കഴിഞ്ഞ വര്‍ഷം അസാധാരണ കുതിപ്പിനായിരുന്നു വിപണി സാക്ഷ്യം വഹിച്ചത്. ഈയൊരു പിന്‍ബലത്തില്‍ നിരവധി ഐപിഒകളും വിപണിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ 2022-ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രതികൂലമായ ആഭ്യന്തര, ആഗോള ഘടകങ്ങളാല്‍ വിപണി തിരുത്തലിന്റെ പാതയിലാണ്. എങ്കിലും സമീപ കാലയളവില്‍ വിപണിയിലേക്ക് രംഗപ്രവേശം ചെയ്ത 5 ഓഹരികള്‍ മറ്റ് ഐപിഒ ഓഹരികളേക്കാള്‍ മികച്ച നിലയിലാണുള്ളത്. ഇത്തരത്തില്‍ ഐപിഒയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 5 കമ്പനികളുടെ ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
അദാനി വില്‍മര്‍
അദാനി ഗ്രൂപ്പിന്റെ എഫ്എംസിജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അദാനി വില്‍മര്‍. 2022 ജനുവരിയില്‍ ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 8-നായിരുന്നു ലിസ്റ്റിങ്. 218- 230 രൂപ റേഞ്ചിലായിരുന്നു ഓഹരികള്‍ക്ക് അപേക്ഷ ക്ഷണിച്ചത്. ലിസ്റ്റിങ് ദിനത്തില്‍ അദാനി വില്‍മര്‍ (BSE: 543458, NSE- BE: AWL) ഓഹരികള്‍ 221 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ഫെബ്രുവരി അവസാനത്തോടെ കുതിപ്പ് തുടങ്ങിയ ഓഹരി 878 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. അതായത് നാല് മാസത്തിനുള്ളില്‍ ഓഹരി ഇഷ്യൂ വിലയുടെ 280 ശതമാനം നേട്ടം.
തുടര്‍ന്ന് തിരുത്തലിനു വിധേയമായ ഓഹരി ഇപ്പോള്‍ 645 രൂപ നിലവാരത്തിലാണ് തുടരുന്നത്. ഈ വിലയിലും 180 ശതമാനം നേട്ടം കാണിക്കുന്നു. നിലവില്‍ അദാനി വില്‍മറിന്റെ വിപണി മൂല്യം 83,300 കോടിയാണ്.
ആമി ഒര്‍ഗാനിക്‌സ്
സ്വന്തമായ ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ്, ഫാര്‍മ മേഖലകളിലേയും ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്ന കമ്പനിയാണ് ആമി ഓര്‍ഗാനിക്‌സ്. 610 രൂപയ്ക്കായിരുന്നു ഓഹരികള്‍ ഐപിഒ മുഖേന നിക്ഷേപകര്‍ക്ക് അനുവദിച്ചത്. ലിസ്റ്റിങ് ദിനത്തില്‍ 53 ശതമാനത്തോളം ഉയര്‍ന്ന് 934.55 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. പിന്നീടുള്ള ദിവസങ്ങളിലും കുതിപ്പ് തുടര്‍ന്ന ആമി ഓര്‍ഗാനിക്‌സ് (BSE: 543349, NSE: AMIORG) ഓഹരികള്‍ 1,434.45 രൂപ വരെ മുന്നേറിയിരുന്നു. ഇഷ്യൂ വിലയേക്കാളും 135 ശതമാനം നേട്ടമാണിത്.
പിന്നീട് തിരുത്തല്‍ നേരിട്ട ഓഹരികള്‍ ഇന്ന് 895 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഈ വിലയിലും 46 ശതമാനം നേട്ടം രേഖപ്പെടുത്തുന്നു. നിലവില്‍ ആമി ഓര്‍ഗാനിക്‌സിന്റെ വിപണി മൂല്യം 3,265 കോടിയാണ്.
റോളക്‌സ് റിങ്‌സ്
ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ഫോര്‍ജിങ് കമ്പനിയാണ് റോളക്‌സ് റിങ്‌സ്. ഐപിഒയില്‍ 900 രൂപയ്ക്കാണ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് അനുവദിച്ചത്. ലിസ്റ്റിങ് ദിനത്തില്‍ 30 ശതമാനത്തോളം മുന്നേറി 1,166.55 രൂപയിലായിരുന്നു ക്ലോസിങ്. കുതിപ്പ് തുടര്‍ന്ന ഓഹരി 1,624.60 രൂപ വരെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. അതായത് ലിസ്റ്റിങ്ങിന് ശേഷം 80 ശതമാനം നേട്ടം.
എന്നാല്‍ വിപണിയിലെ തിരിച്ചടിയുടെ കൂടെ തിരുത്തല്‍ നേരിട്ട റോളക്‌സ് റിങ്‌സ് (BSE: 543325, NSE: ROLEXRINGS) ഓഹരികള്‍ ഇപ്പോള്‍ 1,447 രൂപ നിലവാരത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നു. ലിസ്റ്റ് ചെയ്യപ്പെട്ട് 10 മാസങ്ങള്‍ക്ക് ശേഷവും ഈ ഓഹരി 60 ശതമാനം നേട്ടം രേഖപ്പെടുത്തുന്നു. നിലവില്‍ ഈ ഗുജറാത്ത് കമ്പനിയുടെ വിപണി മൂല്യം 3,893 കോടിയാണ്.
തത്വ ചിന്തന്‍ ഫാര്‍മ
കാര്‍ഷിക, വ്യാവസായിക, ഫാര്‍മ മേഖലയിലേക്ക് വേണ്ട വിവിധതരം കെമിക്കല്‍ ഘടകപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് തത്വ ചിന്തന്‍ ഫാര്‍മ കെം ലിമിറ്റഡ്. 1,083 രൂപയ്ക്ക് നിക്ഷേപകര്‍ക്ക് അനുവദിച്ച ഈ ഓഹരി ലിസ്റ്റിങ് ദിനത്തില്‍ 2,310.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത് 113 ശതമാനത്തിലധികം നേട്ടം.
പിന്നീടും കുതിപ്പ് തുടര്‍ന്ന തത്വ ചിന്തന്‍ ഫാര്‍മ (BSE: 543321, NSE: TATVA) ഓഹരികള്‍ 2,977.80 രൂപ വരെ എത്തിയിരുന്നു. ഇഷ്യൂ വിലയേക്കാള്‍ 175 ശതമാനം മുന്നേറ്റം. തുടര്‍ന്ന് തിരുത്തല്‍ നേരിട്ട 2,215 രൂപയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 4,910 കോടിയാണ്.
എക്‌സാറോ ടെല്‍സ്
വിവിധതരം വിട്രിഫൈഡ് ടൈല്‍ നിര്‍മിക്കുന്ന കമ്പനിയാണ് എക്‌സാറോ ടൈല്‍സ്. 2021 ഓഗസ്റ്റില്‍ പൂര്‍ത്തിയായ ഐപിഒയില്‍ 120 രൂപയിലായിരുന്നു ഓഹരികള്‍ നിക്ഷേപകര്‍ക്ക് അനുവദിച്ചത്. ലിസ്റ്റിങ് ദിനത്തില്‍ 10 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി 132.25 രൂപയിലാണ് എക്‌സാറോ ടൈല്‍സ് (BSE: 543327, NSE: EXXARO) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
തുടര്‍ന്നും മുന്നേറിയ ഓഹരികള്‍ ഒരു ഘട്ടത്തില്‍ 172.70 രൂപ മുന്നേറിയിരുന്നു. ലിസ്റ്റിങ്ങിനു ശേഷം 44 ശതമാനം നേട്ടം വരെ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. തുടര്‍ന്ന് തിരുത്തല്‍ നേരിട്ട ഓഹരികള്‍ ഇപ്പോള്‍ 112 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 502 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications