തൊട്ടതെല്ലാം പൊന്നാക്കി അദാനി; അദാനി വില്‍മറും അദാനി പവറും അപ്പര്‍ സര്‍ക്യൂട്ടില്‍, കാരണമറിയാം

ഇന്നലെ അദാനി പവര്‍. ഇന്ന് അദാനി വില്‍മര്‍. അദാനി കമ്പനികളുടെ ഉയര്‍ച്ച കണ്ട് പകച്ച് നില്‍ക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. ചൊവാഴ്ച്ച തുടക്കത്തില്‍ത്തന്നെ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കയ്യടക്കിയ അദാനി വില്‍മര്‍, 1.04 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്.

തിങ്കളാഴ്ച്ച അദാനി പവറിന്റെ വിപണി മൂല്യവും 1 ലക്ഷം കോടി രൂപ പിന്നിട്ടിരുന്നു. അദാനി പവര്‍ ഇന്നും അപ്പര്‍ സര്‍ക്യൂട്ടിലാണ് (285.65 രൂപ). രാവിലെത്തന്നെ ഓഹരി വിലയിലേക്ക് 13.60 രൂപ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. നിലവില്‍ 1.10 ലക്ഷം കോടി രൂപയ്ക്ക് അരികിലാണ് അദാനി പവറിന്റെ വിപണി മൂല്യം.

അദാനി കുതിപ്പ്

പറഞ്ഞുവന്നത് അദാനി വില്‍മറിനെ കുറിച്ചാണ്. രാവിലെ 34 രൂപയുടെ അപ്‌സൈഡ് ഗ്യാപ്പ് കുറിച്ചുകൊണ്ടാണ് ഓഹരി ഇടപാടുകള്‍ക്ക് അദാനി വില്‍മര്‍ തുടക്കമിട്ടത്. തിങ്കളാഴ്ച്ച 764.95 രൂപയില്‍ ക്ലോസ് ചെയ്ത കമ്പനി ചൊവാഴ്ച്ച 803.15 രൂപയിലേക്ക് കടന്നെത്തി. കഴിഞ്ഞ 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലനിലവാരമാണിത്.

അദാനി നിരയില്‍ നിന്നും 1 ലക്ഷം കോടി രൂപ വിപണി മൂല്യം കണ്ടെത്തുന്ന ഏഴാമത്തെ കമ്പനിയെന്ന വിശേഷണം ഇപ്പോള്‍ അദാനി വില്‍മറിനുണ്ട്. അദാനി വില്‍മര്‍ ഓഹരികളുടെ പുതിയ കുതിപ്പിന് കാരണമെന്താണ്? നിക്ഷേപകര്‍ക്ക് സംശയമുണ്ട്.

സാഹചര്യം

ഭക്ഷ്യ എണ്ണ മേഖലയില്‍ ഉടലെടുത്തിരിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഡിമാന്‍ഡ്-സപ്ലൈ പരിമിതിയാണ് അദാനി വില്‍മറിന് ഗുണം ചെയ്യുന്നത്. രാജ്യാന്തര വിപണിയില്‍ സോയ വില റെക്കോര്‍ഡ് ഉയരം തൊട്ടിട്ടുണ്ട്. ഇതിനിടെ ഇന്തോനേഷ്യയും മലേഷ്യയും പാമോയില്‍ കയറ്റുമതി നിരോധിക്കുകയും ചെയ്തു.

ഇങ്ങനെയൊരു മാര്‍ക്കറ്റ് അന്തരീക്ഷത്തില്‍ ഭക്ഷ്യ എണ്ണവില വര്‍ധിക്കും. വില വര്‍ധനവ് നടപ്പിലാകുന്നതോടെ രുചി സോയ, അദാനി വില്‍മര്‍ പോലുള്ള കമ്പനികളായിരിക്കും മാര്‍ജിന്‍ നേട്ടങ്ങള്‍ നേടുക. കാരണം സുസ്ഥിരമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അസംസ്‌കൃത വസ്തുക്കള്‍ ഇവര്‍ ശേഖരിച്ചുവെയ്ക്കാറുണ്ട്. കരുതല്‍ ശേഖരമുള്ളതുകൊണ്ട് ഈ കമ്പനികള്‍ക്ക് മാര്‍ജിന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

 
അസംസ്കൃത വസ്തുക്കൾ

വിഷയത്തില്‍ ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാള്‍ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്. 'ഭക്ഷ്യ എണ്ണ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളില്‍ ഡിമാന്‍ഡ്-സപ്ലൈ പ്രതിസന്ധി ഉടലെടുക്കുകയാണ്. ഒരുഭാഗത്ത് സോയ വില കുതിച്ചുയരുന്നു. മറുഭാഗത്ത് പാമോയില്‍ കയറ്റുമതി ഇന്തോനേഷ്യയും മലേഷ്യയും വിലക്കി. ഭക്ഷ്യ എണ്ണയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവിലേക്കാണ് ഈ സാഹചര്യം നയിക്കുന്നത്', രവി സിംഗാള്‍ നിരീക്ഷിക്കുന്നു.

ഓഹരി വില

വലിയ മാര്‍ജിന്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരമാണ് അദാനി വില്‍മര്‍ പോലുള്ള വന്‍കിട എഫ്എംസിജി കമ്പനികള്‍ക്ക് കൈവരുന്നത്. കരുതല്‍ ശേഖരമുള്ളതുകൊണ്ട് അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് ഇവരെ സാരമായി ബാധിക്കില്ല, സിംഗാള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതേസമയം, അദാനി വില്‍മറിന്റെ ഓഹരി വില കുത്തനെ ഉയരുന്നതില്‍ ചില സാമ്പത്തിക വിദഗ്ധര്‍ക്ക് ആശങ്കയുണ്ട്. സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണയാണ് ഇക്കൂട്ടത്തില്‍ ഒരാള്‍.

എണ്ണവില

'ഉക്രൈന്‍ യുദ്ധത്തോടെ ആഗോളതലത്തില്‍ ചരക്കുവില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. സൂര്യകാന്തി, സോയാബീന്‍ പോലുള്ള എണ്ണ വിത്തുകള്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഉക്രൈന്‍. അതുകൊണ്ടാണ് യുദ്ധത്തിന് പിന്നാലെ ലോകമെങ്ങും ഭക്ഷ്യ എണ്ണവില വര്‍ധിച്ചത്. ഇപ്പോള്‍ ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി വിലക്കി; മലേഷ്യയാകട്ടെ കയറ്റുമതി നികുതി കൂട്ടുകയും ചെയ്തു. ഈ പശ്ചാത്തലം ഇന്ത്യയില്‍ ഭക്ഷ്യ എണ്ണവില കുത്തനെ കൂട്ടുകയാണ്', സന്തോഷ് മീണ പറയുന്നു.

 
അവസരം

'ഇപ്പോഴത്തെ സാഹചര്യം അദാനി വില്‍മറിന് കാര്യമായി ഗുണം ചെയ്യും. വിറ്റുതീരാത്ത ഉത്പന്നങ്ങളില്‍ നിന്നും നേട്ടം കുറിക്കാനുള്ള മികച്ച അവസരമാണ് കമ്പനിക്ക് മുന്നില്‍ രൂപംകൊള്ളുന്നത്. ഇതിന് പുറമെ അറ്റ മാര്‍ജിനുകളും മുന്നോട്ട് മെച്ചപ്പെടും. ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിക്ഷേപകര്‍ ഒന്നടങ്കം അദാനി വില്‍മറിലേക്ക് തിരിയുന്നത്. ഇതേസമയം, കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില ഫണ്ടമെന്റലുകളില്‍ നിന്നും ബഹുദൂരം മുന്നിലാണ്. നിക്ഷേപകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം', സന്തോഷ് മീണ സൂചിപ്പിക്കുന്നു.

സ്റ്റോപ്പ് ലോസ്

അദാനി വില്‍മറില്‍ പുതിയ പൊസിഷണുകള്‍ എടുക്കരുതെന്നാണ് ബൊണാന്‍സ പോര്‍ട്ട്‌ഫോളിയോയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രോഹിത് സിംഗ്രി നിര്‍ദേശിക്കുന്നത്. 710 രൂപയിലാണ് സ്‌റ്റോക്കിന്റെ അടിയന്തര പിന്തുണ. 650 രൂപയില്‍ ശക്തമായ പിന്തുണയും ഒരുങ്ങുന്നു. അതുകൊണ്ട് പോര്‍ട്ട്‌ഫോളിയോയില്‍ അദാനി വില്‍മര്‍ ഓഹരികള്‍ ഉള്ളവര്‍ ഈ വിലനിലവാരം കണക്കിലെടുത്ത് സ്‌റ്റോപ്പ് ലോസ് നിശ്ചയിക്കാം.

ഓഹരി വില

സമീപകാലത്താണ് അദാനി വില്‍മര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പേരുചേര്‍ത്തത്. ഐപിഓ കാലത്ത് 218 മുതല്‍ 230 രൂപ വരെയായിരുന്നു പ്രൈസ് ബാന്‍ഡ്. ഇഷ്യു വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 250 ശതമാനത്തോളം നേട്ടമാണ് സ്‌റ്റോക്ക് രേഖപ്പെടുത്തുന്നത്.

അദാനി വില്‍മറിന് പുറമെ രുചി സോയ ഓഹരികളും വിപണിയില്‍ ഉയരുന്നുണ്ട്. ചൊവാഴ്ച്ച രാവിലെ 8 ശതമാനം മുന്നേറാന്‍ രുചി സോയക്ക് കഴിഞ്ഞു. നിലവില്‍ 1,002 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരി വ്യാപാരം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,376.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 671.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X