കേവലം ആഭരണം എന്നതിനപ്പുറം സ്വർണം എന്നത് മലയാളികളുടെ വികാരമാണ്. എല്ലാ ആഘോഷങ്ങളിലും സ്വർണാഭരണത്തിന്‍റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. കല്യാണത്തിനാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി റോക്കറ്റ് പോലെ കുതിച്ച് പൊങ്ങുകയാണ് സ്വർണത്തിന്‍റെ വില. അതോടെ ആഭരണം വാങ്ങാനിരുന്നവരുടെ ചങ്കിടിപ്പേറുകയും ചെയ്തു. എന്തായാലും വരും ദിവസങ്ങളിലെങ്കിലും സ്വർണ വില കുറയുമോ എന്ന ആലോചനയിലാണ് ആഭരണ പ്രേമികൾ.
എന്താണ് സ്വർണ വിലയുടെ കുതിപ്പിന് കാരണം, അടുത്ത കാലത്ത് തന്നെ വർധിച്ചത് പോലെ സ്വർണ വില കുറയുമോ, വില വർധനയുടെ ചരിത്രം എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കാം.

ഇന്നത്തെ സ്വർണ വില
ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ശനിയാഴ്ച കൂടിയത്. 48,600 എന്ന നിലയിലാണ് ഇന്നത്തെ സ്വർണ വ്യാപാരം. അതായത് ഗ്രാമിന് 6,075 രൂപ. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്.
ആദ്യ മാസങ്ങളിൽ ഇടിഞ്ഞു
2024ലെ ആദ്യ രണ്ട് മാസങ്ങളിൽ ആഗോള, ആഭ്യന്തര വിപണികളിൽ സ്വണ വില ഇടിവ് നേരിട്ടിരുന്നു. ശക്തമായ യുഎസ് ഡോളര്‍, കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കു കുറയ്ക്കമെന്ന തീരുമാനത്തില്‍ ഉണ്ടായ കാല താമസം, ആഗോള ഓഹരി വിപണിയിലെ കുതിപ്പ് എന്നിവയായിരുന്നു സ്വര്‍ണ വിലയിലെ ഇടിവിന് കാരണം.
വില വർധനവിന്‍റെ കാരണം
ആഗോള തലത്തിൽ സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലായത് കൊണ്ട് തന്നെ അമേരിക്കയിലെ പലിശ നിരക്കുമായി പ്രദേശിക വിപണിയിലെ സ്വർണ നിരക്കുകൾ ബന്ധപ്പെട്ടുകിടക്കുകയാണ്.
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്‍റെ പ്രസ്താവനയോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ഇനി എന്താണ് ഈ ഫെഡറൽ റിസർവ്വ് എന്നി ചിന്തിക്കുകയാണോ...? ഇന്ത്യയിൽ റിസർവ് ബാങ്ക് പോലെ അമേരിക്കയിൽ അടിസ്ഥാന നിരക്കുകളും ധനനയവുമൊക്കെ നിശ്ചയിക്കുന്ന കേന്ദ്ര ബാങ്കാണ് ഫെഡറൽ റിസർവ്. അതിന്‍റെ ചെയർമാനാണ് ജെറോം പവൽ.
ജെറോം പവൽ നിയമ നിർമാണ സഭയിയിൽ സംസാരിക്കുന്നതിനിടെ ഈ വർഷം തന്നെ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയിരുന്നു. ഇതിന് തൊട്ട് പിന്നാലെ അമേരിക്കൻ ബോണ്ടുകളുടെ ആദായ നിരക്കും ഡോളർ സൂചികയും ഇടിഞ്ഞു. അവിടെ ആദായം കുറയുമെന്ന് തോന്നിയതോടെ ആളുകൾ സ്വർണത്തിലേക്ക് തിരിഞ്ഞു. കൂട്ടമായി അവർ സ്വർണ നിക്ഷേപത്തിലേക്ക് തിരിഞ്ഞു. ഇതാണ് നിലവിലെ സ്വർണ വില വർദ്ധനവിന് കാരണം.
അന്താരാഷ്ട്ര സ്വർണ വില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണം നിലവിൽ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 17.09 ഡോളർ (0.79%) ഉയർന്ന് 2178.80 ഡോളർ എന്ന നിലവാരത്തിലാണ്. അന്താരാഷ്ട്ര സ്വർണ വില ഫെബ്രുവരിയിൽ 0.25% കുറഞ്ഞ് ഔൺസിന് 2032.8 ഡോളറിൽ അവസാനിച്ചിരുന്നു. അതോടെ പ്രാദേശിക വിപണിയിലും വില കുറഞ്ഞിരുന്നു. എന്നാൽ മാർച്ച് മാസത്തോടെ വില വർധനവ് ആരംഭിച്ചു.

സ്വർണ വില എങ്ങോട്ടാണ് പോകുന്നത്..?
ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളോടും യുഎസ് ധനനയത്തോടും വിപണി പ്രതികരിക്കുന്നതിനാൽ വരും മാസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം നിലനിൽക്കുമെന്നു തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോക വ്യാപകമായ സാമ്പത്തിക അനിശ്ചിതത്വം നാണയപ്പെരുപ്പം പ്രതിരോധിക്കാന്‍ ശേഷിയുള്ള ആസ്തി എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്‍റെ ഡിമാന്‍റ് വര്‍ധിപ്പിക്കുന്നുണ്ട്. എന്തായാലും 2024-ന്‍റെ പകുതി വരെ സ്വർണ വില വർധനവ് തുടരാനാണ് സാധ്യതയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
കേരളത്തിലെ സ്വർണ വില - നാൾ വഴി
കഴിഞ്ഞ 20 വർഷത്തിനടെ ഏകദേശം 40,000 രൂപയ്ക്ക് മുകളിലാണ് ഒരു പവൻ സ്വർണത്തിന്‍റെ വില വർധിച്ചത്. 2005 ഓക്ടോബർ 10ന് പവന്‍റെ വില 5000 രൂപ പിന്നിട്ടു. പവന്‍റെ വില 10,000 രൂപ കടക്കുന്നത് 2008 ഒക്ടോബർ 9 നായിരുന്നു. അതായത് മൂന്ന് വർഷം കൊണ്ട് ഒരു പവൻ സ്വർണത്തിന് കൂടിയത് 5,000 രൂപ. മൂന്ന് വർഷങ്ങൾക്ക് ശേഷം 2011ൽ സ്വർണ വില ചരിത്രത്തിലാധ്യമായി 20,000 രൂപ കടന്നു. 2011 ഓഗസ്റ്റ് 19നാണ് സ്വർണം 20000 എന്ന് മാന്ത്രിക സംഖ്യ കടന്നത്.
2019 ഫെബ്രുവരി 19ന് സ്വർണ വില 25,160 രൂപയിലേക്കെത്തി. 2020 ജനുവരി 6ന് സ്വർണ വില 30,200-ലേക്കെത്തി. ഒരു വർഷം കൊണ്ട് വർധിച്ചത് 5000 രൂപ. അതേ വർഷം തന്നെ സ്വർണ വില 40,000-ലേക്കെത്തി എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. 2020 ജൂലായ് 31 ആകുമ്പോഴേക്കും സ്വർണ വില 40,000 കടന്നു. 2023 ഏപ്രിൽ 5-നാണ് സ്വർണ വില 45,000 തൊടുന്നത്. 2024 മാർച്ച് 7-ന് സ്വർണ വില 48,000 എന്ന സംഖ്യയിലേക്കുമെത്തി.


Click it and Unblock the Notifications