ഇന്നത്തെ വ്യാപാരത്തോടെ 2022 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിക്കും തിരശീല വീഴുകയാണ്. ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച 'ഫസ്റ്റ് ഹാഫി'ല്‍ 9 ശതമാനത്തോളം നഷ്ടമാണ് പ്രധാന സൂചികകള്‍ കുറിച്ചിട്ടത്. എന്നാല്‍ ഓഹരികളില്‍ ബഹുഭൂരിപക്ഷവും ഇതിന്റെ ഇരട്ടിയിലേറെ ആഘാതം നേരിട്ടു. പണപ്പെരുപ്പ ഭീഷണിയും പലിശ നിരക്ക് വര്‍ധനയും കരിനിഴല്‍ വീഴ്ത്തി ആദ്യ പകുതിയാണ് കടന്നു പോകുമ്പോള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകളാണ് 'സെക്കന്‍ഡ് ഹാഫി'നെ കാത്തിരിക്കുന്നത്. 2022-ന്റെ രണ്ടാം പകുതിയില്‍ വിപണിയെ സ്വാധീനിക്കാവുന്ന 5 പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പലിശ നിരക്ക്
ആഗോള തലത്തില്‍ തന്നെ വിപണികള്‍ തിരിച്ചടി നേരിടാനുള്ള പ്രധാന കാരണം പണപ്പെരുപ്പ ഭീഷണി നേരിടുന്നതിനായുള്ള ചടുലവും ഉയര്‍ന്ന തോതിലുമുള്ള വിവിധ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് വര്‍ധനയാണ്. 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പം നേരിടുന്ന അമേരിക്കയില്‍ ഈ വര്‍ഷാവസാനത്തോടെ അടിസ്ഥാന പലിശ നിരക്ക് 3.4 ശതമാനത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തുന്നത്. ചെറിയ രീതിയിലുള്ള തിരിച്ചടി സഹിച്ചും പണപ്പെരുപ്പം പിടിച്ചു കെട്ടണമെന്നാണ് അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ നിലപാട്. അതിനാല്‍ ധനനയം കടുപ്പിച്ചാല്‍ വിപണിക്ക് തിരിച്ചടിയാകും.

പണപ്പെരുപ്പം
അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് 4 പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണ്. സമാനമായി ഇന്ത്യയിലെ നാണ്യപ്പെരുപ്പ നിരക്ക്, റിസര്‍വ് ബാങ്കിന്റെ സ്വാസ്ഥ്യ പരിധിയായ 6 ശതമാനത്തിനും ഏറെ മുകളിലാണ് തുടരുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 3 പാദത്തിലും ഉയര്‍ന്ന പണപ്പെരുപ്പം തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ആഭ്യന്തര/ ആഗോള തലത്തില്‍ പണപ്പെരുപ്പം എങ്ങനെ ഉരുത്തിരിയുമെന്ന് വിപണി വിദഗ്ധരും രണ്ടു തട്ടിലാണ്. എന്നിരുന്നാലും ജിഡിപി നിരക്കുകളും പണപ്പെരുപ്പത്തിന്റെ നീക്കവും സമീപ ഭാവിയിലേക്കുള്ള വിപണിയുടെ നീക്കത്തെ സ്വാധീനിക്കും.

സാമ്പത്തിക മാന്ദ്യം
ഇന്ത്യന്‍ ഓഹരി വിപണിയേക്കാളും അമേരിക്കന്‍ വിപണിയാണ് ഇതിനോടകം കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടില്‍ തുടരുന്നത് അമേരിക്കന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയും വര്‍ധിപ്പിക്കുന്നു. അമേരിക്കയില്‍ സാമ്പത്തിക തളര്‍ച്ച നേരിടേണ്ടി വന്നാല്‍ ഇന്ത്യയടക്കമുള്ള ആഗോള വിപണികളേയും അത് പ്രതികൂലമായി ബാധിക്കും.
എന്നാല്‍ പണപ്പെരുപ്പത്തിന്റെ കടുത്തഘട്ടം പിന്നിട്ടു കഴിഞ്ഞു എന്നാണ് വിപണി വിദഗ്ധരുടെ അനുമാനം. 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പണപ്പെരുപ്പ ഭീഷണിക്ക് ശമനമുണ്ടാകും എന്നാണ് ഇവരുടെ കണക്കുക്കൂട്ടല്‍. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ വിപണിക്ക് കനത്ത തിരിച്ചടി നേരിടാതെ കരകയറാനായേക്കും.

വിദേശ നിക്ഷേപകര്‍
2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 2.17 ലക്ഷം കോടിയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇടവേളയില്ലാതെ വിദേശ നിക്ഷേപകര്‍ വില്‍പനക്കാരുടെ റോളില്‍ തുടരുന്നത് വിപണിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും പലിശ നിരക്കുകള്‍ സ്ഥിരത കൈവരിക്കുന്നതോടെയും പണപ്പെരുപ്പം താഴുന്നതോടെയും വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയിലേക്ക് മടങ്ങിയെത്തുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.
ഇതിനിടയിലും ദീര്‍ഘ കാലയളവ് കണക്കാക്കി പ്രാഥമിക വിപണിയിലെ നിക്ഷേപം, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. ഇത് രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകളിലുള്ള വിദേശ നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസത്തിന്റെയും ഇടവേളയ്ക്കു ശേഷം ദ്വിതീയ വിപണിയിലേക്ക് മടങ്ങിവരുമെന്നുമുള്ള സൂചനയായും വിലയിരുത്താം.

കോര്‍പറേറ്റ് ഫലം
സമീപകാലത്ത് പുറത്തുവന്ന കോര്‍പറേറ്റ് പ്രവര്‍ത്തന ഫലത്തില്‍ ലാഭ മാര്‍ജിന്‍ ഇടിയുന്ന പ്രവണത തെളിഞ്ഞു നില്‍ക്കുകയാണ്. മെറ്റല്‍, എഫ്എംസിജി വിഭാഗങ്ങളാണ് പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനില്‍ കനത്ത തിരിച്ചടി നേരിട്ടത്. പണപ്പെരുപ്പ തോത് ഉയര്‍ന്നു നില്‍ക്കുന്നിടത്തോളം കോര്‍പറേറ്റ് കമ്പനികളുടെ ലാഭക്ഷമതയിലും സമ്മര്‍ദം നിലനില്‍ക്കും. എന്നിരുന്നാലും കമ്പനികളുടെ വിറ്റുവരവ് ഉയര്‍ന്നു നില്‍ക്കുന്നത് അനുകൂല ഘടകമാണ്. അതുകൊണ്ട് അസംസ്‌കൃത വസ്തുക്കളുടെ വിലയക്കയറ്റം ശമിച്ചു തുടങ്ങിയാല്‍ കമ്പനികളുടെ ലാഭക്ഷമതയും ആനുപാതികമായി വര്‍ധിക്കും.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി ഷെയേര്‍സ് & സ്റ്റോക്ക് ബ്രോക്കിങ്ങിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.