പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ വ്യാപര ദിവസമാണിന്ന്. പ്രതീക്ഷിച്ചത് പോലെ ആഭ്യന്തര സൂചികകൾ മുന്നോട്ട് കുതിക്കുകയാണ്. സെൻസെക്സ് 556.98 പോയിൻ്റ് ഉയർന്ന് 74,208.33 ലും നിഫ്റ്റി 192.1 പോയിൻ്റ് ഉയർന്ന് 22,519 ലുമാണ് വ്യാപാരം ആരംഭിച്ചത്.
തുടർന്നുള്ള വ്യാപാരത്തിൽ സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന നിരക്കായ 74,254.62ലും നിഫ്റ്റി 22,529.95ലും എത്തി. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, അപ്പോളോ ഹോസ്പിറ്റൽസ്, അദാനി പോർട്സ്, ലാർസൻ ആൻഡ് ടൂബ്രോ, കോൾ ഇന്ത്യ, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
നിഫ്റ്റി റിയൽറ്റി സൂചിക നാല് ശതമാനത്തിലധികം ഉയർന്നു. മെറ്റൽ സൂചിക രണ്ടു ശതമാനം നേട്ടത്തിലെത്തി. സ്‌മോൾ ക്യാപ് ഓഹരികളും നേട്ടത്തിലാണ്.
കുതിച്ചു ചാടി അദാനി ടോട്ടൽ ഗ്യാസ്
തിങ്കളാഴ്ചത്തെ ആദ്യ സെഷനിൽ തന്നെ മികച്ച നേട്ടമാണ് അദാനി ടോട്ടൽ ഗ്യാസ് ഓഹരി നേടിയത്. 4 ശതമാനത്തിലധികം നേട്ടം ഓഹരി നേടി. മഥുര ജില്ലയിലെ ബർസാന ബയോഗ്യാസ് പ്ലാൻ്റിൻ്റെ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് അദാനി ടോട്ടൽ ഗ്യാസിൻ്റെ ഓഹരിയിലും മുന്നേറ്റമുണ്ടായത്. അദാനി ടോട്ടൽ ഗ്യാസിന്‍റെ ഉടമസ്ഥതയിലാണ് ബർസാന ബയോഗ്യാസ് പ്ലാൻ്റ്.

ഓഹരി വിപണിയിലെ പ്രകടനം
966.60 (ഏപ്രിൽ 1, 11.00 AM) രൂപയാണ് അദാനി ടോട്ടൽ ഗ്യാസിന്‍റെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് ദിവസങ്ങളിലായി 3.21 ശതമാനം നേട്ടമാണ് കമ്പനി വിപണിയിൽ നിന്നും നേടിയത്. ആറ് മാസത്തിനിടെ 58.17 ശതമാനം നേട്ടവും ഓഹരി നേടി.
14.28 ശതമാനം ലാഭാണ് കമ്പനിയുടെ ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത്. 1,259.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 522 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
നേട്ടമുണ്ടാക്കി മറ്റ് അദാനി ഓഹരികളും
അദാനി ടോട്ടൽ ഗ്യാസ് മാത്രമല്ല മറ്റ് അദാനി ഓഹരികളും മികച്ച മുന്നേറ്റമാണ് ഓഹരി വിപണിയിൽ കാഴ്ചവയ്ക്കുന്നത്. അദാനി എൻ്റർപ്രൈസസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അദാനി പവർ, അദാനി വിൽമർ, എസിസി, അംബുജ സിമൻ്റ്സ്, ന്യൂഡൽഹി ടെലിവിഷൻ (എൻഡിടിവി) എന്നിവ 0.40% മുതൽ 5% വരെ നേട്ടമുണ്ടാക്കി.

രാജ്യത്തെ ഏറ്റവും വലിയ ബയോ-സിഎൻജി പ്ലാന്‍റ്
ബർസാന ബയോഗ്യാസ് പ്രോജക്റ്റിന് മൂന്ന് പ്രോജക്ട് ഘട്ടങ്ങളുണ്ട്. പണി മുഴുവനായും പൂർത്തിയായാൽ ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക മാലിന്യ അധിഷ്ഠിത ബയോ-സിഎൻജി പ്ലാൻ്റായിരിക്കും ബർസാന. 600 ടൺ ഫീഡ്‌സ്റ്റോക്ക് (ടിപിഡി) മൊത്തത്തിലുള്ള ശേഷി കൈവരിക്കുമെന്നും 42 ടിപിഡി കംപ്രസ്ഡ് ബയോ ഗ്യാസും (സിബിജി) 217 ടിപിഡി ജൈവ വളവും ഉത്പാദിപ്പിക്കുമെന്നും അദാനി ടോട്ടൽ ഗ്യാസ് പറഞ്ഞു.
200 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ്. എടിബിഎല്ലിൻ്റെ ആദ്യ സിബിജി ഉൽപ്പാദന കേന്ദ്രമാണിത്. സിബിജി ഉൽപ്പാദിപ്പിക്കുന്നതിനു പുറമേ, പ്ലാൻ്റ് ജൈവ വളം നൽകുന്നു. നൂതന വായുരഹിത ദഹന സാങ്കേതികവിദ്യ ഉപയോഗിച്ച്, പ്ലാൻ്റ് ജൈവ വസ്തുക്കളെ പുനരുൽപ്പാദിപ്പിക്കാവുന്ന ബയോഗ്യാസാക്കി മാറ്റുകയും ഹരിതഗൃഹ വാതക ഉദ്‌വമനം ഗണ്യമായി കുറയ്ക്കുകയും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു എന്നും കമ്പനി വ്യക്തമാക്കി.
എൽഎൻജി സ്റ്റേഷൻ ശൃംഖല
ഇന്ത്യയിലുടനീളമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഒരു എൽഎൻജി സ്റ്റേഷൻ ശൃംഖല സ്ഥാപിക്കാനും കമ്പനി പദ്ധതികളുണ്ട്. 2024 ജൂലൈയോടെ ഔട്ട്‌ലെറ്റ് കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications