പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. അതിനാല്‍ അടിസ്ഥാനപരമായി മികച്ച ഓഹരികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. വരുമാന സാധ്യത, സാമ്പത്തിക ഉണര്‍വ്, ഉത്പന്നത്തിന്റെ വില, ബാലന്‍സ് ഷീറ്റിന്റെ നിലവാരം, ഓഹരി വില ആകര്‍ഷകമായ നിലവാരത്തില്‍ തുടരുന്നത് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ വിലയിരുത്തിയാവണം ഓഹരി തെരഞ്ഞെടുക്കേണ്ടത്. ഇതിന്റെ ഭാഗമായി നിലവില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന മികച്ച 5 മിഡ് കാപ് ഓഹരികളെയാണ് താഴെ ചേര്‍ക്കുന്നത്.
റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യ
അതിവേഗ സേവന ഭക്ഷണശാലകളുടെ ശൃംഖലയാണ് റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഏഷ്യ (BSE: 543248, NSE: RBA). നേരത്തെ ബര്‍ഗര്‍ കിങ് ഇന്ത്യ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ബിസിനസ് വര്‍ധിക്കുമെന്നാണ് അനുമാനം. റെസ്റ്റോറന്റ് ബ്രാന്‍ഡ്സിന്റെ ഭക്ഷണശാലകളില്‍ പകുതിയും ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ നിയന്ത്രണം നീക്കിയത് അനുകൂലമാണ്. കൂടാതെ തിരുത്തല്‍ നേരിട്ടതോടെ എതിരാളികളേക്കാള്‍ 37 % വരെ താഴ്ന്ന നിലവാരത്തിലാണ് ഓഹരികള്‍ നില്‍ക്കുന്നത്.
അതേസമയം, 111 രൂപയിലാണ് ഓഹരി ഇന്ന് ക്ലോസ് ചെയ്തത്. സമീപ കാലയളവില്‍ ഓഹരി 150-ലേക്ക് എത്താമെന്നാണ് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടിയത്. അതായത് 35 ശതമാനം ലാഭം നോട്ടമിടുന്നു.
ലെമണ്‍ ട്രീ ഹോട്ടല്‍സ്
രാജ്യത്തെ മുന്‍നിര ഹോട്ടല്‍ ശൃംഖലയാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് (BSE: 541233, NSE: LEMONTREE). ബിസിനസ് വലിപ്പത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഹോട്ടല്‍ ഗ്രൂപ്പാണിത്. കോവിഡ് മഹാമാരിക്ക് മുമ്പ് അധികമായി പണിതീര്‍ത്ത മുറികളില്‍ നിന്നും പ്രയോജനം ലഭിച്ചു തുടങ്ങി. ബാലന്‍സ് ഷീറ്റ് ശക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ ഉയര്‍ന്ന നിലവാരമുള്ള ബ്രാന്‍ഡായ ഓറിക മുംബൈ ഹോട്ടലിനെ ഊ വര്‍ഷം ഏറ്റെടുത്തതും നേട്ടമാകും.
നിലവില്‍ 66.60 രൂപയിലാണ് ഓഹരി നില്‍ക്കുന്നത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ 84 രൂപ നിലവാരത്തിലേക്ക് എത്താമെന്നാണ് മോത്തിലാല്‍ ഒസ്വാള് സൂചിപ്പിച്ചത്. അതായത് 26 ശതമാനം ലാഭം ലക്ഷ്യമിടുന്നു.
മാക്രോടെക് ഡെവലപ്പേര്‍സ്
രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് മാക്രോടെക് ഡെവലപ്പേര്‍സ് (BSE: 543287, NSE: LODHA). പൂര്‍ത്തീകരിച്ചതോ അവസാന ഘട്ടത്തിലെത്തി നില്ക്കുന്നതോ ആയ 20,000 കോടിയുടെ പദ്ധതികള്‍ വരുമാനത്തിന് സ്ഥിരത ഉറപ്പാക്കുന്നു. ഇതിലൂടെ അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 7,000 കോടിയുടെ ബാധ്യകള്‍ തീര്‍ക്കാനുമാകും.
ചൊവ്വാഴ്ച 1,138 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. സമീപ ഭാവിയില്‍ 1,700 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് മോത്തിലാല്‍ ഒസ്വാള് സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഏകദേശം 50 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
ഗുജറാത്ത് ഗ്യാസ്
ഗുജറാത്ത് സംസ്ഥാനത്ത് ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക മേഖലയില്‍ പ്രകൃതി വാതക വിതരണമാണ് മുഖ്യ ചുമതല. സംസ്ഥാന സര്‍ക്കാരിനാണ് ഗുജറാത്ത് ഗ്യാസ് (BSE: 539336, NSE: GUJGASLTD) കമ്പനിയിലെ മുഖ്യ ഓഹരി പങ്കാളിത്തം. അടുത്തിടെ 60 പുതിയ വ്യവസായ യൂണിറ്റുകളെ കൂടി ഉപഭോക്താക്കളായി ലഭിച്ചു. നിലവിലെ വില്പനയില് വളര്‍ച്ച പ്രകടമാണ്. കൂടാതെ കമ്പനി വിപൂലീകരിക്കുന്നതും നേട്ടമാകും. എല്‍എന്‍ജി വില താഴ്ന്നു വരുന്നത് വില്പന വര്‍ധിക്കുന്നതിന് ഇടയാക്കും.
അതേസമയം, 527 രൂപയിലാണ് ഇന്ന് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 681 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. ഇതിലൂടെ 30 ശതമാനത്തേളം നേട്ടം ലഭിക്കാം.
ഡാല്‍മിയ ഭാരത്
സിമന്റ്, പഞ്ചസാര, റിഫ്രാക്ടറി എന്നീ മേഖലകളില്‍ സംരംഭങ്ങളുള്ള മുന്‍നിര ബിസിനസ് ഗ്രൂപ്പാണ് ഡാല്‍മിയ ഭാരത് (BSE: 542216, NSE: DALBHARAT). രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനികളിലൊന്ന് കൂടിയാണിത്. 33 ദശലക്ഷം സിമന്റ് ഉത്പാദിപ്പിക്കാനുള്ള വാര്‍ഷിക ശേഷിയുണ്ട്. ഇതിന് പുറമേ 2024 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും വിധം അതിവേഗത്തില്‍ പ്ലാന്റ് വിപൂലീകരിക്കുന്നത് അനുകൂല ഘടകമാണ്.
അതേസമയം, 1,602 രൂപയിലാണ് ഓഹരികള്‍ ഇന്ന് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ 2,000 രൂപ നിലവാരത്തിലേക്ക് ഓഹരിയെത്താം എന്നാണ് മോത്തിലാല്‍ ഒസ്വാള് സൂചിപ്പിച്ചത്. ഇതിലൂടെ 25 ശതമാനം ലാഭമാണ് നോട്ടമിടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications