ഒരാഴ്ച്ചക്കിടെ കച്ചോലിയ വാങ്ങിയത് 5 ലക്ഷം ഓഹരികള്‍; ഈ റസ്‌റ്റോറന്റ് സ്‌റ്റോക്കില്‍ വമ്പന്‍ കുതിപ്പ്!

ഇന്ത്യന്‍ വിപണിയിലെ ഒരു റസ്റ്റോറന്റ് സ്‌റ്റോക്കില്‍ തുടരെ നിക്ഷേപം വര്‍ധിപ്പിക്കുകയാണ് സ്റ്റാര്‍ നിക്ഷേപകന്‍ ആശിഷ് കച്ചോലിയ. അടുത്തകാലത്തായി ബാര്‍ബിക്യൂ നേഷന്‍ ഓഹരികളില്‍ ഇദ്ദേഹം കാര്യമായി കണ്ണുവെയ്ക്കുന്നുണ്ട്. ഒരാഴ്ച്ചക്കിടെ രണ്ടാം തവണയും കച്ചോലിയ കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി. 1,163 രൂപ വിലയില്‍ 2.53 ലക്ഷം ബാര്‍ബിക്യൂ നേഷന്‍ ഓഹരികളാണ് ആശിഷ് കച്ചോലിയ ഏറ്റവുമൊടുവില്‍ സമാഹരിച്ചത്; ഇടപാടിനായി 29.36 കോടി രൂപയാണ് ഇദ്ദേഹത്തിന് ചിലവായതും.

ഉയർച്ച

എന്തായാലും ആശിഷ് കച്ചോലിയ വീണ്ടും ഓഹരികള്‍ വാങ്ങിയെന്ന് അറിഞ്ഞതോടെ ബാര്‍ബിക്യൂ നേഷന്‍ വിപണിയില്‍ പുത്തനുണര്‍വ് കൈവരിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച 7 ശതമാനത്തിലേറെ ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നു. ബുധനാഴ്ച്ച 1,177.10 രൂപയില്‍ ക്ലോസ് ചെയ്ത കമ്പനി, വ്യാഴാഴ്ച്ച ഉച്ചയോടെ 1,262 രൂപയിലേക്ക് കയറി. രാവിലെ 1,185.60 രൂപയിലാണ് സ്റ്റോക്ക് വ്യാപാരം ആരംഭിച്ചത്. ഓഹരി വിലയിലേക്ക് 85 രൂപയോളം കൂട്ടിച്ചേര്‍ക്കാന്‍ ബാര്‍ബിക്യൂ നേഷന് ഇന്നു കഴിഞ്ഞിട്ടുണ്ട്.

മുൻപും

കഴിഞ്ഞവാരവും ആശിഷ് കച്ചോലിയ ബാര്‍ബിക്യൂ നേഷന്‍ ഓഹരികള്‍ വാങ്ങിയിരുന്നു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 'ബല്‍ക്ക് ഡീല്‍' വിവരങ്ങള്‍ പ്രകാരം കഴിഞ്ഞതവണ 2,53,004 ബാര്‍ബിക്യൂ നേഷന്‍ ഓഹരികളാണ് പൊതുവിപണിയില്‍ നിന്നും കച്ചോലിയ സമാഹരിച്ചത്. അന്ന് ഓരോ ഓഹരിക്കും 1,163 രൂപ വീതം ഇദ്ദേഹത്തിന് ചിലവായി. മൊത്തം ഇടപാട് മൂല്യം 29.42 കോടി രൂപ.

 
വിൽപ്പന

അടുത്തിടെ എവറസ്റ്റ് ഫൈനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും 1,163 രൂപ ശരാശരി ചിലവില്‍ ബാര്‍ബിക്യൂ നേഷന്റെ 2.52 ലക്ഷം ഓഹരികള്‍ വാങ്ങിയിരുന്നു.

ഒരുഭാഗത്ത് വന്‍തോതില്‍ നിക്ഷേപകര്‍ ഓഹരികള്‍ സമാഹരിക്കുമ്പോള്‍ മറുഭാഗത്ത് വന്‍തോതിലുള്ള വിറ്റഴിക്കലുകളും കമ്പനി കാണുന്നുണ്ട്. മെനു പ്രൈവറ്റ് ലിമിറ്റഡിന്റെ പിന്മാറ്റമാണ് ഇതില്‍ പ്രധാനം. കൈവശം വെച്ച 5.05 ലക്ഷം ബാര്‍ബിക്യൂ നേഷന്‍ ഓഹരികളും 1,163 രൂപ ശരാശരി വിലയ്ക്കാണ് മെനു പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെ വിറ്റൊഴിവാക്കിയത്.

ബ്രാൻഡ്

കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,945.95 രൂപ വരെയുള്ള ഉയര്‍ച്ചയും 552.35 രൂപ വരെയുള്ള താഴ്ച്ചയും സ്റ്റോക്ക് കണ്ടിട്ടുണ്ട്.

2006 -ല്‍ സ്ഥാപിതമായ ബാര്‍ബിക്യു നേഷന്‍ ഇന്ത്യയിലെ മുന്‍നിര കാഷ്വല്‍ ഡൈനിങ് റസ്റ്റോറന്റുകളില്‍ ഒന്നാണ്. ഇന്ത്യയില്‍ 73 നഗരങ്ങളിലായി 138 റസ്‌റ്റോറന്റുകള്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ മൂന്നു വിദേശ രാജ്യങ്ങളിലായി 7 രാജ്യാന്തര റസ്റ്റോറന്റുകളും ബാര്‍ബിക്യൂ നേഷനുണ്ട്.

ബെംഗളൂരുവും ചെന്നൈയും കേന്ദ്രമായി കമ്പനി ആവിഷ്‌കരിക്കുന്ന മറ്റൊരു ബ്രാന്‍ഡാണ് 'റെഡ് ആപ്പിള്‍'. 10 ഇറ്റാലിയന്‍ റസറ്റോറന്റുകളാണ് റെഡ് ആപ്പിളിന് കീഴിലുള്ളത്.

 
ഐപിഒ

2021 ഏപ്രില്‍ 7 -നായിരുന്നു ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള ബാര്‍ബിക്യൂ നേഷന്റെ കടന്നുവരവ്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 453 കോടി രൂപ സമാഹരിക്കാന്‍ ബാര്‍ബിക്യൂ നേഷന് കഴിഞ്ഞു. ഇഷ്യൂ വില 500 രൂപ. കഴിഞ്ഞവര്‍ഷം നവംബറിലാണ് 1,945.95 രൂപയെന്ന 52 ആഴ്ച്ച ഉയരം സ്റ്റോക്ക് കണ്ടെത്തിയത്. തുടര്‍ന്ന് 38 ശതമാനത്തിലേറെയുള്ള തിരുത്തല്‍ ഓഹരി വിലയില്‍ സംഭവിച്ചു.

ഇതേസമയം, ഇഷ്യൂ വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 140 ശതമാനത്തിലേറെയുള്ള ഉയര്‍ച്ച ബാര്‍ബിക്യൂ നേഷന്‍ ഇപ്പോഴും അറിയിക്കുന്നുണ്ട്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X