പ്രതികൂല ആഗോള സൂചനകളാണ് ആഭ്യന്തര വിപണിയെ പ്രതിസന്ധിയിലാഴ്ത്തിയത്. ഇതോടെ കഴിഞ്ഞ ആഴ്ചകളായി സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാങ്ങളിലെ ഓഹരികളിലും വമ്പന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട പേടിഎം, നൈക്ക, പോളിസി ബാസാര്‍ പോലെയുള്ള പുതുതലമുറ ടെക് കമ്പനികളും തിരിച്ചടി നേരിട്ടു. അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇത്തരം സമയങ്ങളില്‍ അടിസ്ഥാനപരമായി മൂല്യമേറിയതും കൃത്യമായി ലാഭവിഹിതവും നല്‍കുന്ന കമ്പനികളെ ആശ്രയിക്കുന്നതാവും ഉചിതം. വിപണിയിലെ സമീപകാല തിരുത്തലില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്. വിപണിയുടെ ഗതിയെ സംബന്ധിച്ച വ്യക്തത ഇനിയും വരേണ്ടതിനാല്‍ കുറഞ്ഞ അളവില്‍ വാങ്ങുന്നതാണ് ഉചിതം.
1) ഓറക്കിള്‍ ഫിനാന്‍ഷ്യല്‍
പ്രശസ്ത അമേരിക്കന്‍ ബഹുരാഷ്ട്ര ഐടി കമ്പനിയായ ഓറക്കിള്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ ഉപകമ്പനിയാണ് ഓറക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (BSE: 532466, NSE: OFSS). രാജ്യത്തെ ഒമ്പതാമത്തെ വലിയ ഐടി കമ്പനിയാണിത്. പ്രധാനമായും ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കുള്ള ഐടി സേവനങ്ങളാണ് നല്‍കുന്നത്. 150-ഓളം രാജ്യങ്ങളിലായി 1000-ഓളം ധനകാര്യ സ്ഥാപനങ്ങള്‍ കമ്പനിയുടെ ഉപഭോക്താക്കളാണ്. ഡിസംബര്‍ പാദത്തില്‍ നേടിയ പുതിയ കരാറുകളില്‍ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
നിലവിലെ വിപണി മൂലധനം 29,402 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.87 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യു 776.67 രൂപയാണ്. ഐടി വിഭാഗത്തിലെ ശരാശരി പിഇ റേഷ്യോ 37.57 ആയിരിക്കുമ്പോള്‍ ഓറക്കിള്‍ ഫിനാന്‍ഷ്യലിന് 15.74 മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയം. വെള്ളിയാഴ്ച 3,409.30 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും കുറഞ്ഞത് 30 ശതമാനം നേട്ടമെങ്കിലും സമീപകാല ഭാവിയില്‍ ലഭിക്കാമെന്നാണ് വിവിധ അനലിസ്റ്റുകള്‍ സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം, 52 ആഴ്ചയിലെ ഓഹരിയുടെ കൂടിയ വില 5,145 രൂപയും കുറഞ്ഞ വില 2,982.15 രൂപയുമാണ്.
2) കാസ്ട്രോള്‍
ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ ഉപകമ്പനിയാണ് കാസ്‌ട്രോള്‍ ഇന്ത്യ ലിമിറ്റഡ് (BSE: 500870, NSE: CASTROLIND). രാജ്യത്തെ ലൂബ്രിക്കന്റ് വിപണിയിലെ ആധിപത്യം കമ്പനിയുടെ ഉത്പന്നങ്ങള്‍ക്കാണ്. കോവിഡ് പ്രതിസന്ധിക്കിടെയിലും മുടങ്ങാതെ ഉയര്‍ന്ന ലാഭവിഹിതം നല്‍കിയ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.12 ശതമാനമാണ്. വാഹന വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാകുമ്പോള്‍ ഏറ്റവും പ്രയോജനം ലഭിക്കുന്ന കമ്പനികളിലൊന്നാണിത്. വെള്ളിയാഴ്ച 107.45 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അതേസമയം, 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 154.90 രൂപയും കുറഞ്ഞ വില 104.50 രൂപയുമാണ്.
3) ഐടിസി
രാജ്യത്തെ ഏറ്റവും പ്രമുഖ സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായ ഐടിസി ലിമിറ്റഡ് (BSE: 500875, NSE : ITC). എഫ്എംസിജി, ഹോട്ടല്‍സ്, സ്‌പെഷ്യാലിറ്റി പേപ്പേഴ്‌സ്, പാക്കേജിങ്, കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍, സാങ്കേതികവിദ്യാ മേഖലകളില്‍ അടക്കം വിവിധ ഉപകമ്പനികളുണ്ട്. വിവേല്‍, ഫിയാമ, ആശിര്‍വാദ്, ബിംഗോ, സണ്‍ഫീസ്റ്റ് തുടങ്ങിയവയൊക്കെ കമ്പനിയുടെ ജനപ്രിയ ബ്രാന്‍ഡുകളില്‍ ചിലതാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.02 ശതമാനമാണ്. ഇന്നലെ 213.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 265.30 രൂപയും കുറഞ്ഞ വില 199.10 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications