വിഭാഗങ്ങളിലുള്ളതും വ്യത്യസ്തവുമായ ഓഹരിക്കൂട്ടം.
പൊസിഷന്‍സ് ലിമിറ്റ്- നിശ്ചിത സമയത്ത് ഒരു നിക്ഷേപകന് കൈവശം വയ്ക്കാവുന്ന ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളുടേയും ഓപ്ഷനുകളുടേയും പരമാവധി എണ്ണം.
പ്രീ ഓപ്പണിങ് സെഷന്‍സ്- സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുളള സമയം. 9 മുതല്‍ 9.15 വരെയുള്ള 15 മിനിറ്റാണ് രാജ്യത്തെ ഓഹരി വിപണികളിലെ പ്രീ ഓപ്പണിങ് സെഷന്‍.
പിഇ റേഷ്യോ- ഓഹരിയുടെ വിലയും കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതം. അതായത് ഏറ്റവുമൊടുവിലെ 12 മാസക്കാലയളവില്‍ രേഖപ്പെടുത്തിയ പ്രതിയോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഓഹരി മൂല്യനിര്‍ണയം.

പുട്ട് ഓപ്ഷന്‍- നിശ്ചയിക്കപ്പെട്ട സമയത്ത് നിര്‍ദിഷ്ട വിലയില്‍ പ്രത്യേക ഓഹരി ഭാവിയില്‍ വില്‍ക്കുന്നതിനുള്ള ഉപകരണമാണിത്.
റിസ്‌ക്- നിക്ഷേപത്തിന്മേല്‍ കണക്കാക്കപ്പെട്ട ആദായത്തില്‍ നിന്നും വേറിട്ട് യാഥാര്‍ത്ഥത്തില്‍ ലഭിക്കാവുന്ന ആദായത്തിനുള്ള സംഭാവ്യതാ സാധ്യത. ആസ്തിയുടെ വിലയുമായി ബന്ധപ്പെട്ട പൂര്‍വകാല ചരിത്രം അപഗ്രഥിച്ച് റിസ്‌ക് കണക്കുക്കൂട്ടാം.
സെക്യൂരിറ്റീസ്- കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളോ ആസ്തിയുടെ ഉടമസ്ഥാവകാശമോ, ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളോ ഒക്കെ ഈ ഗണത്തില്‍ വരുന്നു.
സ്‌ട്രൈക്ക് പ്രൈസ്- ഓപ്ഷന്‍ കൈവശം വെച്ചിരിക്കുന്നവര്‍ ഉടമ്പടി പ്രകാരം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഉള്ള ബാധ്യത നിറവേറ്റപ്പെടേണ്ട പൂര്‍വനിശ്ചിത വിലനിലവാരം.

സ്‌റ്റോക്ക് സ്പ്ലിറ്റ്- ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്ന വിഭജനം. ഓഹരിയുടെ വില വര്‍ധിച്ചത് കാരണം ഇടപാടുകള്‍ കുറയുന്ന സാഹചര്യത്തില്‍ കമ്പനികള്‍ ലിക്വിഡിറ്റി വര്‍ധിപ്പിക്കാനായി ചെയ്യുന്ന ക്രമീകരണം.
തിന്‍ മാര്‍ക്കറ്റ്- വാങ്ങലും വില്‍പനയും താരതമ്യേന കുറഞ്ഞ തോതില്‍ നടക്കുന്ന വിപണിയുടെ ഘട്ടം.
ട്രേഡിങ് സെഷന്‍- ഓഹരി വ്യാപാരം അനുവദിച്ചിരിക്കുന്ന സമയം. രാവിലെ 9.15 മുതല്‍ വൈകുന്നേരം 3.30 വരെയാണ് ട്രേഡിങ് സെഷന്‍.
യീല്‍ഡ്- നിക്ഷേപത്തിന്മേലുള്ള ആദായത്തിന്റെ ശതമാനാടിസ്ഥാനത്തിലുള്ള കണക്ക്.
Also Read: 60% റീട്രേസ്മെന്റ് കഴിഞ്ഞ 5 ഷുഗര് ഓഹരികള്‍; ലാഭം നുണയാന് ഇവയില് ഏത് വാങ്ങണം?

മിക്കപ്പോഴും ഓഹരി വിപണിയിലെ കാര്യക്രമങ്ങളും നടപടികളും പദാവലിയുമൊക്കെ സങ്കീര്‍ണമായി അനുഭവപ്പെടാം. അപഗ്രഥിക്കാന്‍ ബുദ്ധിമുട്ടേറിയതെന്നാണ് ഓഹരി വിപണിയെ കുറിച്ച് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നതും. ചില ആശയങ്ങളും നടപടികളും സങ്കീര്‍ണതയേറിയവ തന്നെയായതിനാല്‍ തുടക്കക്കാര്‍ക്ക് എളുപ്പം ഇവ വഴങ്ങണമെന്നുമില്ല. എങ്കിലും തുടര്‍ച്ചയായ പഠനവും ഉത്സാഹവും കൊണ്ട് ഏത് സാധാരണക്കാരനും ഓഹരി വിപണിയുടെ രസതന്ത്രത്തെ മനസിലാക്കിയെടുക്കാനും കഴിയും. മേല്‍സൂചിപ്പിച്ച ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിങ്ങളുടെ പദസംഗ്രഹത്തെ വിപുലപ്പെടുത്താനും മികച്ചൊരു നിക്ഷേപകനായി മാറാനും സഹായിച്ചേക്കും.