ബെംഗളൂരു മെട്രോ നിരക്കിൽ വർദ്ധനവില്ല; യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു, ബിഎംആർസിഎൽ തീരുമാനത്തിൽ മാറ്റം
ബെംഗളൂരു മെട്രോയുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയർന്നു വരുന്നത്. ഇത് യാത്രക്കാർക്കിടയിൽ കടുത്ത ആശങ്ക ഉയർത്തിയിരുന്നു. ഫെബ്രുവരി മുതൽ 5 ശതമാനം വർദ്ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ നിരക്ക് വർദ്ധന താത്കാലികമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) നിർത്തി വെച്ചിരിക്കുന്നു. ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് ഈ മാറ്റം.
"യാത്രക്കാരുടെ മേൽ ഇപ്പോൾ അധിക ഭാരം ചുമത്താൻ ഉദ്ദേശിക്കുന്നില്ല. നിലവിലെ നിരക്കിൽ തന്നെ സേവനം തുടരാനാണ് തീരുമാനം. ഭാവിയിൽ നിരക്ക് പരിഷ്കരിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അത് മുൻകൂട്ടി പൊതുജനങ്ങളെ അറിയിക്കും," എന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബെംഗളൂരു മെട്രോയുടെ വികസന ഘട്ടത്തിൽ നിരക്ക് വർദ്ധന ഒഴിവാക്കുന്നത് പ്രതിദിന യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. നിലവിൽ പർപ്പിൾ ലൈൻ, ഗ്രീൻ ലൈൻ എന്നിവയിലെ തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നിരക്ക് വർദ്ധനവ് മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ബിഎംആർസിഎൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിമാനത്താവളത്തിലേക്കുള്ള 'ബ്ലൂ ലൈൻ' നിർമ്മാണവും പുതിയ കോച്ചുകളുടെ ലോഞ്ചിനുമാണ്.

ഉയർന്ന നിരക്ക് വർദ്ധന
ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലെ മെട്രോ സേവനങ്ങളെ അപേക്ഷിച്ച് ബെംഗളൂരു മെട്രോയിലെ നിരക്കുകൾ ഉയർന്ന നിലയിലാണ്. ഇത് ഓഫീസ് ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള ദൈനംദിന യാത്രക്കാർക്കിടയിൽ വലിയ ആശങ്ക നിറയ്ക്കുന്നു. പൊതുഗതാഗതം സാധാരണക്കാർക്ക് താങ്ങാനാവുന്നതാക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് പറയുമ്പോഴും മെട്രോ പോലുള്ള സേവനങ്ങൾ ചിലവേറിയതാവുന്നത് എന്തു കൊണ്ടായിരിക്കും?
ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ (FFC) തീരുമാനം അനുസരിച്ച് ഓരോ മെട്രോ ഇടനാഴിയിലും പരമാവധി 5 ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാൻ അനുമതിയുണ്ട്. എങ്കിലും നിലവിൽ നിരക്ക് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിക്രമങ്ങളും ബിഎംആർസിഎൽ ആരംഭിച്ചിട്ടില്ല.
100 ശതമാനം വരെ നിരക്ക് ഉയർന്നു
2025 ഫെബ്രുവരി 9-നായിരുന്നു ഇതിനു മുന്നേ നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്കിൽ വലിയൊരു പരിഷ്കരണം ഉണ്ടായത്. ചില റൂട്ടുകളിൽ 51.55 ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം. പക്ഷേ നിരവധി ടിക്കറ്റ് സ്ലാബുകൾ 100 ശതമാനത്തിലധികം വർദ്ധിപ്പിച്ചു. എന്നാൽ സമിതി നിർദ്ദേശിച്ച പരിധി ലംഘിച്ചുള്ള ഈ നീക്കത്തിനെതിരെ പൗരസംഘടനകളും യാത്രക്കാരും രംഗത്തെത്തിയതോടെ ബിഎംആർസിഎൽ നിരക്കുകൾ പുനഃപരിശോധിക്കാൻ നിർബന്ധിതരായി. തുടർന്ന് വർദ്ധിപ്പിച്ച നിരക്കുകളിൽ ഇളവ് വരുത്തുകയും പരമാവധി വർദ്ധനവ് 71.5 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്തു.
യാത്രക്കാർക്ക് ആശ്വാസമാവുമോ?
പല റൂട്ടുകളിലെയും നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുമ്പോൾ യാത്രാനിരക്ക് മാത്രം വർദ്ധിക്കുന്നത് ജനങ്ങൾക്കിടയിൽ അതൃപ്തി വർദ്ധിപ്പിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലമാണ് ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടായതെന്ന് ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.


Click it and Unblock the Notifications


