ആഗോള വിപണികളിലെ ഇടിവിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയിലും തിരിച്ചടി നേരിട്ടു. പ്രധാന സൂചികകള്‍ ഒന്നര ശതമാനത്തോളം ഇടിയുകയും നിക്ഷേപകരുടെ മൂല്യത്തില്‍ 4.5 ലക്ഷം കോടിയുടെ നഷ്ടവും സംഭവിച്ചു. ഇതോടെ കഴിഞ്ഞയാഴ്ചയില്‍ മാത്രം പ്രധാന സൂചികകള്‍ 4 ശതമാനത്തോളം താഴേക്കിറങ്ങി. നിര്‍ണായക സപ്പോര്‍ട്ട് നിലവാരം ഭേദിച്ചാണ് സൂചികകള്‍ വ്യാപാരം നിര്‍ത്തിയത്. എങ്കിലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ പ്രകടമാണ്. ഇത്തരത്തില്‍ തിങ്കളാഴ്ച വ്യാപാരത്തിലേക്ക് പരിഗണിക്കാവുന്ന 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ആര്‍സിഎഫ്
വ്യാവസായിക കെമിക്കല്‍ ഉത്പന്നങ്ങളും കാര്‍ഷിക വളങ്ങളും നിര്‍മിക്കുന്ന പ്രമുഖ പൊതുമേഖല കമ്പനിയാണ് ആര്‍സിഎഫ് (BSE: 524230, NSE : RCF). കഴിഞ്ഞയാഴ്ച 90.8 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരി 88 നിലവാരത്തിലേക്ക് വരുമ്പോള്‍ വാങ്ങിക്കാം. 95 രൂപയിലേക്ക് ഓഹരി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 84 രൂപയില്‍ ക്രമീകരിക്കണമെന്നും ആനന്ദ് രാത്തി നിര്‍ദേശിച്ചു.
മാര്‍ച്ച് പകുതിയോടെ 88 നിലവാരത്തില്‍ നിന്നും ഓഹരിക്ക് ബ്രേക്കൗട്ട് സംഭവിച്ച് 110 രൂപ വരെ പോയിരുന്നു. നേരത്തെയുണ്ടായ റാലിയുടെ 50 ശതമാനം റീട്രേസ്‌മെന്റ് നിലവാരത്തിലേക്ക് വീണ്ടും എത്തിയത് പുതിയതായി വാങ്ങാനുള്ള അവസരം സൃഷ്ടിക്കുന്നു.
ഐടിസി
പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസിയുടെ (BSE: 500875, NSE : ITC) ഓഹരികള്‍ വെള്ളിയാഴ്ച 266 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 265 നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാം. 282 രൂപയാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 255 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
അടുത്തിടെ വിപണിയില്‍ നേരിട്ട തിരിച്ചടിക്കിടയിലും ശക്തമായി പ്രതിരോധിച്ചു നിന്നു. ഹ്രസ്വകാലയളവിലെ ചാര്‍ട്ടില്‍ ഓഹരിക്ക് ബ്രേക്കൗട്ട് സംഭവിച്ചതായി കാണാം.
അദാനി പവര്‍
രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ താപവൈദ്യുതി ഉത്പാദകരാണ് അദാനി പവര്‍ (BSE: 533096, NSE : ADANIPOWER). ഇതിന്റെ ഓഹരികള്‍ കഴിഞ്ഞയാഴ്ച 292 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 325 രൂപ ലക്ഷ്യമിട്ട് അദാനി പവര്‍ ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 277 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ആനന്ദ് രാത്തി നിര്‍ദേശിച്ചു.
കുറച്ച് ദിവസത്തെ സ്ഥരിതയാര്‍ജിക്കലിനു ശേഷം കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തിയെന്ന് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ വ്യക്തമാണ്. ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്.
എച്ച്എഫ്‌സിഎല്‍
ടെലികോം മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിച്ച കമ്പനിയാണ് എച്ച്എഫ്‌സിഎല്‍ (BSE: 500183, NSE : HFCL). വെള്ളിയാഴ്ച 67.90 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 90 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഇതിലൂടെ സമീപ കാലയളവില്‍ 47 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 62.90 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
സമീപകാലത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചിട്ടുണ്ട്. ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് എന്‍ഗള്‍ഫിങ് പാറ്റേണ്‍ ദൃശ്യമാണ്. ഇതൊരു ട്രെന്‍ഡ് റിവേഴ്‌സലിനെയാണ് സൂചിപ്പിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications