കൊച്ചി: വാണിജ്യ മേഖലയിലെ വായ്പകളുടെ വളര്‍ച്ച മഹാമാരിക്കു മുന്‍പുള്ള അവസ്ഥയിലേക്ക് എത്തിയതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2020 ഡിസംബറില്‍ ഈ രംഗത്തെ വളര്‍ച്ച കോവിഡിനു മുന്‍പുള്ള നിലയായ 13 ശതമാനം വാര്‍ഷിക വളര്‍ച്ചയിലേക്കാണ് എത്തിയിരിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലേക്കുള്ള വായ്പകള്‍ 2020 സെപ്റ്റംബറില്‍ 19.09 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളിലേക്കുള്ള വായ്പകളുടെ വളര്‍ച്ച കോവിഡിനു മുന്‍പുള്ള കാലത്തേക്ക് എത്തിച്ചതിനു പിന്നില്‍ പൊതുമേഖലാ ബാങ്കുകള്‍ വലിയപങ്കു വഹിച്ചതായി ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഈ മേഖലയിലേക്കു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പണമെത്താന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ കൂടുതല്‍ വായ്പാ ആവശ്യങ്ങള്‍ എത്തുന്നുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിഡ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വി സത്യ വെങ്കട്ട റാവു ചൂണ്ടിക്കാട്ടി.
നേരത്തെ, റിസർവ് ബാങ്കിന്റെ ധനനയ യോഗത്തിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് 3 വർഷം വരെ റീപോ നിരക്കിൽ വായ്പയെടുക്കാൻ സൌകര്യം പ്രഖ്യാപിച്ചിരുന്നു. മുൻപ് ബാങ്കുകൾക്ക് മാത്രമായിരുന്നു ടിഎൽടിആർഓ പദ്ധതി പ്രകാരം റീപോ നിരക്കിൽ വായ്പയെടുക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും ഈ സൌകര്യം ഏർപ്പെടുത്താൻ ജനുവരി അവസാന വാരം ചേർന്ന ധനനയ സമിതി തീരുമാനിച്ചു. അടുത്ത സാമ്പത്തിക വർഷം 10.5 ശതമാനം ജിഡിപി വളർച്ചാ നിരക്കാണ് കേന്ദ്ര ബാങ്ക് പ്രവചിക്കുന്നത്. പണപ്പെരുപ്പം 6 ശതമാനത്തിന് താഴെയായി നിജപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ചിത്രം പതിയെ മെച്ചപ്പെട്ടു വരികയാണെന്ന നിരീക്ഷണമാണ് റിസർവ് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നത്.