കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ നിരവധി മള്‍ട്ടിബാഗര്‍ ഓഹരികളാണ് പിറന്നുവീണത്. അവസാന പാദത്തില്‍ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വീണെങ്കിലും നിക്ഷേപകര്‍ക്ക് നിരാശരാകേണ്ടി വന്നില്ല. പുതിയ വര്‍ഷമായ 2022-ന്റെ ആദ്യ പാദത്തില്‍ തിരിച്ചടികള്‍ ഏറെയുണ്ടായെങ്കിലും 90 ഓഹരികളാണ് മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയത്. ഇതില്‍ പെന്നി വിഭാഗത്തില്‍ നിന്നുള്ള ഓഹരികളാണ് കൂടുതലും. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ നിക്ഷേപകര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന നേട്ടം നല്‍കിയ ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ ടെലി സര്‍വീസസ്. വെറും 2 രൂപയുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ 175 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് 8,650 ശതമാനം നേട്ടം.
ടാറ്റ ടെലി സര്‍വീസസ്
ബ്രോഡ്ബാന്‍ഡ്, ടെലി കമ്മ്യൂണിക്കേഷന്‍, ക്ലൗഡ് സര്‍വീസ് ദാതാവ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് ടാറ്റ ടെലി സര്‍വീസസ്. 1996-ല്‍ മുംബൈ ആസ്ഥാമാക്കിയാണ് തുടക്കം. അടുത്തിടെ കമ്പനിയുടെ പേര് ടാറ്റ ടെലി ബിസിനസ് സര്‍വീസസ് എന്നായി മാറ്റിയിട്ടുണ്ട്. ഇതിനോടൊപ്പം ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്കുള്ള സംവിധാനങ്ങളും ടാറ്റ ടെലി ബ്രോഡ് ബാന്‍ഡ് എന്ന പേരില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനവും ഫിക്‌സഡ് ലൈന്‍ സര്‍വീസും നല്‍കുന്നുണ്ട്.
നേരത്തെ ടാറ്റ ഡൊകോമോ എന്ന പേരില്‍ മൊബൈല്‍ സേവനം നല്‍കിയിരുന്നെങ്കിലും 2017-ല്‍ നഷ്ടം പെരുകിയതിനെ തുടര്‍ന്ന് എയര്‍ടെല്ലിന് കൈമാറിയിരുന്നു. കമ്പനിയുടെ 74 % ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ കൈവശമാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 284.22 കോടിയാണ് ടാറ്റ ടെലി സര്‍വീസസിന്റെ (BSE: 532371, NSE: TTML) വരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 2 ശതമാനം വര്‍ധനവാണ്. അതേസമയം മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റനഷ്ടം 302 കോടിയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ നഷ്ടം 297 കോടിയായിരുന്നു. എങ്കിലും കമ്പനിയുടെ വരുമാനം പ്രവര്‍ത്തനവും സമീപകാലത്ത് മെച്ചപ്പെടുന്നുണ്ട്. സര്‍ക്കാരിന് നല്‍കാനുള്ള കുടിശിക ഓഹരി വിഹിതമായി മാറ്റാന്‍ ആദ്യം ആലോചിച്ചെങ്കിലും ഓഹരി വിലയില്‍ കനത്തെ ഇടിവുണ്ടായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
ഓഹരി വില ചരിത്രം
വെള്ളിയാഴ്ച 5 ശതമാനം നേട്ടത്തോടെ അപ്പര്‍സര്‍ക്യൂട്ടില്‍ 175 രൂപയിലാണ് ടാറ്റ ടെലി സര്‍വീസസിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 290.15 രൂപയും കുറഞ്ഞ വില 10 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 55 ശതമാനം വര്‍ധിച്ചിരുന്നു. 113 രൂപയില്‍ നിന്നും 175-ലേക്കാണ് ഓഹരി കുതിച്ചെത്തിയത്. കഴിഞ്ഞ 6 മാസത്തിനിടെ ഓഹരി 350 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. 39 രൂപയില്‍ നിന്നും 175-ലേക്ക് ഉയര്‍ന്നു.
സമാനമായി രണ്ട് വര്‍ഷ കാലയളവില്‍ ഓഹരി 2 രൂപയില്‍ നിന്നും (2020 ഏപ്രില്‍ 9) 175-ലേക്ക് കുതിച്ചുയര്‍ന്നു. അതായത്, 8,650 ശതമാനം നേട്ടമാണ് ഓഹരി നല്‍കിയത്.
ടാറ്റ ടെലി സര്‍വീസസിന്റെ നേട്ടം തുകയില്‍ കണക്കാക്കിയാല്‍, രണ്ടു വര്‍ഷത്തിനിടെ ഓഹരിയിലെ 10,000 രൂപ നിക്ഷേപം 8.75 ലക്ഷം രൂപയായി വര്‍ധിച്ചു. ഒരു വര്‍ഷത്തിന് മുമ്പാണ് 10,000 രൂപ നിക്ഷേപിച്ചതെങ്കില്‍ ഇന്നലെയോടെ അത് 1.3 ലക്ഷം രൂപയായും പെരുകിയേനെ. ആറ് മാസത്തിന് മുമ്പാണ് 10,000 രൂപ നിക്ഷേപിച്ചത് എങ്കില്‍ ഇന്നത് 45,000 രൂപയായും ഉയര്‍ന്നിട്ടുണ്ട്. ഒരു മാസം മുന്നെ 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ വെള്ളിയാഴ്ചയോടെ ലാഭം 15,550 രൂപയായും മാറിയേനെ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications