വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. അസ്ഥിരമായ വിപണിയിൽ നിന്നും നേട്ടമുണ്ടാക്കണമെന്നും കൂടുതൽ ജാഗ്രതയോടെ വിപണിയെ നിരീക്ഷിക്കുകയും വിലയിരുത്തുകയും വേണം. ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിക്കുന്നതും നല്ലതാണ്. ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസി സെക്യൂരിറ്റീസ് മൂന്ന് ഓഹരികൾക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ടാറ്റ ടെക്‌നോളജീസ്
എൻഎസ്ഇയിൽ 1047.70 രൂപ എന്നതാണ് നിലവിൽ ടാറ്റാ ടെക്‌നോളജീസ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.8 ശതമാനം ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. 2024-ൽ ഇതുവരെ 11.25 ശതമാനവും ഓഹരി ഇടിഞ്ഞു. 1,400 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1005 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
1330 രൂപ ടാർഗെറ്റ് വിലയോടെ ടാറ്റ ടെക്‌നോളജീസ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. സേവന പോർട്ട്‌ഫോളിയോ പരിവർത്തനം ചെയ്യാനും വളരെ അഭികാമ്യമായ ഡിജിറ്റൽ എഞ്ചിനീയറിംഗ് ഉപവിഭാഗത്തെ ഉൾക്കൊള്ളാനും കമ്പനിക്ക് സാധിക്കുന്നുണ്ട്. ടാറ്റ ഗ്രൂപ്പ് ലൈനേജും ടാറ്റടെക്കിനെ വ്യോമയാന ഉപവിഭാഗത്തിൽ സിനർജസ്റ്റിക് നേട്ടങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്നും ബ്രോക്കറേജ് വിലയിരുത്തുന്നു.

നൽകുന്നത് നിരവധി സേവനം
ആഗോള തലത്തിൽ വിവിധ എൻജിനീയറിങ് ഉത്പന്ന വികസന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ടാറ്റ മോട്ടോർസിന്റെ ഉപകമ്പനിയാണ് ടാറ്റ ടെക്നോളജീസ്. പൂനെ ആസ്ഥാനമാക്കിയാണ് പ്രവർത്തനം. കൺസപ്റ്റ് ഡിസൈൻ, വൈഹിക്കിൾ ആർക്കിടെക്ചർ, ബോഡി & ഷാസി എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് സിസ്റ്റം എന്നിങ്ങനെയുള്ള വിവിധ സേവനങ്ങളാണ് കമ്പനി പ്രധാനമായും നൽകുന്നത്.
2. ഗെയിൽ ഇന്ത്യ
എൻഎസ്ഇയിൽ 201 രൂപയാണ് ഗെയിൽ ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 3.8 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം 2024-ൽ ഇതുവരെ 20.94 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു. 91.79 ശതമാനമാണ് ഒരു വർഷത്തെ വളർച്ച.
ബ്രോക്കറേജ് വിലയിരുത്തൽ
2024 സാമ്പത്തിക വർഷത്തിൽ ഇബിഐടിഡിഎ, നികുതിക്ക് ശേഷമുള്ള വരുമാനം എന്നിവയിൽ മികച്ച നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വരുന്ന സാമ്പത്തിക വർഷത്തിലും മികച്ച നേട്ടമുണ്ടാക്കാൻ ഗെയിൽ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
240 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കരേജ് ശുപാർശ. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 18 ശതമാനത്തിന്‍റെ നേട്ടം.
ഏറ്റവും വലിയ കമ്പനി
രാജ്യത്ത് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംയോജിത പ്രകൃതി വാതക കമ്പനിയാണ് ഗെയിൽ ഇന്ത്യ ലിമിറ്റഡ്.
3. ഡെൽഹിവെരി
എൻഎസ്ഇയിൽ 389.55 രൂപ എന്നതാണ് നിലവിൽ ഡെൽഹിവെരിയുടെ ഓഹരി വില. കഴിഞ്ഞ 1 മാസത്തിനിടെ 13 ശതമാനത്തോളം ഓഹരിക്ക് ഇടിവ് സംഭവിച്ചു. 2024-ൽ ഇതുവരെ 1.35 ശതമാനം നേട്ടം മാത്രമാണ് വിപണിയിൽ നിന്നും കമ്പനിക്ക് നേടാനായത്.
ബ്രോക്കറേജ് വിലയിരുത്തൽ
600 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. വരുന്ന സാമ്പത്തിക വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കമ്പനിക്ക് സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications