ദില്ലി: നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ ജിഎസ്ടി കുറച്ചതുമായി ബന്ധപ്പെട്ട് ജിഎസ്ടി കൗണ്‍സില്‍ പ്രഖ്യാപിച്ച ഇടക്കാല പദ്ധതിയില്‍ വ്യക്തത വരുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയരക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ്. ഏപ്രില്‍ ഒന്നിന് മുമ്പ് തുടങ്ങിയ നിര്‍മാണ പദ്ധതികള്‍ക്കുള്ള ജിഎസ്ടിയില്‍ പഴയ നിരക്കോ പുതിയ നിരക്കോ ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അധികാരം വീട് വാങ്ങുന്നവര്‍ക്കല്ലെന്നും മറിച്ച് ഡെവലപ്പര്‍മാര്‍ക്കാണെന്നുമാണ് പുതിയ വിശദീകരണം. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് പുതിയ വിശദീകരണവുമായി ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

ബില്‍ഡര്‍മാര്‍ക്കുണ്ടായിരുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അര്‍ഹത എടുത്തുകളഞ്ഞ് നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ ജിഎസ്ടിയില്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു. സാധാരണ വീടുകള്‍ എന്ന വിഭാഗത്തില്‍ 12 ശതമാനമായിരുന്നു അതുവരെ ജിഎസ്ടിയായി ഈടാക്കിയിരുന്നത്. എന്നാല്‍ ഇത് 12ല്‍ നിന്ന് അഞ്ച് ശതമാനമായി കുത്തനെ കുറച്ചു. 45 ലക്ഷം രൂപയില്‍ താഴെ വിലവരുന്ന അഫോഡബ്ള്‍ ഹൗസ് വിഭാഗത്തില്‍ പെട്ട ചെറുവീടുകള്‍ക്ക് എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായും ജിഎസ്ടി കുറച്ചിരുന്നു. എന്നാല്‍ അതുവരെ ബില്‍ഡര്‍മാര്‍ക്ക് ലഭിച്ചിരുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തുകളഞ്ഞത് റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ഭേദഗതിയുമായി ജിഎസ്ടി കൗണ്‍സില്‍ രംഗത്തെത്തുകയായിരുന്നു. ഏപ്രില്‍ ഒന്നിനു മുമ്പ് നിര്‍മാണം ആരംഭിച്ച വീടുകള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റോടു കൂടിയ ജിഎസ്ടി നിരക്ക് തുടരാന്‍ ഡെവലപ്പര്‍മാര്‍ക്ക് അനുവാദം നല്‍കിക്കൊണ്ടായിരുന്നു ഇത്. അതേസമയം, താല്‍പര്യമുള്ളവര്‍ക്ക് പുതിയ നിരക്ക് തെരഞ്ഞെടുക്കാനും അവസരം നല്‍കി.
എന്നാല്‍ വീട് വാങ്ങുന്നവര്‍ കുറഞ്ഞ ജിഎസ്ടിയില്‍ വീട് ലഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് പുതിയ വിശദീകരണം. ഏത് നിരക്ക് വേണമെന്ന് തീരുമാനിക്കുവാനുള്ള അധികാരം ഡെവലപ്പര്‍മാര്‍ക്കാണെന്നും അവര്‍ തെരഞ്ഞെടുക്കുന്ന ഓപ്ഷന്‍ അനുസരിച്ചുള്ള ജിഎസ്ടി നല്‍കാന്‍ വീട് വാങ്ങുന്നവര്‍ക്ക് ബാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. ഏപ്രില്‍ ഒന്നിനു മുമ്പുള്ള നിര്‍മാണങ്ങളുടെ കാര്യത്തില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റോടു കൂടിയ പഴയ നിരക്ക് മെയ് 10നു മുമ്പ് നിര്‍മാണ കമ്പനികള്‍ തെരഞ്ഞെടുക്കാത്ത പക്ഷം അവര്‍ക്ക് പുതിയ നിരക്ക് സ്വമേധയാ ബാധകമാവുമെന്നും പുതിയ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.
ചരക്കു സേവന നികുതിയില്‍ ഒരു ഉല്‍പ്പന്നത്തിന് സംരംഭകന്‍ നികുതി അടയ്ക്കുമ്പോള്‍ അതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ നികുതി കഴിച്ച് ബാക്കി തുക അടച്ചാല്‍ മതിയെന്നാണ് നിയമം. ഇങ്ങനെ അടച്ച നികുതിയുടെ ക്രെഡിറ്റ് എടുക്കുന്നതാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അഥവാ ഐടിസി. സംരംഭകന് ബിസിനസില്‍ നഷ്ടമുണ്ടാകാതിരിക്കാനാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്റെ ആനുകൂല്യം നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ഗുണഫലം വീട് വാങ്ങുന്നവര്‍ക്ക് ലഭിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി നിരക്ക് കുറച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തത്.


Click it and Unblock the Notifications