തുടര്‍ച്ചയായ രണ്ടാം ദിവസവും ബാങ്കിംഗ് ഓഹരികളില്‍ തിരിച്ചടി. മാര്‍ച്ച് 7-ന് ശേഷം ബാങ്ക്- നിഫ്റ്റി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നേരിട്ടത്. ഇതോടെ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഇന്നത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും സെന്‍സെക്‌സ് 450-ലേറെ പോയിന്റ് തിരികെ പിടിച്ചെങ്കിലും ബാങ്കിംഗ് ഓഹരികളിലെ ഇടിവ് നേട്ടത്തിലേക്ക് എത്തുന്നതില്‍ നിന്നും തടഞ്ഞു. നിഫ്റ്റിയാകട്ടെ 17,200-ന് തൊട്ടുമുകളിലായാണ് ക്ലോസ് ചെയ്തത്.
അതേസമയം, ഡെറിവേറ്റീവ് വിഭാഗത്തിലെ വീക്ക്‌ലി ഓപ്ഷന്‍സിന്റെ എക്‌സ്പയറി ദിനം കൂടിയായ ഇന്ന് നിഫ്റ്റി 151 പോയിന്റ് ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. ഓപ്പണിങ് നിലവാരമായ 17,094-ലാണ് ഇന്നത്തെ താഴ്ന്ന നിലവാരവും കുറിച്ചത്. തുടര്‍ന്ന് കുതിച്ചുകയറി നിഫ്റ്റി 15,291-ല്‍ ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 23 പോയിന്റ് നഷ്ടത്തില്‍ 17,222-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 89 പോയിന്റ് താഴ്ന്ന് 57,595-ലുമാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരി സൂചികയായ നിഫ്റ്റി-ബാങ്ക് 620 പോയിന്റ് ഇടിഞ്ഞ് 35,527-ലും വ്യാപാരം അവസാനിപ്പിച്ചു.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 8 എണ്ണം നഷ്ടത്തിലും 7 എണ്ണം നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ് വിഭാഗമാണ് ഏറ്റവും കൂടതല്‍ തിരിച്ചടി നേരിട്ടത്. ബാങ്ക്-നിഫ്റ്റി 1.74 ശതമാനം ഇടിഞ്ഞു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.59%, ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.59%, ഓട്ടോ 0.5% വീതവും ഇടിവ് രേഖപ്പെടുത്തി. അതേസമയം, 6% മുന്നേറിയ മീഡിയ വിഭാഗം സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. മെറ്റല്‍ 1.55%, ഐടി 1.50%, ഫാര്‍മ 1.10%, ഓയില്‍ & ഗ്യാസ് 1.17%, ഹെല്‍ത്ത്‌കെയര്‍ വിഭാഗം 1.14% വീതവും ഉയര്‍ന്നു. മെറ്റല്‍ ഓഹരി വിഭാഗം സൂചിക തുടര്‍ച്ചയായ ആറാം ദിവസമാണ് മുന്നേറുന്നത്. ഇതോടെ 6 ദിവസത്തിനുള്ളില്‍ 10% നേട്ടമാണ് മെറ്റല്‍ സൂചിക കരസ്ഥമാക്കിയത്. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.62 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 0.37 ശതമാനവും മുന്നേറി.
എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,117 ഓഹരികളില്‍ 1,197 എണ്ണവും നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. 865 ഓഹരികള്‍ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു, 55 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം, ഇന്നത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.72-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം 0.68 നിരക്കിലായിരുന്നു എഡി റേഷ്യോ നി്ന്നത്. വിപണിയില്‍ ഉടലെടുത്ത ദുര്‍ബലാവസ്ഥ തുടരുന്നതായാണ് എഡി റേഷ്യോ 1-ന് താഴെ നില്‍ക്കുന്നതിലൂടെ വെളിവാകുന്നത്.
ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍, ഇന്ന് 3.66 ശതമാനം ഇടിഞ്ഞ് 23.84-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 22-20 നിലവാരത്തിലേക്ക് വന്നാല്‍ ബുള്ളുകള്‍ക്ക് വിപണിയില്‍ പിടിമുറുക്കാനുള്ള സാഹചര്യമൊരുങ്ങും. അതേസമയം, എന്‍എസ്ഇയിലെ 36 ഓഹരികള്‍ വ്യാപാരത്തിനിടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 18 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു. ഇതിനോടൊപ്പം 103 സ്റ്റോക്കുകള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 101 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 25 എണ്ണം ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 4.68% മുന്നേറിയ ഡോ റെഡ്ഡീസ് നേട്ടക്കണക്കില്‍ മുന്നിലെത്തി. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ എന്നിവ 2 ശതമാനത്തിലേറയും ഉയര്‍ന്നു. അള്‍ട്രാടെക് സിമന്റ്, ടെക്മഹീന്ദ്ര, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ എന്നീ ഓഹരികള്‍ 1.5 ശതമാനത്തിലേറേയും മുന്നേറി.
- നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ 25 ഓഹരികളാണ് വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ നഷ്ടം കുറിച്ചത്. 3.13% ഇടിഞ്ഞ കൊട്ടക് ബാങ്കാണ് നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. ടൈറ്റന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ 2.5 ശതമാനത്തിലേറെയും ഐസിഐസിഐ ബാങ്ക് 2 ശതമാനത്തോളവും നഷ്ടം നേരിട്ടു.


Click it and Unblock the Notifications