2022 -ല്‍ അതിവേഗം പായുന്ന ഓഹരികളില്‍ ഒന്നാണ് അദാനി ഗ്രീന്‍. നടപ്പുവര്‍ഷം ഇതുവരെ 108 ശതമാനം ആദായം അദാനി ഗ്രീനില്‍ 'പൈസയിട്ടവര്‍ക്ക്' ലഭിച്ചുകഴിഞ്ഞു. ജനുവരി ആദ്യവാരം 1,346 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ചൊവാഴ്ച്ച, അതായത് ഏപ്രില്‍ 12 -ന് വ്യാപാരം നിര്‍ത്തുമ്പോള്‍ 2,800 രൂപയിലേക്ക് അദാനി ഗ്രീന്‍ ഓഹരികള്‍ തലയുയര്‍ത്തിയത് കാണാം.
വാസ്തവത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെയാണ് അദാനി ഗ്രീന്‍ 'ടോപ്പ് ഗിയറില്‍' കടന്നത്. ഇക്കാലയളവില്‍ 50 ശതമാനത്തിലേറെ മുന്നേറ്റം സ്റ്റോക്ക് കാഴ്ച്ചവെക്കുന്നുണ്ട്.
അദാനി ഗ്രീനിന്റെ സമീപകാല ഉയര്‍ച്ചയ്ക്കുള്ള കാരണമെന്താണ്? നിക്ഷേപകരില്‍ പലര്‍ക്കും സംശയമുണ്ട്. അടുത്തിടെ പ്രവര്‍ത്തന മികവ് സംബന്ധിച്ച് കമ്പനി എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ വിവരങ്ങള്‍ ഓഹരി വിലവര്‍ധനവിനുള്ള ഒരു കാരണമാണ്.
2022 സാമ്പത്തിക വര്‍ഷം നാലാം പാദം അദാനി ഗ്രീനിന്റെ പ്രവര്‍ത്തന ശേഷി വാര്‍ഷികാടിസ്ഥാനത്തില്‍ 56 ശതമാനം കൂടി 5,410 മെഗാവാട്ടായി. മാര്‍ച്ച് പാദം കമ്പനിയുടെ ഊര്‍ജ്ജ വില്‍പ്പനയും 84 ശതമാനം ഉയര്‍ന്നു. ജനുവരി - മാര്‍ച്ച് കാലത്ത് 2,971 മില്യണ്‍ യൂണിറ്റ് ഊര്‍ജ്ജമാണ് അദാനി ഗ്രീന്‍ വിറ്റത്. മുന്‍വര്‍ഷം ഇതേകാലത്ത് 1,614 മില്യണ്‍ യൂണിറ്റായിരുന്നു വില്‍പ്പന.
അദാനി ഗ്രീനിലേക്ക് പുതിയ നിക്ഷേപങ്ങള്‍ ഒഴുകിയെത്തുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി (ഐഎച്ച്‌സി) അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ 500 മില്യണ്‍ ഡോളറിന്റെ (3,850 കോടി രൂപ) മൂലധന നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് മാനജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
നിക്ഷേപം എത്തുന്നതോടെ കമ്പനിയുടെ ബാലന്‍സ് ഷീറ്റിലെ സമ്മര്‍ദ്ദം കുറയും; ക്രെഡിറ്റ് റേറ്റിങ് പ്രൊഫൈല്‍ ദൃഢപ്പെടും. മൂലധനച്ചെലവുകള്‍ കുറയുന്നതിനും ഭാവിയിലെ വളര്‍ച്ചയ്ക്കും പുതിയ നിക്ഷേപം സഹായകരമാകും.
പോസിറ്റീവ് ഫണ്ടമെന്റലുകള്‍ അടിസ്ഥാനപ്പെടുത്തി ശക്തമായ ബുള്ളിഷ് ട്രെന്‍ഡാണ് അദാനി ഗ്രീന്‍ ഓഹരികള്‍ വിപണിയില്‍ മുറുക്കെപ്പിടിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള 10 -മത്തെ കമ്പനിയാണ് അദാനി ഗ്രീന്‍. 4.41 ലക്ഷം കോടി രൂപയുടെ മാര്‍ക്കറ്റ് കാപ്പ് കമ്പനി അവകാശപ്പെടുന്നു.
ഭാരതി എയര്‍ടെല്‍, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഐടിസി, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവരെ മറികടന്നാണ് അദാനി ഗ്രീനിന്റെ പുതിയ നേട്ടം. 17.38 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍.
അദാനി ഗ്രീന്‍ ഓഹരികള്‍ ഇനി വാങ്ങിയിട്ട് കാര്യമുണ്ടോ? ഓഹരി വിപണിയില്‍ കമ്പനിയുടെ ഉയര്‍ച്ച കാണുമ്പോള്‍ നിക്ഷേപകരുടെ അടുത്ത ചോദ്യമിതാണ്. വിഷയത്തില്‍ നിരവധി ഓഹരി വിദഗ്ധര്‍ കാഴ്ച്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് അദാനി ഗ്രീന്‍ ഓഹരികള്‍ സമാഹരിക്കാമെന്നാണ് ഷെയര്‍ ഇന്ത്യ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റും റിസര്‍ച്ച് മേധാവിയുമായ രവി സിങ് പറയുന്നത്. 15 മുതല്‍ 18 ശതമാനം വരെ ആദായം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്റ്റോക്ക് സമര്‍പ്പിക്കും.
ഹരിതോര്‍ജ്ജത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ ശ്രദ്ധചെലുത്തുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ അദാനി ഗ്രീന്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്ന നിരീക്ഷണം കാപ്പിറ്റല്‍ വിയ ഗ്ലോബല്‍ റിസര്‍ച്ചിലെ അനലിസ്റ്റ് അനിമേഷ് മാല്‍വിയ പങ്കുവെയ്ക്കുന്നു. സെഗ്മന്റിലെ ലീഡറായി അദാനി ഗ്രീന്‍ തുടരും. അടുത്ത പാദങ്ങളില്‍ കമ്പനിയുടെ ലാഭമാര്‍ജിനുകള്‍ വര്‍ധിക്കുമെന്നും ഇദ്ദേഹം പറയുന്നു.
വിപണിയില്‍ ട്രേഡ് ചെയ്യുന്ന വോളിയം പരിശോധിച്ചാല്‍ ചൊവാഴ്ച്ച 37 ലക്ഷം അദാനി ഗ്രീന്‍ ഓഹരികളാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ കണക്കുകളില്‍ 47 ലക്ഷം ഇടപാടുകളും കാണാം. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 28 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുനല്‍കിയത്. ബുധനാഴ്ച്ചയും 3 ശതമാനത്തിലേറെ ഉയര്‍ച്ച തുടക്ക വ്യാപാരത്തില്‍ അദാനി ഗ്രീന്‍ രേഖപ്പെടുത്തുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications