തുടര്‍ച്ചയായി രണ്ടാം വാരവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ആരംഭം കുറിച്ചു. തിങ്കളാഴ്ച്ച 17,000 മാര്‍ക്കിന് താഴേക്കാണ് നിഫ്റ്റി വീണത്. സെക്ടറുകളില്‍ ഉടനീളമുണ്ടായ വില്‍പ്പനയും ദുര്‍ബലമായ ആഗോള സൂചനകളും വിപണിയുടെ ഇന്നത്തെ വീഴ്ച്ചയ്ക്ക് കാരണങ്ങളായി.
അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്‌സില്‍ 617.26 പോയിന്റുകളാണ് ചോര്‍ന്നത് (1.08 ശതമാനം ഇടിവ്). സൂചിക 56,579.89 പോയിന്റ് നിലയില്‍ ക്ലോസ് ചെയ്തു. മറുഭാഗത്ത് 218 പോയിന്റുകള്‍ ഇടിഞ്ഞ നിഫ്റ്റി 16,954 എന്ന നിലയിലാണ് തിരശ്ശീലയിട്ടത് (1.27 ശതമാനം ഇടിവ്).
നിഫ്റ്റിയില്‍ കോള്‍ ഇന്ത്യ, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവര്‍ കനത്ത നഷ്ടം ഏറ്റുവാങ്ങി.
വിപണി 'ശോകമൂകമെങ്കിലും' ഒരുപിടി ഓഹരികള്‍ ഇന്ന് 'ടോപ്പ് ഗിയറിലാണ്' കുതിച്ചത്. അദാനി പവറാണ് ഇക്കൂട്ടത്തിലെ പ്രധാനിയും. തിങ്കളാഴ്ച്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിന് കമ്പനി സാക്ഷിയായി. രാവിലെ 264.10 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച അദാനി പവര്‍ ഓഹരികള്‍ 272.15 രൂപയിലാണ് വ്യാപാരം നിര്‍ത്തിയത്.
കഴിഞ്ഞ 52 ആഴ്ച്ചക്കിടെ കമ്പനി കണ്ടെത്തുന്ന ഏറ്റവും ഉയര്‍ന്ന വിലനിലവാരമാണിത്. ഇന്നത്തെ മുന്നേറ്റത്തോടെ 1 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവും അദാനി പവര്‍ പിന്നിട്ടു. അദാനി ഗ്രൂപ്പില്‍ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ കമ്പനിയാണിത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നീ കമ്പനികള്‍ മുന്‍പ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കുറിച്ചുകൊണ്ട് ഹേമംഗ് റിസോഴ്‌സസ് (54.20 രൂപ), കോഹിനൂര്‍ ഫൂഡ്‌സ് (13.20 രൂപ), മധുവീര്‍ കോം 18 നെറ്റ്‌വര്‍ക്ക് (10.26 രൂപ), എംഐഡി ഇന്ത്യ ഇന്‍ഡസ്ട്രീസ് (17.70 രൂപ), എംപിഎല്‍ പ്ലാസ്റ്റിക്‌സ് (13.24 രൂപ), തോമസ് സ്‌കോട്ട് ഇന്ത്യ (66.85 രൂപ), വേറാന്ത ലേണിങ് സൊല്യൂഷന്‍സ് (198.55 രൂപ), സെനിത് സ്റ്റീല്‍ പൈപ്പ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (4.75 രൂപ) എന്നിവരും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്നു കളംനിറഞ്ഞിട്ടുണ്ട്.
മേല്‍പ്പറഞ്ഞ സ്റ്റോക്കുകള്‍ എല്ലാം കഴിഞ്ഞ 52 ആഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലനിലവാരത്തിലാണ് ഇപ്പോള്‍ തുടരുന്നത്.
മറുഭാഗത്ത് അനുഭവ് ഇന്‍ഫ്രാസ്ട്രക്ചര്‍, ബിര്‍ല ടയേഴ്‌സ്, ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ്, നിവാക ഫാഷന്‍സ്, ഫൈസര്‍, പര്‍പ്പിള്‍ എന്റര്‍ടെയ്ന്‍മെന്റ്, ശ്രീ ഗണേശ് ബയോടെക്ക് ഇന്ത്യ, ഉമ എക്‌സ്‌പോര്‍ട്ട്‌സ് അടക്കം 18 ഓഹരികള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 52 ആഴ്ച്ച താഴ്ച്ചയിലേക്ക് തിങ്കളാഴ്ച്ച കാലിടറി. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 56 സ്‌റ്റോക്കുകള്‍ 52 ആഴ്ച്ച ഉയരം കുറിച്ചപ്പോള്‍ 19 സ്‌റ്റോക്കുകള്‍ 52 ആഴ്ച്ച താഴ്ച്ചയിലേക്ക് നിലംപതിച്ചത് കാണാം.
അദാനി പവര്‍, അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍, അഗ്രോ ഫോസ് ഇന്ത്യ, അപ്‌കോടെക്‌സ് ഇന്‍ഡസ്ട്രീസ്, അദാനി വില്‍മര്‍, ബോറോസില്‍ റീന്യൂവബിള്‍സ്, കാപിറ്റല്‍ ട്രസ്റ്റ്, ഡെവ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഷ്‌നൈഡര്‍ ഇലക്ട്രിക് ഇന്‍ഫ്രാസ്ട്രക്ചര്‍, സിംപ്ലക്‌സ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ്, ടെക്‌സ്മാകോ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഹോള്‍ഡിങ്‌സ്, വിനാറ്റി ഓര്‍ഗാനിക്‌സ് ഉള്‍പ്പെടുന്ന ഓഹരികളാണ് എന്‍എസ്ഇയില്‍ 52 ആഴ്ച്ച ഉയരം കീഴടക്കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications