2023-24 സാമ്പത്തിക വർഷം നിക്ഷേപകർക്ക് നൽകിയത് മികച്ച നേട്ടമാണ്. ബിഎസ്ഇ സെൻസെക്‌സ് സൂചിക 24.8 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി 50 സൂചിക 28.5 ശതമാനം ഉയർന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകൾ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ട് ഒഴുക്ക്, വിദേശ പണത്തിൻ്റെ തിരിച്ചുവരവ്, പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ച, ആരോഗ്യകരമായ കോർപ്പറേറ്റ് വരുമാനം എന്നിവയാണ് പ്രധാന പ്രേരക ഘടകങ്ങൾ. എന്തായാലും പുതിയ സാമ്പത്തിക വർഷത്തിലും വിപണി പുതിയ റെക്കോർഡുകൾ തീർക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.
വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്ത സാമ്പത്തിക വർഷത്തെ ഏറ്റവും നിർണായകമായ പ്രേരക ഘടകങ്ങളായേക്കാം. അതുകൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവെച്ച ചില ഓഹരികൾ ഏതൊക്കെയാണെന്നും അവയുടെ മുന്നോട്ടുള്ള പ്രകടനം ഏത് രീതിയിലായിരിക്കുമെന്നും പരിശോധിക്കാം.

1. ഇൻസൊലേഷൻ എനർജി
സോളാർ പാനൽ സാങ്കേതികവിദ്യ , സോളാർ പാനൽ മൊഡ്യൂളുകൾ എന്നിവയുടെ നിർമ്മാണത്തിൽ മുൻനിരയിലുള്ള കമ്പനിയാണ് ഇൻസൊലേഷൻ എനർജി. 2023ൽ കമ്പനിയുടെ ഉൽപ്പാദന ശേഷി 200 മെഗാവാട്ടിൽ നിന്ന് 700 മെഗാവാട്ടായി ഉയർന്നു.
മൾട്ടിബാഗർ നേട്ടം
1,556.05 ശതമാനമാണ് കമ്പനിയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,556.05 ശതമാനത്തിന്‍റെ മൾട്ടിബാഗർ നേട്ടമാണ് ഇൻസൊലേഷൻ എനർജി ഓഹരി വിപണിയിൽ നിന്നും നേടിയത്. 279.76 ശതമാനമാണ് ആറ് മാസത്തെ നേട്ടം. അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി ഓഹരി ചെറിയ തിരിച്ചടികൾ നേരിടുന്നുണ്ട്.
1,750 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 118.50 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
മുന്നേറ്റത്തിന് സാധ്യത
ഇൻസൊലേഷൻ എനർജി ഉൽപ്പാദന ശേഷി കൂടുതൽ വർധിപ്പിക്കാനുള്ള പദ്ധതികളിലേക്ക് കടക്കുകയാണ്. നിലവിലെ മൊത്തം ശേഷിയായ 750 മെഗാവാട്ടിൽ നിന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,200 മെഗാവാട്ടായി ഉൽപ്പാദന ശേഷി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്. 600 മെഗാവാട്ട് ശേഷിയുള്ള സോളാർ സെൽ നിർമ്മാണ ലൈനിൽ കമ്പനി 3 ബില്യൺ രൂപ നിക്ഷേപിക്കുന്നു. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരിയിലും വലിയ കുതിപ്പുണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
2. വാരി റിന്യൂവബിൾ ടെക്‌നോളജീസ്
രാജ്യത്തെ പ്രമുഖ സോളാർ കമ്പനിയാണ് വാരി റിന്യൂവബിൾ ടെക്‌നോളജീസ്. ഇതുവരെ ഏകദേശം ആയിരത്തിലധികം പ്രോജക്ടുകൾ കമ്പനി പൂർത്തിയാക്കി. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി 117.3% വരുമാന വളർച്ചയും 522.3% പിഎടി വളർച്ചയും കൈവരിച്ചു. കമ്പനിക്ക് 856 മെഗാവാട്ടിൻ്റെ വളർന്നുവരുന്ന ഓർഡർ ബുക്ക് ഉണ്ട്.

നേട്ടം 800 ശതമാനം
കഴിഞ്ഞ ഒരു വർഷത്തിനിടെ 830.57 ശതമാനത്തിന്‍റെ നേട്ടമാണ് കമ്പനി നേടിയത്. 1,475.70 രൂപയാണ് നിലവിലെ ഓഹരി വില. ആറ് മാസത്തിനിടെ 426.40 ശതമാനത്തിന്‍റെ നേട്ടവും ഒരു മാസത്തിനിടെ 14.69 ശതമാനത്തിന്‍റെ വളർച്ചയും കമ്പനി കൈവരിച്ചു.
1,641 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 153.02 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരി വില.
കുതിപ്പ് തുടരും
2024 സാമ്പത്തിക വർഷത്തിൽ ഗ്രൗണ്ട് മൗണ്ടഡ്, റൂഫ്‌ടോപ്പ് സോളാർ പവർ പ്രോജക്ടുകൾക്കായി കമ്പനി ഏഴ് വൻ ഓർഡറുകൾ നേടിയിട്ടുണ്ട്. അതോടൊപ്പം 1മെഗാ വാട്ട് ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള ഒരു വലിയ കരാറും കമ്പനിയുടെ കൈവശമുണ്ട്. അതുകൊണ്ടു തന്നെ പുതിയ സാമ്പത്തിക വർഷത്തിലും കമ്പനി ഓഹരിയുടെ മുന്നേറ്റം തുടരാൻ തന്നെയാണ് സാധ്യത.
3. ഗാർഗ് ഫർണസ്
50 വർഷത്തിലേറെയായി ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിലെ ഭീമൻ കമ്പനിയാണ് ഗാർഗ് ഫർണസ്. നോൺ-അലോയ് സ്റ്റീൽ റൗണ്ടുകൾ, ബില്ലറ്റുകൾ, ഇൻഗോട്ടുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ ഇരുമ്പ്, ഉരുക്ക് ഉൽപ്പന്നങ്ങളുടെ മേഖലയിലാണ് കമ്പനിയുടെ പ്രവർത്തനം.
വളർച്ച 700 ശതമാനം
339 രൂപയാണ് കമ്പനിയുടെ നിലവിലെ ഓഹരി വില. 697.83 ശതമാനം വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓഹരി വിപണിയിൽ കമ്പനി നേടിയത്. 6 മാസത്തിനിടെ 98 ശതമാനം മുന്നേറ്റവും കമ്പനി കാഴ്ച വച്ചു. 392.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 37 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരി വില.
മുന്നേറ്റം തുടരും
ഗാർഗ് ഫർണസ് പരിസ്ഥിതി സൗഹൃദ സ്റ്റീൽ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ നൽകുകയാണ്. മലിനീകരണവും ഊർജ്ജ ഉപഭോഗവും കുറയ്ക്കുന്നതിന് അസംസ്കൃത വസ്തുവായി 100% ഉയർന്ന ഗ്രേഡ് സ്ക്രാപ്പ് ഉപയോഗിക്കുന്നതിന് കമ്പനി മുൻഗണന നൽകുന്നു.അടുത്ത ദശകത്തിൽ ഘട്ടം ഘട്ടമായി 5 മെഗാവാട്ട് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ, കമ്പനി അതിൻ്റെ ഊർജ്ജ ചെലവുകളും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതും നിയന്ത്രിക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉൽപ്പാദനം മൂന്നിരട്ടി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മുന്നേറ്റങ്ങൾ കമ്പനിയുടെ ഓഹരി കുതിപ്പിനും ശക്തി പകരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications