ബംഗളൂരു: ലോകത്തെമ്പാടുമുള്ള സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ആവേശമായി മാറിയ ബൈജൂസ് ലേണിംഗ് ആപ്പ് അന്താരാഷ്ട്ര വിപണിയിലേക്ക്. ഇതോടൊപ്പം ചെറിയ കുട്ടികളെ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ ഗെയിമുകളിലേക്ക് കടക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
വിദേശ വിദ്യാര്‍ഥികളിലേക്ക്
നിലവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ലേണിംഗ് ആപ്പുകളാണ് ബൈജൂസ് നല്‍കുന്നത്. എന്നാല്‍ അന്താരാഷ്ട്ര സിലബസുകള്‍ക്കനുസരിച്ച് പുതിയ ആപ്പുകള്‍ മാര്‍ക്കറ്റിലെത്തിക്കാനാണ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബൈജൂസ് കമ്പനിയുടെ അടുത്ത നീക്കം. യുഎസ്, ബ്രിട്ടന്‍, ആസ്‌ത്രേലിയ തുടങ്ങി ഇംഗ്ലീഷ് പ്രധാന ഭാഷയായ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ലേണിംഗ് ആപ്പുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞു.
യൂട്യൂബ് ടീച്ചര്‍മാരുടെ സഹായം
വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശസ്തരായ യൂട്യൂബ് ടീച്ചര്‍മാരുടെ സഹായത്തോടെയാണ് അവര്‍ക്കായുള്ള പഠന ഭാഗങ്ങള്‍ തയ്യാറാക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഇംഗ്ലീഷ് ഉച്ചാരണ രീതികള്‍ വ്യത്യസ്തമായതിനാല്‍ അതിനനുസരിച്ചുള്ള ആളുകളെയാണ് പാഠഭാഗങ്ങള്‍ വികസിപ്പിക്കാനും റെക്കോഡ് ചെയ്യാനും തെരഞ്ഞെടുത്തിരിക്കുന്നതെന്നും ബൈജു പറയുന്നു. ഇതിനായി ലോകപ്രശസ്തരായ ഇത്തരം വ്യക്തികളെ ഇന്ത്യയിലെത്തിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കിന്റര്‍ഗാര്‍ട്ടന്‍ തലത്തിലേക്ക്
നിലവില്‍ നാലു മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള മാത്ത്‌സ്, സയന്‍സ് വിഷയങ്ങളിലാണ് ബൈജൂസ് ലേണിംഗ് ആപ്പുകളുള്ളത്. എന്നാല്‍ മൂന്നു വയസ്സു മുതല്‍ എട്ട് വയസ്സു വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ള ആപ്പുകളും വികസിപ്പിക്കാന്‍ കമ്പനി സ്ഥാപകന്‍ ബൈജു രവീന്ദ്രന് പദ്ധതിയുണ്ട്. ഇതിനായി കുട്ടികള്‍ക്കു വേണ്ടിയുള്ള ഗെയിമുകള്‍ വികസിപ്പിക്കുന്ന യുഎസ് ബേസ്ഡ് കമ്പനിയായ ഓസ്‌മോ 120 ദശലക്ഷം ഡോളറിന് ബൈജുവിന്റെ കമ്പനി സ്വന്തമാക്കിയിരുന്നു. ഓസ്‌മോ ടീമിനെ ഉപയോഗപ്പെടുത്തി ഗെയിമുകളിലൂടെ ചെറിയ കുട്ടികളെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
മലയാളം ഉള്‍പ്പെടെ പ്രാദേശിക ഭാഷയിലേക്കും
അതിനിടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ലേണിംഗ് ആപ്പുകള്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ബൈജൂസ് തുടങ്ങിക്കഴിഞ്ഞു. ഹിന്ദി ഭാഷയിലിറക്കിയ പതിപ്പുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെ തുടര്‍ന്നാണ് കൂടുതല്‍ പ്രാദേശിക ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടതെന്ന് മലയാളിയായ ബൈജു പറയുന്നു. ആദ്യഘട്ടത്തില്‍ മലയാളം, മറാത്തി, ഗുജറാത്തി ഭാഷകളിലാണ് ലേണിംഗ് ആപ്പുകള്‍ തയ്യാറാക്കുന്നത്.
പഠനം പരീക്ഷയെ പേടിച്ചാവരുത്
നമ്മുടെ കുട്ടികള്‍ പഠിക്കുന്നത് പരീക്ഷയെ പേടിച്ചാണെന്നാണ് ബൈജുവിന്റെ പക്ഷം. എന്നാല്‍ അങ്ങിനെയല്ല പഠിക്കേണ്ടത്. പഠനം ആസ്വാദ്യകരമാക്കുകയാണ് ബൈജൂസ് ആപ്പുകളുടെ ലക്ഷ്യം. ഓരോ കുട്ടിയും വ്യത്യസ്തനാണ്. അതിന് അനുസരിച്ചുള്ള വ്യക്തിഗതമായ പഠന രീതികള്‍ വേണം. പരീക്ഷയെഴുതി മാര്‍ക്ക് വാങ്ങുകയല്ല, ആശയങ്ങള്‍ മനസ്സിലാക്കി മുന്നേറുകയെന്നതാവണം പഠനത്തിന്റെ ആത്യന്തിക ലക്ഷ്യം. അതിനനുസരിച്ചുള്ള പഠന സാമഗ്രികളാണ് ബൈജൂസ് വികസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരാണ് ബൈജൂസിന്റെ കരുത്ത്
നവീനമായ രീതികളിലൂടെ പഠനവിഷയങ്ങള്‍ അവതരിപ്പിക്കാന്‍ പ്രാപ്തരായ മികച്ച ജീവനക്കാരുടെ സംഘമാണ് ബൈജൂസിന്റെ കരുത്ത്. പുതിയ ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്ത് വിപണിയിലെത്തിക്കാന്‍ മൂവായിരത്തിലേറെ മിടുക്കരായ ജീവനക്കാരാണ് കമ്പനിയില്‍ പണിയെടുക്കുന്നത്. ഓരോ വീഡിയോയ്ക്കും അനുയോജ്യമായ സംഗീതവും സൗണ്ട് ട്രാക്കും നല്‍കാന്‍ കമ്പനിയില്‍ തന്നെ വിദഗ്ധരായ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഈ വര്‍ഷത്തെ ലക്ഷ്യം 1400 കോടി
2015ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബൈജൂസിന്റെ മാത്‌സ്-സയന്‍സ് ലേണിംഗ് ആപ്പുകള്‍ ഇതിനകം മൂന്നു കോടി പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20 ലക്ഷം വാര്‍ഷിക വരിക്കാര്‍ പണം നല്‍കി ആപ്പ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 520 കോടി രൂപയായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് അത് 1400 കോടിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു.


Click it and Unblock the Notifications