സമീപ കാലയളവില്‍ രേഖപ്പെടുത്തിയ നിഫ്റ്റി സൂചികയിലെ 15,671 (മാര്‍ച്ച് 8-ന്) നിലവാരം ശക്തമായ പിന്തുണ നല്‍കുന്നതായിരുന്നു. നിരവധി തവണ ഈ നിലവാരത്തിലേക്ക് സൂചിക എത്തിയപ്പോഴൊക്കെയും പിന്തുണ ലഭിക്കുകയും തിരികെ കയറാനും സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ തിരിച്ചടിയില്‍ ഈ നിലവാരം തകര്‍ക്കപ്പെട്ടപ്പോള്‍ കടുത്ത വില്‍പന സമ്മര്‍ദം അധികമായി രൂപപ്പെട്ടതാണ് സാഹചര്യം 'കരടി'കള്‍ക്ക് അനുകൂലമായത്.
ഇതിനോടകം 15,400-ലെ സപ്പോര്‍ട്ട് നിലവാരവും തകര്‍ക്കപ്പെട്ടത് പ്രതികൂലമാണ്. ദുര്‍ബലാവസ്ഥ തുടര്‍ന്നാല്‍ 15,100-ലേക്ക് നിഫ്റ്റി പതിക്കാനും സാധ്യതയുണ്ട്. അതേസമയം അടുത്ത 2-3 ആഴ്ച കാലയളവില്‍ തിരിച്ചടി നേരിടാവുന്ന 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ലോറസ് ലാബ്‌സ്
പ്രമുഖ ഫാര്‍മ കമ്പനിയായ ലോറസ് ലാബ്‌സിന്റെ ഓഹരികള്‍ ഇന്നലെ 492.55 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഓഹരിയുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. വിപണി വിലയില്‍ നിന്നും 450- 440 രൂപ നിലവാരത്തിലേക്ക് ഓഹരിയുടെ വില ഇടിയാമെന്നാണ് നിഗമനം. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 9 മുതല്‍ 11 ശതമാനം വരെ ലാഭം നേടാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 540 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ലോറസ് ലാബ്‌സ് (BSE: 540222, NSE : LAURUSLABS) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'റൈസിങ് ട്രെന്‍ഡ്‌ലൈന്‍' പാറ്റേണില്‍ നിന്നും 'ബ്രേക്ക്ഡൗണ്‍' സംഭവിച്ച് താഴേക്ക് പതിച്ചു. തുടര്‍ന്ന് 200- ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് താഴെയാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇനി മുകളിലേക്കുള്ള പ്രയാണത്തിന് നിരവധി തലങ്ങളിലെ പ്രതിരോധവും കാത്തുനില്‍ക്കുന്നു. ഇതിനോടൊപ്പം ടെക്‌നിക്കല്‍ സൂചകങ്ങളും ബെയറിഷ് ട്രെന്‍ഡിനുള്ള സൂചനയാണ് നല്‍കുന്നത്. ഈ കാരണങ്ങളാല്‍ സമീപ കാലയളവില്‍ ലോറസ് ലാബ്‌സ് ഓഹരിയില്‍ ദുര്‍ബലാവസ്ഥ തുടരാമെന്നാണ് നിഗമനം.
ഭാരത് ഫോര്‍ജ്
കഴിഞ്ഞ ദിവസം ഭാരത് ഫോര്‍ജ് ഓഹരികള്‍ 626.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് ഈ നിലവാരത്തില്‍ നിന്നും 600- 590 രൂപ ലക്ഷ്യമാക്കി ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 4-6 ശതമാനം വരെ ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 660 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഭാരത് ഫോര്‍ജ് (BSE: 500493, NSE : BHARATFORG) ഓഹരിയുടെ ചാര്‍ട്ടില്‍ ദുര്‍ബലാവസ്ഥ സൂചിപ്പിക്കുന്ന 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ആര്‍എസ്‌ഐ സൂചകത്തില്‍ 'ബെയറിഷ് ക്രോസ്ഓവര്‍' തെളിഞ്ഞതും ഓഹരി വില ഇടിയാമെന്നതിന്റെ സൂചനയാണ്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ ഇന്നലെ 810 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ ഓഹരിയുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് 807 നിലവാരത്തില്‍ നിന്നും 750- 730 രൂപ ലക്ഷ്യമാക്കി ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 7 മുതല്‍ 10 ശതമാനം വരെ ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 860 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ (BSE: 532187, NSE : INDUSINDBK) ചാര്‍ട്ട് പരിശോധിച്ചാല്‍ വലിയൊരു ബ്രേക്ക്ഡൗണിന്റെ വക്കിലാണ് നില്‍ക്കുന്നതെന്ന് കാണാനാവും. ഓഹരി വില താഴേക്കിറങ്ങുമ്പോള്‍ ഇടപാടുകളുടെ എണ്ണം കൂടുന്നതും ഹ്രസ്വകാലയളവിലെ തിരിച്ചടിക്കുള്ള ലക്ഷണമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications