മഞ്ഞ ലോഹത്തിന്‍റെ വില കേട്ട് കണ്ണ് മഞ്ഞളിക്കേണ്ട അവസ്ഥയിലാണ് ആഭരണ പ്രേമികൾ. കാരണം 48,000-ഉം കടന്ന് മുന്നോട്ട് ശരവേഗത്തിൽ കുതിക്കുകയാണ് സ്വർണ വില. ഈ മുന്നേറ്റം തുടരുകയാണെങ്കിൽ അടുത്ത് തന്നെ സ്വർണം പവന്‍റെ വില അരലക്ഷം തൊടും. അന്താരാഷ്ട്ര വിപണിയിലുണ്ടാക്കുന്ന വില വർധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
ഇന്ന് കൂടിയത് 200 രൂപ
മാർച്ച് അഞ്ചിനാണ് സ്വർണ വില അതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന വിലയിലെത്തിയത്. പവന് 47,560 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില വർധിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു.

ആ വിലയിരുത്തൽ ശരിവച്ച് മാർച്ച് ആറാം തീയ്യതി സ്വർണം 47,760ലേക്കെത്തി. ഒരു ദിവസത്തിന് ശേഷം സ്വർണം 48,000 എന്ന പുതിയ റെക്കോർഡും വിലയിൽ തീർന്നു.
വെള്ളിയാഴ്ച 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. അതോടെ 48,200 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന്‍റെ വില 6025 എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കുമെത്തി.
ആഗോള സ്വർണ വില
അന്താരാഷ്ട്ര സ്വർണ്ണം നിലവിൽ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 10.34 ഡോളർ (0.48%) ഉയർന്ന് 2158.06 ഡോളർ എന്ന നിലവാരത്തിലാണ്. നിലവിൽ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ സാമ്പത്തിക അസ്ഥിരത പ്രകടമായതാണ് സ്വർണ്ണത്തിലേക്ക് നിക്ഷേപ പ്രവാഹമുണ്ടാകാൻ കാരണം.
സ്വർണം വിൽക്കാൻ പറ്റിയ സമയം
സ്വർണ വില പുതിയ ചരിത്രം രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്വർണം വിൽക്കാൻ തയ്യാറാകുന്നവർക്ക് വലിയ നേട്ടമാണ്. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ സ്വർണമാണെങ്കിൽ ലാഭം ഉയരും. സാധാരണ സ്വർണം വിൽക്കുമ്പോൾ പവന്‍റെ വിലയിൽ നിന്നും 1000 രൂപ മുതൽ 1500 രൂപ വരെ കുറയും. അതായത് ഇന്ന് സ്വർണം വിൽക്കുകയാണെങ്കിൽ ഒരു പവന് 46,500 രൂപ മുതൽ 47,000 രൂപ വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്.

വിൽപ്പന കുറഞ്ഞെന്ന് വ്യാപാരികൾ
വിവാഹ സീസൺ അല്ലാത്തത് കൊണ്ടു തന്നെ ജൂവല്ലറികളിൽ വിൽപ്പന കുറവാണെന്ന് വ്യാപാരികളും വ്യക്തമാക്കുന്നു. നിലവിലെ വിലയോടൊപ്പം പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ്ജ് എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 52,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
വില വർധിക്കുന്ന സാഹചര്യത്തിൽ മുൻകൂർ ബുക്കിങ് കൂടിയിട്ടുണ്ട്.
വില വർധനവിന്‍റെ നാൾ വഴി
കഴിഞ്ഞ 20 വർഷത്തിനടെ ഏകദേശം 40,000 രൂപയ്ക്ക് മുകളിലാണ് ഒരു പവൻ സ്വർണത്തിന്‍റെ വില വർധിച്ചത്. 2005 ഓക്ടോബർ 10ന് പവന്‍റെ വില 5000 രൂപ പിന്നിട്ടു. പിന്നീടുള്ള കാലങ്ങളിലും വില വർധനവിന് കുറവൊന്നുമുണ്ടായില്ല. പവന്‍റെ വില 10,000 രൂപ കടക്കുന്നത് 2008 ഒക്ടോബർ 9 നായിരുന്നു. അതായത് മൂന്ന് വർഷം കൊണ്ട് ഒരു പവൻ സ്വർണത്തിന് കൂടിയത് 5,000 രൂപ.
പിന്നീടുള്ള വർഷങ്ങളിലും സ്വർണ വില ഏറിയും കുറഞ്ഞും മുന്നോട്ടു പോയി. മൂന്ന് വർഷങ്ങൾക്ക് ശേഷം 2011ൽ സ്വർണ വില ചരിത്രത്തിലാധ്യമായി 20,000 രൂപ കടന്നു. 2011 ഓഗസ്റ്റ് 19നാണ് സ്വർണം 20000 എന്ന് മാന്ത്രിക സംഖ്യ കടന്നത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ വളരെ പതുക്കെയാണ് സ്വർണവില വർധിച്ചത്. 20,000-ൽ നിന്നും 25,000 എത്താൻ ഏകദേശം 8 വർഷമെടുത്തു. 2019 ഫെബ്രുവരി 19ന് സ്വർണ വില 25,160 രൂപയിലേക്കെത്തി.
ആറ് മാസത്തിനുള്ളിൽ കൂടിയത് 10,000 രൂപ
പിന്നീടുള്ള ദിവസങ്ങളിൽ റോക്കറ്റ് പോലെ പവന്‍റെ വില കുതിച്ചു. ഒരു വർഷം കൊണ്ട് സ്വർണ വില 30,000 കടന്നു. 2020 ജനുവരി 6ന് സ്വർണ വില 30,200-ലേക്കെത്തി. ഒരു വർഷം കൊണ്ട് വർധിച്ചത് 5000 രൂപ. അതേ വർഷം തന്നെ സ്വർണ വില 40,000-ലേക്കെത്തി എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. 2020 ജൂലായ് 31 ആകുമ്പോഴേക്കും സ്വർണ വില 40,000 കടന്നു.
2023 ഏപ്രിൽ 5-നാണ് സ്വർണ വില 45,000 തൊടുന്നത്. 2024 മാർച്ച് 7-ന് സ്വർണ വില 48,000 എന്ന സംഖ്യയിലേക്കുമെത്തി.


Click it and Unblock the Notifications