കിഴക്കന്‍ യൂറോപ്പിലെ റഷ്യയും ഉക്രൈനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ആഗോള വിപണികളെ തന്നെ പിടിച്ചുലയ്ക്കുന്നത്. സംഘര്‍ഷത്തിന് അയവില്ലാത്തതും ക്രൂഡ് ഓയില്‍ വിലക്കയറ്റവും കാരണം ആഭ്യന്തര വിപണിയിലും ആശങ്ക തളംകെട്ടി നില്‍ക്കുകയാണ്. എങ്കിലും ഇതൊന്നും കാര്യമാക്കാതെ കുതിപ്പിന്റെ പാതയില്‍ തുടരുന്ന നവരത്‌ന പദവിയുള്ള പൊതു മേഖല ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ആക്‌സിസ് സെക്യൂരിറ്റീസ് രംഗത്തെത്തി.
നാല്‍കോ
രാജ്യത്തെ ഏറ്റവും വലിയ ബോക്‌സൈറ്റ് ഉല്‍പാദകരാണ് നാല്‍കോ (NALCO) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാതുമേഖലാ സ്ഥാപനമായ നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ്. 1981-ല്‍ ഖനന മന്ത്രാലയത്തിന് കീഴില്‍ ഭുവനേശ്വര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഖനനം, ലോഹം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് നവരത്‌ന പദവിയുള്ള ഈ വന്‍കിട സ്ഥാപനം ശ്രദ്ധയൂന്നിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്‍പാദകരും ലോകത്ത് ഏറ്റവും ചെലവ് ചുരുങ്ങിയ മാര്‍ഗ്ഗത്തിലൂടെ നിലവാരമുള്ള അലൂമിനിയം ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനം കൂടിയാണിത്.
സാമ്പത്തികം
കഴിഞ്ഞ മൂന്ന് വര്‍ഷമായി നാല്‍കോയുടെ (BSE: 532234, NSE : NATIONALUM) വരുമാനത്തില്‍ 2.5 ശതമാനം ഇടിവുണ്ടായെങ്കിലും പ്രവര്‍ത്തന ലാഭത്തില്‍ 8.5 ശതമാനം വീതം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. അതേസമയം ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കമ്പനി കാഴ്ച വെച്ചത്. മൂന്നാം പാദത്തില്‍ നാല്‍കോയുടെ വരുമാനം 59 ശതമാനം ഉയര്‍ന്ന് 3,773 കോടിയിലേക്ക് ഉയര്‍ന്നു. മൂന്നാം പാദത്തിലെ അറ്റാദായം 246 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ച് 830 കോടിയിലേക്കെത്തി. പ്രതിയോഹരി വരുമാനം 1.28 രൂപയില്‍ നിന്നും 4.52-ലേക്കും മെച്ചപ്പെടുത്തി.
അനുകൂല ഘടകം
അലുമിനിയത്തിലും അലുമിന വിലയിലും മാത്രമാണ് നാല്‍കോ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ്. രാജ്യാന്തര വിപണിയില്‍ അലുമിനിയത്തിന്റെ വില മുകളിലേക്ക് തന്നെ കുതിക്കുന്നതിന്റെയും ഇതു കണക്കാക്കി ഉത്പദാനം വര്‍ധിപ്പിച്ചതിന്റേയും ഗുണഫലം നാല്‍കോയ്ക്ക് ലഭിക്കും. ചൈന ഉത്പാദനം കുറച്ചതിനാലും അടുത്ത സാമ്പത്തിക വര്‍ഷത്തിലും അലുമിനിയം വില ഉയര്‍ന്നു നില്‍ക്കും. ഇതിനോടൊപ്പം വ്യാവസായിക ആവശ്യം ഉയര്‍ന്നു നില്‍ക്കുന്നതും കമ്പനിക്ക് അനുകൂല ഘടകമാണ്. കൂടാതെ, ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നാല്‍കോയുടെ ഓഹരികള്‍ കുതിപ്പിന്റെ പാതയിലാണ്. ഇതിനോടകം നിരവധി വര്‍ഷത്തെ ഉയര്‍ന്ന വില നിലവാരം മറികടന്നതോടെ ഓഹരി വിലയില്‍ ഘടനാപരമായ മാറ്റവും പ്രകടമാണ്.
ഓഹരി വിശദാംശം
അലുമിനിയം വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 69.13 ആയിരിക്കുമ്പോള്‍ നാല്‍കോയുടേത് 7.88 മാത്രമാണെന്നതും ശ്രദ്ധേയമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 22,553 കോടി രൂപയാണ്. മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്ന നാല്‍കോയുടെ ഡിവിഡന്റ് യീല്‍ഡ് 2.85 ശതമാനമാണ്. നാല്‍കോയുടെ 51 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 13.3 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10.38 ശതമാനവും പങ്കാളിത്തമുണ്ട്. കമ്പനിയുടെ 2.5 കോടി ഓഹരികള്‍ പ്രശസ്ത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പക്കലുമുണ്ട്.
ലക്ഷ്യ വില 150
വെള്ളിയാഴ്ച 122.80 രൂപ നിലവാരത്തിലാണ് നാല്‍കോയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 150 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസീന്റെ നിര്‍ദേശം. ഇതിലൂടെ 25 ശതമാനം നേട്ടം കരസ്ഥമാക്കാം. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 132.70 രൂപയും കുറഞ്ഞ വില 50.70 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരി വിലയില്‍ 5 ശതമാനത്തോളം മുന്നേറ്റമുണ്ടായിട്ടുണ്ട്. അതേസമയം, ഒരു വര്‍ഷത്തിനിടെ 100 ശതമാനത്തോളം നേട്ടവും നിക്ഷേപകര്‍ക്ക് ലഭിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്‌സിസ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications