ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരുത്തല്‍ തുടരുകയാണ്. കുതിച്ചുകയറിയ പല ഓഹരികളും ഇപ്പോഴും ഉയരങ്ങളില്‍ നിന്നും താഴേക്ക് ഇറങ്ങിയിട്ടുണ്ട്. ഈ ഗണത്തില്‍ പ്രധാനികളാണ് ടാറ്റ പവറും അദാനി പവറും.
പോയവാരം 2 ശതമാനത്തിലേറെ വിലയിടിവ് ടാറ്റ പവര്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്. വിവാദങ്ങളില്‍പ്പെട്ട് ആടിയുലയുന്ന അദാനി പവറാകട്ടെ, ഭീകരമായ 10 ശതമാനം വീഴ്ച്ചയും രേഖപ്പെടുത്തുന്നു. ഈ അവസരത്തില്‍ ഹ്രസ്വകാല നേട്ടങ്ങള്‍ ലക്ഷ്യമിട്ട് ഇവയില്‍ ഏത് വാങ്ങുന്നതാണ് ഉചിതം? നിക്ഷേപകരില്‍ വലിയൊരു ശതമാനം പേര്‍ക്കും സംശയമുണ്ട്.
190 രൂപയാണ് ടാറ്റ പവറിന്റെ 52 ആഴ്ച്ച താഴ്ച്ച (2022 ജൂണ്‍ 20). വെള്ളിയാഴ്ച്ചത്തെ താഴ്ന്ന വിലനിലവാരം വിലയിരുത്തുമ്പോള്‍ 52 ആഴ്ച്ച താഴ്ച്ചയില്‍ നിന്നും 6 ശതമാനം ദൂരത്ത് മാത്രമാണ് ടാറ്റ പവറുള്ളത്. അദാനി പവറിന്റെ കാര്യമെടുത്താലോ, 2022 ഫെബ്രുവരി 10 -ന് രേഖപ്പെടുത്തിയ 106.10 രൂപയെന്ന 52 ആഴ്ച്ച താഴ്ച്ചയില്‍ നിന്നും 54 ശതമാനം ഉയരം ഓഹരിക്ക് ഇപ്പോഴുമുണ്ട്.
ഇനി ഇരു ഓഹരികളുടെയും 52 ആഴ്ച്ച ഉയരത്തില്‍ നിന്നുള്ള വീഴ്ച്ച പരിശോധിക്കാം. 2022 ഏപ്രില്‍ 7 -നാണ് 298 രൂപയെന്ന 52 ആഴ്ച്ച ഉയരം ടാറ്റ പവര്‍ കയ്യടക്കുന്നത്. അന്നത്തെ നിലയില്‍ നിന്നും 31 ശതമാനം തിരുത്തല്‍ സ്റ്റോക്ക് നേരിടുന്നു. മറുഭാഗത്ത് 432.80 രൂപ വരെ കയറിയ അദാനി പവര്‍ 60 ശതമാനത്തിലേറെയുള്ള തകര്‍ച്ചയ്ക്കാണ് ഇരയാവുന്നത്.
സാമ്പത്തിക പ്രകടനം
2022 ഡിസംബര്‍ 31 -ന് അവസാനിച്ച പാദം ടാറ്റ പവറിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 551.89 കോടി രൂപയില്‍ നിന്നും 1,052 കോടി രൂപയായാണ് വര്‍ധിച്ചത്; 91 ശതമാനം വാര്‍ഷിക വളര്‍ച്ച. എന്നാല്‍ ഇക്കാലയളവില്‍ അദാനി പവറിന്റെ അറ്റാദായം 96 ശതമാനം ഇടിഞ്ഞ് 8.77 കോടി രൂപയായി ചുരുങ്ങി. 2021 ഡിസംബര്‍ പാദം 218.49 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
ടെക്നിക്കല്‍ ചിത്രം - ടാറ്റ പവര്‍
രാജ്യത്തെ പ്രമുഖ ബ്രോക്കറേജായ ആനന്ദ് രാത്തി ടാറ്റ പവറിലെ ഹ്രസ്വകാല കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി ചാര്‍ട്ടില്‍ തുടരെ 'ലോവര്‍ ഹൈ ലോവര്‍ ലോ' കുറിച്ചുകൊണ്ട് ചലിക്കുകയാണ് ടാറ്റ പവര്‍. ഫലമോ, വിലയില്‍ 23 ശതമാനം തിരുത്തല്‍ സംഭവിച്ചിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസം കൊണ്ട് 205 രൂപയ്ക്ക് അരികെ ശക്തമായ അടിത്തറ കണ്ടെത്താന്‍ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.

ഇതേസമയം, വ്യക്തമായ ബ്രേക്കൗട്ടോ ബ്രേക്ക്ഡൗണോ ടാറ്റ പവറില്‍ കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട് നിക്ഷേപകര്‍ കാത്തിരിക്കുന്നതാണ് ഉചിതം, ആനന്ദ് രാത്തിയിലെ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റും സീനിയര്‍ മാനേജറുമായ ജിഗര്‍ എസ് പട്ടേല്‍ പറയുന്നു.
ഏഞ്ചല്‍ വണ്ണിലെ ടെക്നിക്കല്‍ അനലിസ്റ്റായ രാജേഷ് ഭോസാലെയും ടാറ്റ പവറില്‍ നിരീക്ഷണം പങ്കുവെയ്ക്കുന്നുണ്ട്. 215-217 രൂപ നിലവാരത്തിന് മുകളിലേക്ക് എത്തുന്നപക്ഷം ടാറ്റ പവര്‍ സമാഹരിക്കാന്‍ തുടങ്ങാം. ഹ്രസ്വകാലം കൊണ്ട് 228-230 രൂപ വരെയ്ക്കും എത്തിപ്പിടിക്കാന്‍ സ്റ്റോക്കിന് കഴിയും.
നിലവില്‍ ടാറ്റ പവര്‍ ബെയറിഷ് ട്രെന്ഡിലാണുള്ളത്. 215 രൂപയില്‍ ശക്തമായ പ്രതിരോധം കാണാം. ക്ലോസിങ് അടിസ്ഥാനപ്പെടുത്തി ഈ നിലവാരം മറികടക്കുകയാണെങ്കില്‍ വരും ആഴ്ച്ചകളില്‍ 225-238 രൂപ വരെയ്ക്കും സ്റ്റോക്ക് എത്തും. 195 രൂപയില്‍ പിന്തുണയും ടാറ്റ പവറിനുണ്ട്, ടിപ്സ്2ട്രേഡ്സിലെ ടെക്നിക്കല്‍ അനലിസ്റ്റ് എആര്‍ രാമചന്ദ്രന് അറിയിക്കുന്നു.
ടെക്നിക്കല്‍ ചിത്രം - അദാനി പവര്‍
അദാനി പവര്‍ വാങ്ങുന്നതില്‍ നിന്ന് ട്രേഡര്‍മാര്‍ വിട്ടുനില്‍ക്കണം. 140-155 സോണിലായിരിക്കും സ്റ്റോക്ക് അടുത്ത പിന്തുണ കണ്ടെത്തുക - അജിത് മിശ്ര, വൈസ് പ്രസിഡന്റ്, ടെക്നിക്കല്‍ റിസര്‍ച്ച്, റെലിഗയര്‍ ബ്രോക്കിങ്

അദാനി ഗ്രൂപ്പ് കമ്പനികളെ സംബന്ധിച്ച് നാള്‍ക്കുനാള്‍ പുതുവാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ അദാനി പവര്‍ റിസ്ക് കൂടിയ ഓഹരിയാണ്. ഇതേസമയം, 186 രൂപയ്ക്ക് മുകളില്‍ ആധികാരികമായ ക്ലോസിങ് ലഭിക്കുകയാണെങ്കില്‍ ഹ്രസ്വകാലം കൊണ്ട് ഓഹരി 199-222 രൂപ റേഞ്ചിലേക്ക് എത്തിപ്പിടിക്കും - എആര്‍ രാമചന്ദ്രന്, ടെക്നിക്കല്‍ അനലിസ്റ്റ്, ടിപ്സ്2ട്രേഡ്സ്
യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലിങ് സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വന്‍ത്തകര്‍ച്ച തുടങ്ങിയത്. അദാനി ഗ്രൂപ്പിനെതിരെ ഓഹരി തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?



Click it and Unblock the Notifications