ഓഹരി ഏത് സമയത്ത് വാങ്ങുന്നു എന്നത് നിര്‍ണായകമാണ്. മൂല്യമതിപ്പിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിലക്കുറവില്‍ വാങ്ങുന്നത് ലാഭത്തിലേക്കുള്ള ചുവടുവെപ്പിന് നിര്‍ണായകമാണ്. ഇത്തരം 'വിലക്കുറവിലുള്ള' ഓഹരികളെ കണ്ടെത്തുന്നതിന് നിക്ഷേപകര്‍ പലതരം ഘടകങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തരത്തില്‍ മൂല്യമളക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് ബുക്ക് വാല്യൂ പരിശോധിക്കുന്നത്. അടുത്തകാലത്തെ വിപണിയിലെ തിരിച്ചടിയല്‍ മികച്ച നിക്ഷേപാവസരം നോക്കുന്നവര്‍ക്ക് പരിഗണിക്കാവുന്നതാണ് ബുക്ക് വാല്യൂവിനേക്കുളം താഴ്ന്ന നിരക്കില്‍ തുടരുന്ന ഓഹരികള്‍.

സമീപകാലത്ത് നേരിട്ട തിരുത്തലിന് ശേഷം എന്‍എസ്ഇ-500 സൂചികയുടെ ഭാഗമായ 80 ഓഹരികള്‍ അതിന്റെ ബുക്ക് വാല്യൂ നിരക്കിനേക്കാളും താഴേക്ക് എത്തിയിട്ടുണ്ട്. ഇതിനോടൊപ്പം മറ്റ് 40 ഓഹരികള്‍ ഓഹരി വിലയും ബുക്ക് വാല്യുവും തമ്മിലുള്ള അനുപാതം (പിബി റേഷ്യോ) 1 മുതല്‍ 1.5 വരെയുള്ള നിരക്കിലുമുണ്ട്. ബെയര്‍ മാര്‍ക്കറ്റ് സാഹചര്യങ്ങളിലോ വരുമാന വളര്‍ച്ചാ ഇടിയുന്ന ഘട്ടത്തിലോ വിപണി വിദഗ്ധര്‍ ഓഹരികളെ തെരഞ്ഞെടുക്കുന്നതിനായി പിബി അനുപാതം കണക്കിലെടുക്കാറുണ്ട്.
മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും പിബി അനുപാതം 1-നും താഴെയും നില്‍ക്കുന്ന ഓഹരികള്‍ വിപണി കുതിപ്പിന്റെ പാതയിലേക്ക് വഴിമാറുമ്പോള്‍ മറ്റുള്ളവയെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റം കാഴ്ചവെയ്ക്കാറുണ്ട്.

ബുക്ക് വാല്യൂ
ഒരു കമ്പനിയുടെ ബുക്ക് വാല്യൂ എന്നത് മൊത്തം ആസ്തിയുടേയും അറ്റ മൂല്യമാണ്. അതായത് കമ്പനിയുടെ എല്ലാ ആസ്തികളും വില്‍ക്കുകയും അതിലൂടെ ലഭിക്കാവുന്ന തുകയില്‍ നിന്നും കടബാധ്യതകള്‍ തീര്‍ത്തതിനു ശേഷം മിച്ചമാകുന്ന മൂല്യമാണ് ബുക്ക് വാല്യൂ. ഇതിനെ പ്രതിയോഹരി കണക്കിലേക്കും മാറ്റിയെടുക്കാം. അങ്ങിനെ ഓഹരി വിലയും പ്രതിയോഹരി ബുക്ക് വാല്യുവും താരതമ്യം ചെയ്ത് മികച്ച മൂല്യമതിപ്പുള്ള കമ്പനികളെ കണ്ടെത്താനാകും.

അതേസമയം പ്രൈസ് ടു ബുക്ക് വാല്യൂ മാത്രം കണക്കാക്കി ഒരു നിക്ഷേപത്തിനുള്ള അന്തമി തീരുമാനം കൈക്കൊള്ളരുത്. പകരം ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട മാനദണ്ഡമായിരിക്കണം ഇത്. താത്ത്വികമായി പ്രൈസ് ടു ബുക്ക് വാല്യു അനുപാതം 1-ന് താഴെയാകുമ്പോള്‍ ആ കമ്പനിയുടെ ഓഹരിയെ മൂല്യമതിപ്പിന്റെ അടിസ്ഥാനത്തില്‍ ഡിസ്‌കൗണ്ടിലാണ് അഥവാ വിലക്കുറവിലാണ് എന്ന് കണക്കാക്കാം. എന്നാല്‍ ഓരോ വ്യവസായത്തിനും ഈ മൂല്യമതിപ്പ് വേര്‍തിരിക്കുന്നതിന് വ്യത്യസ്ത അനുപാതമായിരിക്കും ഉണ്ടാവുക.
Also Read: കീശ നിറയും! 6 വര്ഷമായി മുടക്കമില്ല; ഉയര്ന്ന ഡിവിഡന്റ് യീല്ഡുമുള്ള 5 പെന്നി ഓഹരികള്‍

ഉദാഹരണത്തിന് പ്രമുഖ അലുമിനീയം കമ്പനിയായ ഹിന്‍ഡാല്‍കോയുടെ നിലവിലെ പ്രതിയോഹരി ബുക്ക് വാല്യൂ 352 രൂപയാണ്. എന്നാല്‍ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നതോ 322 രൂപ നിലവാരത്തിലും. അതായത് ബുക്ക് വാല്യൂവിന്റെ അടിസ്ഥാനത്തില്‍ ഹിന്‍ഡാല്‍കോ ഓഹരിയുടെ വില 8.5 ശതമാനം ഡിസ്‌കൗണ്ടിലാണ് നില്‍ക്കുന്നത്. എന്നാല്‍ കമ്മോഡിറ്റിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്‍ഡാല്‍കോ ഓഹരിയെ പ്രൈസ് ടു ബുക്ക് വാല്യൂവിന്റെ അടിസ്ഥാനത്തില്‍ മാത്രം തെരഞ്ഞെടുക്കുന്നത് ഉചിതമാവില്ല.
കമ്മോഡിറ്റിയുടെ വിലയ്ക്ക് ഒരു ചാക്രിക സ്വഭാവമുണ്ട്. കമ്മോഡിറ്റി അധിഷ്ഠിത ഓഹരികളിലും ഇത് കൃത്യമായി പ്രതിഫലിക്കും. അതിനാല്‍ കമ്മോഡിറ്റിയും വിലയും തമ്മിലുള്ള ചാക്രിക ആവൃത്തി ഏത് ഘട്ടത്തിലെത്തി നില്‍ക്കുന്നു എന്നതും പരിഗണിച്ചു വേണം അന്തിമ തീരുമാനമെടുക്കാന്‍.

പിബി അനുപാതം 1-ന് താഴെ നില്‍ക്കുന്ന ഓഹരികള്‍ ചുവടെ കൊടുക്കുന്നു. ഓഹരിയുടെ പേര്, നിലവിലെ പിബി അനുപാതം, ബ്രായ്ക്കറ്റില്‍ അഞ്ചു വര്‍ഷത്തെ ശരാശരി പിബി അനുപാതം എന്ന ക്രമത്തില്‍.
- എന്‍ടിപിസി- 0.98 (1.08)
- ടാറ്റ സ്റ്റീല്‍- 0.91 (1.23)
- ഇന്ത്യന്‍ ഓയില്‍- 0.75 (1.17)
- ഹിന്‍ഡാല്‍കോ- 0.92 (1.03)
- ഗെയില്‍- 0.92 (1.41)
- എന്‍എംഡിസി- 0.90 (1.39)
- ഹിന്ദുസ്ഥാന്‍ പെട്രോളിയം- 0.75 (1.50)
- അപ്പോളോ ടയേര്‍സ്- 0.98 (1.22)
- സിഇഎസ്‌സി- 0.90 (1.03)
- വര്‍ധ്മാന്‍ ടെക്‌സ്‌റ്റൈല്‍സ്- 0.20 (1.21)
- റെയില്‍ വികാസ് നിഗം- 0.98 (1.08)
- ജിന്‍ഡാല്‍ സ്‌റ്റെയിന്‍ലെസ്- 0.96 (1.42)
- റെയിന്‍ ഇന്‍ഡസ്ട്രീസ്- 0.78 (1.29)
- കൊച്ചിന്‍ ഷിപ്യാര്‍ഡ്- 0.93 (1.57)
- എച്ച്ഇജി- 0.97 (3.37)
- എന്‍സിസി- 0.59 (1.04)

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.