ഇടക്കാല മന്ത്രിയുടെ ഇടക്കാല ബജറ്റ്; പ്രതീക്ഷിക്കാവുന്ന മൂന്ന് കാര്യങ്ങള്‍
ദില്ലി: ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലി യുഎസ്സില്‍ ചികില്‍സ തേടിപ്പോയതോടെ ഇടക്കാല മന്ത്രിയായി നിയുക്തനായ പിയൂഷ് ഗോയല്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങള്‍ അടങ്ങിയതാവും എന്നാണ് വിലയിരുത്തല്‍. പൊതു രീതിയനുസരിച്ച് രണ്ടു മാസത്തെ അത്യാവശ്യ ചെലവുകള്‍ക്കായി വോട്ട് ഓണ്‍ എക്കൗണ്ടിലൂടെ പാര്‍ലമെന്റ് അംഗീകാരം നേടുകയാണ് മോദി സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ അതിനു പകരം വിശദമായ ബജറ്റ് അവതരിപ്പിക്കാന്‍ തന്നെയാണ് ധനകാര്യമന്ത്രിയുടെ തീരുമാനം.
പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവും ബജറ്റെന്നാണ് പൊതുവായ വിലയിരുത്തല്‍. വോട്ടര്‍മാരെ സന്തോഷിപ്പിക്കാനുള്ള അവസാനവട്ട ശ്രമമെന്ന രീതിയിലാവും കേന്ദ്രസര്‍ക്കാര്‍ ബജറ്റിനെ കാണുക. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മിഡില്‍ ക്ലാസ് വോട്ടര്‍മാരെ ലക്ഷ്യംവച്ചുള്ള പ്രഖ്യാപനങ്ങളാവും പ്രധാനമായും ബജറ്റിന്റെ ആകര്‍ഷണങ്ങള്‍.
കാര്‍ഷിക കടാശ്വാസം
കഴിഞ്ഞ മൂന്ന് സംസ്ഥന തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകരുടെ രോഷമാണ് നരേന്ദ്രമോദി സര്‍ക്കാരിന് തിരിച്ചടിയായ ഘടകങ്ങളില്‍ ഒന്ന് എന്നാണ് പൊതുവിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവും. കര്‍ഷകരുടെ കടം എഴുതിത്തള്ളലും പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തലും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി വന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.
70,000 കോടിക്കും ഒരു ലക്ഷം കോടിക്കുമിടയിലായിരിക്കും കര്‍ഷകര്‍ക്കായുള്ള ബജറ്റ് പ്രഖ്യാപനങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ആദായനികുതിയിളവ് പരിധി ഉയര്‍ത്തും
മിഡില്‍ ക്ലാസ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള മറ്റൊരു പ്രധാന ബജറ്റ് പ്രഖ്യാപനം ആദായനികുതിയിളവ് പരിധിയുമായി ബന്ധപ്പെട്ടതാവുമെന്നാണ് സൂചന. പൊതുവെ ഇതിന് അനുകൂലമായ നിലപാടാണ് പിയൂഷ് ഗോലയിന്റേത്. നികുതിയിളവ് പരിധി 60ല്‍ താഴെയുള്ളവര്‍ക്ക് 2.5 ലക്ഷം രൂപയില്‍ നിന്ന് മൂന്ന് ലക്ഷമായും 60നും 80നും ഇടയിലുള്ളവര്‍ക്ക് 3.5 ലക്ഷവുമായി ഉയര്‍ത്താനാണ് ശ്രമം. സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് അവരുടെ നികുതിയിളവ് പരിധി 3.25 ലക്ഷമോ 3.5 ലക്ഷമോ ആയി ഉയര്‍ത്താനും സാധ്യതയുണ്ട്. 80 സി പ്രകാരമുള്ള ഡിഡക്ഷന്‍ പരിധി 1.5 ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഭവനവായ്പാ നികുതി കുറയ്ക്കും
സര്‍ക്കാരിന്റെ ഭവന പദ്ധതികള്‍ വേണ്ടത്ര വിജയിച്ചിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയിലും സുപ്രധാന പ്രഖ്യാപനമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ഭവനവായ്പാ പലിശയില്‍ കുറവ് വരുത്തുകയാവും ഇതുമായി ബന്ധപ്പെട്ട പ്രധാന നടപടി. പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയില്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പയ്ക്ക് നല്‍കുന്ന സബ്‌സിഡി തുക വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഇതോടൊപ്പം ചെറുകിട കര്‍ഷകര്‍ക്ക് ചെറിയ പലിശയില്‍ വായ്പ, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ തുടങ്ങിയ പദ്ധതികളും ബജറ്റിലുണ്ടാവുമെന്നാണ് വിലയിരുത്തല്‍.


Click it and Unblock the Notifications


