കഴിഞ്ഞ കുറച്ച് കാലത്തിനുള്ളിൽ മികച്ച നേട്ടമുണ്ടാക്കാൻ പ്രതിരോധമേഖലയിലെ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ വരും നാളുകളിൽ ഈ ഓഹരികളിൽ ചിലത് തിരുത്തലിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നിർമൽ ബാംഗ് പറയുന്നത്. മസാഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ്, പാരസ് ഡിഫൻസ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് തുടങ്ങിയ പ്രതിരോധ ഓഹരികൾ 20 ശതമാനം വരെ ഇടിയാനുള്ള സാധ്യതയാണ് ബ്രോക്കറേജ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിൻ്റെ ഓഹരികൾ ഇതിനകം ഏകദേശം 10% ഇടിഞ്ഞു.
മൾട്ടിബാഗർ ഓഹരികൾ
മികച്ച ഓർഡർ ബുക്കുകൾ, റവന്യൂ വിപുലീകരണം, സർക്കാറിന്‍റെ വരുമാനം എന്നിവ വഴി കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പ്രതിരോധ ഓഹരികൾ 58 ശതമാനവും കഴിഞ്ഞ ആറ് മാസങ്ങളിൽ 75 ശതമാനവും വളർച്ച കൈവരിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 776 ശതമാനവും റിട്ടേൺ നൽകിയെന്ന് നിർമൽ ബാംഗിന്‍റെ റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ മേഖലയിൽ ബ്രോക്കറേജ് ഘടനാപരമായി പോസിറ്റീവായി തുടരുന്നുണ്ടെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വർദ്ധനവ്, മത്സര സമ്മർദ്ദം, എക്‌സിക്യൂഷൻ ആശങ്കകൾ, പണമൊഴുക്ക് എന്നിവയിൽ നിന്നുള്ള അപകടസാധ്യതകൾ കണക്കിലെടുക്കണം.
മസാഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ്
എൻഎസ്ഇയിൽ 5,087 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. വെള്ളിയാഴ്ച ആദ്യ സെഷനിൽ തന്നെ രണ്ട് ശതമാനം ഇടിവ് ഓഹരി നേരിട്ടു. 10.80 ശതമാനം നഷ്ടമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരിക്ക് സംഭവിച്ചത്. അതേസമയം ഒരു മാസത്തിനിടെ 28.15 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ഓഹരി വിൽക്കാനാണ് നിർമൽ ബാംഗ് പറയുന്നത്. 4143 രൂപയാണ് ടാർഗെറ്റ് വില.

പാരസ് ഡിഫൻസ് ലിമിറ്റഡ്
എൻഎസ്ഇയിൽ 1300 രൂപയാണ് പാരസ് ഡിഫൻസ് ലിമിറ്റഡ് ഓഹരിയുടെ വില. വെള്ളിയാഴ്ച ആദ്യ സെഷനിൽ തന്നെ 4 ശതമാനത്തിന് മുകളിൽ നഷ്ടം ഓഹരി നേരിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 12.21 ശതമാനം ഇടിവാണ് ഓഹരി നേരിട്ടത്. ഒരു മാസത്തിനിടെ 10 ശതമാനവും ഓഹരി ഇടിഞ്ഞു.
1,181 രൂപ ലക്ഷ്യവിലയോടെ പാരസ് ഡിഫൻസ് ലിമിറ്റഡ് ഓഹരിക്ക് ബ്രോക്കറേജ് സെൽ കോൾ നൽകി.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്
എൻഎസ്ഇയിൽ 4,843 രൂപ എന്നതാണ് ഓഹരിയുടെ വില. വെള്ളിയാഴ്ച ആദ്യ സെഷനിൽ 3 ശതമാനം ഇടിവ് ഓഹരി നേരിട്ടു. 12.88 ശതമാനമാണ് കഴിഞ്ഞ അഞ്ച് ദിവസത്തെ നഷ്ടം. ഒരു മാസത്തിനിടെ 8.83 ശതമാനം ഇടിവും പ്രതിരോധ ഓഹരിക്ക് നേരിടേണ്ടി വന്നു.
അപകട സാധ്യതകൾ നിരവധി
ആഗോള സാമ്പത്തിക, രാഷ്ട്രീയ ക്രമത്തിലെ മാറ്റങ്ങൾ, സാങ്കേതിക സങ്കീർണതകളും ഉദ്യോഗസ്ഥ തടസ്സങ്ങളും മൂലമുണ്ടാകുന്ന പദ്ധതി നിർവ്വഹണത്തിലെ കാലതാമസം, സർക്കാർ നയങ്ങളിലെ മാറ്റങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഈ മേഖലയുടെ പ്രധാന അപകടസാധ്യതകളാണ്. ഈ വർഷാവസാനം ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ, അത് റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന് ഒരു പരിഹാരത്തിലേക്ക് നയിച്ചേക്കാമെന്നും അത് പ്രതിരോധ സ്റ്റോക്കുകളിൽ ചില തിരുത്തലുകൾക്ക് കാരണമായേക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നുണ്ട്. പണമൊഴുക്കിലും ലാഭത്തിലും ഉണ്ടാകുന്ന തടസ്സം ഈ ഓഹരികളുടെ വിലയിടിവിന് കാരണമാകുമെന്നും നിർമൽ ബാംഗ് പറയുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications