അലൂമിനിയം കമ്പനികള്‍ക്കിത് 'ബെസ്റ്റ് ടൈമാണ്'. കാരണം രാജ്യാന്തര വിപണിയില്‍ അലൂമിനിയത്തിന് വില കുത്തനെ കയറുന്നു; എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ അലൂമിനിയം വില. ഇങ്ങനെയൊരു മാര്‍ക്കറ്റ് അന്തരീക്ഷത്തില്‍ അലൂമിനിയം കമ്പനികളെ കാത്തിരിക്കുന്നത് 'ഗജകേസരിയോഗമാണ്'.
അലൂമിനിയം ഓഹരികളില്‍ വിപണി വിദഗ്ധര്‍ ഒന്നടങ്കം ബുള്ളിഷ് കാഴ്ച്ചപ്പാടാണ് പങ്കുവെയ്ക്കുന്നത്. കൂട്ടത്തില്‍ നാഷണല്‍ അലൂമിനിയം കമ്പനി അഥവാ നാല്‍കോയിലാണ് വലിയ ലാഭസാധ്യത പ്രവചിക്കപ്പെടുന്നതും.
അലൂമിനിയം ലോഹത്തിന് വില ഉയരുന്ന പശ്ചാത്തലത്തില്‍ നാല്‍കോയുടെ മാര്‍ജിന്‍ നേട്ടങ്ങള്‍ വര്‍ധിക്കും. രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇടംപിടിക്കുന്ന നല്‍കോ ഓഹരികള്‍ ഹ്രസ്വകാലം കൊണ്ട് 160 രൂപ വരെ എത്തുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. നാല്‍കോയുടെ ബിസിനസ് മുഴുവന്‍ അലൂമിനിയത്തിലാണ്. അതുകൊണ്ട് മാര്‍ച്ച് പാദം മികവാര്‍ന്ന കണക്കുകളായിരിക്കും കമ്പനി പുറത്തുവിടുക.
രാജ്യാന്തര വിപണിയില്‍ അലൂമിനയത്തിന് പുറമെ ചെമ്പ്, സിങ്ക് എന്നീ ലോഹങ്ങള്‍ക്കും വില കുതിച്ചുയരുന്നുണ്ട്. ബുധനാഴ്ച്ച എക്കാലത്തേയും ഉയര്‍ന്ന വിലയിലാണ് അലൂമിനിയം വ്യാപാരം നടത്തിയത്. അലൂമിനിയത്തിന്റെ വിലക്കയറ്റം നാല്‍കോയുടെ മാര്‍ജിനുകള്‍ കൂട്ടും. ഫലമോ, കമ്പനിയുടെ വരുമാനം വര്‍ധിക്കും.
കഴിഞ്ഞവര്‍ഷത്തെ മള്‍ട്ടിബാഗര്‍ ഓഹരികളില്‍ ഒന്നായ നാല്‍കോ 130 രൂപയില്‍ പുത്തന്‍ ബ്രേക്കൗട്ട് കുറിക്കുമെന്നാണ് വിപണി വിദഗ്ധരുടെ നിഗമനം. എസ്എംസി ഗ്ലോബല്‍ സെക്യുരിറ്റീസിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) സൗരഭ് ജെയിന്‍ സ്റ്റോക്കിലെ ഭാവി കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നുണ്ട്.
'രാജ്യാന്തര വിപണിയില്‍ അലൂമിനിയത്തിന് വില വര്‍ധിക്കുന്നത് നാല്‍കോയ്ക്ക് ഗുണം ചെയ്യും. മാര്‍ജിനുകള്‍ ഉയരും. കമ്പനിയുടെ പ്രകടനത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വാധീനിക്കാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് കഴിയും. മാര്‍ജിന്‍ നേട്ടങ്ങള്‍ അടിസ്ഥാനപ്പെടുത്തി മാര്‍ച്ച് പാദം മികച്ച സാമ്പത്തിക ഫലമായിരിക്കും പൊതുമേഖലാ സ്ഥാപനമായ നാല്‍കോ അറിയിക്കുക. അതുകൊണ്ട് നിക്ഷേപകര്‍ക്ക് നാല്‍കോ ഓഹരികള്‍ ധൈര്യമായി വാങ്ങാം', സൗരഭ് ജെയിന്‍ പറയുന്നു.
മള്‍ട്ടിബാഗര്‍ ഓഹരിയായ നാല്‍കോ പുതിയ ബ്രേക്കൗട്ടിനുള്ള തയ്യാറെടുപ്പിലെന്നാണ് ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത അറിയിക്കുന്നത്.
'പ്രൈസ് ചാര്‍ട്ടില്‍ ഹയര്‍ ടോപ്പ് ഹയര്‍ ബോട്ടം രൂപീകരണമാണ് നാല്‍കോ ഓഹരികള്‍ നല്‍കുന്നത്. അതായത്, സ്‌റ്റോക്ക് ഇപ്പോള്‍ ബുള്‍ ട്രെന്‍ഡിലാണ്. 130 രൂപയില്‍ ചെറിയ പ്രതിരോധം രൂപംകൊള്ളുന്നുണ്ട്. എന്നാല്‍ ശക്തമായ അപ്‌ട്രെന്‍ഡ് പ്രമാണിച്ച് 130 രൂപ റേഞ്ച് ഭേദിക്കാന്‍ ഓഹരികള്‍ ഏറെ വൈകില്ല. ബ്രേക്കൗട്ടിന് പിന്നാലെ 160 രൂപ വരെ ഉയരാന്‍ നാല്‍കോയ്ക്ക് ശേഷിയുണ്ട്', അനുജ് ഗുപ്ത പറയുന്നു.
ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് കണ്ണെത്തിക്കാവുന്ന സ്റ്റോക്കാണ് നാല്‍കോ. ഇപ്പോഴത്തെ വിലനിലവാരത്തില്‍ നിക്ഷേപകര്‍ക്ക് നാല്‍കോ ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് 160 രൂപ. ഇതേസമയം, നാല്‍കോയില്‍ പോസിഷന്‍ എടുക്കുന്നവര്‍ 104 രൂപയില്‍ സ്റ്റോപ്പ് കരുതാന്‍ വിട്ടുപോകരുത്, അനുജ് ഗുപ്ത നിര്‍ദേശിക്കുന്നു. 2021 ഡിസംബറിലെ കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയുടെ പക്കല്‍ നാല്‍കോയുടെ 2.50 കോടി ഓഹരികളുണ്ട് (1.40 ശതമാനം ഓഹരി പങ്കാളിത്തം).
വ്യാഴാഴ്ച്ച 130 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 12 ശതമാനം ഉയരാന്‍ നാല്‍കോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നടപ്പു വര്‍ഷം ഓഹരി വിലയില്‍ 22 ശതമാനം മുന്നേറ്റം കമ്പനി കയ്യടക്കുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 130.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 50.70 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 8.15. ഡിവിഡന്റ് യീല്‍ഡ് 4.75 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications