മെയ് അവസാനത്തോട് അടുക്കുമ്പോൾ, പൊതുമേഖലാ സ്ഥാപനമായ കാനറ ബാങ്ക് വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. നിലവിലെ ഓഹരി വിലയിൽ നിന്നും ബാങ്ക് 21 ശതമാനത്തിന് മുകളിൽ മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മെയ് മാസാവസാനത്തോടെ മൂലധന സമാഹരണ നിർദ്ദേശം പരിഗണിക്കാൻ ബാങ്ക് പദ്ധതിയിടുന്നു. കൂടാതെ 161 ശതമാനം ഡിവിഡൻ്റ് പേഔട്ട് പ്രഖ്യാപനം പുറത്ത് വന്നത് കൊണ്ടു തന്നെ ജൂണിലും ബാങ്ക് മുന്നോട്ട് കുതിക്കും.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 116.35 രൂപ എന്നതാണ് നിലവിൽ കാനറാ ബാങ്ക് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നേരിയ ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. അതേ സമയം 2024-ൽ ഇതുവരെ ഏകദേശം 32 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 44.41 ശതമാനം വളർച്ചയും ഓഹരി കൈവരിച്ചു. 90 ശതമാനം ലാഭമാണ് ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് ബാങ്ക് ഓഹരി നൽകിയത്.
ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്നതും താഴ്ന്നതും യഥാക്രമം 126.53 രൂപയും 58.29 രൂപയുമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 130 ശതമാനത്തോളം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

ബ്രോക്കറേജ് വിലയിരുത്തൽ
ഉയർന്ന ആദായം നൽകുന്ന റാം അസറ്റ് ബുക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാനറ ബാങ്കിൻ്റെ വായ്പാ വളർച്ച ആരോഗ്യകരമായി തുടരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നത്. സിഎഎസ്എ നിക്ഷേപം വർധിപ്പിക്കാനും എൻഐഎം മെച്ചപ്പെടുത്താനും മാനേജ്മെൻ്റ് ലക്ഷ്യമിടുന്നു. അതോടൊപ്പം പ്രോജക്ട് ഫിനാൻസ് ലോണുകളിൽ ആർബിഐയുടെ കരട് സർക്കുലറിൽ നിന്ന് പരിമിതമായ സ്വാധീനം പ്രതീക്ഷിക്കുന്നുണ്ടെന്ന് മോത്തിലാൽ വിശ്വസിക്കുന്നു. ആസ്തി ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ, വീണ്ടെടുക്കലുകളും നവീകരണങ്ങളും സ്ലിപ്പേജുകളെ മറികടക്കുന്നതോടെ സ്ഥിരമായി മെച്ചപ്പെടുകയാണെന്ന് ബ്രോക്കറേജ് പറഞ്ഞു.
140 രൂപ ടാർഗെറ്റ് വിലയോടെ കാനറാ ബാങ്ക് ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ഓസ്വാൾ ശുപാർശ.
ഓഹരി വിഭജനം
നേരത്തെ, മെയ് 15 ന്, കാനറ ബാങ്ക് ഓഹരികൾ 1:5 എന്ന അനുപാതത്തിൽ വിഭജിക്കപ്പെട്ടു. ലളിതമായി പറഞ്ഞാൽ, കാനറ ബാങ്കിൻ്റെ നിലവിലുള്ള ഒരു ഇക്വിറ്റി ഷെയർ 5 ഷെയറുകളായി വിഭജിച്ചു. 100 ഓഹരികള്‍ ഉള്ളവരുടെ കൈവശം 500 ഓഹരികളായി മാറും. ഓഹരി വില വല്ലാതെ കൂടിയാല്‍ പുതിയ നിക്ഷേപകര്‍ വരാതിരുന്നെങ്കിലോ എന്നതിനാലാണ് സാധാരണ ഓഹരികള്‍ വിഭജിക്കുന്നത്.വിഭജനം വഴി ഓഹരി വില കുറയുമ്പോള്‍ കൂടുതല്‍ പേര്‍ ആ ഓഹരിയില്‍ നിക്ഷേപിക്കും. വിഭജനം മൂലം നിലവിലെ ഓഹരിയുടമകള്‍ക്ക് നഷ്ടം ഉണ്ടാകില്ല.
ലാഭവിഹിതം
നിക്ഷേപകർക്ക് ഓഹരിയൊന്നിന് 2023-24 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി (Dividend) 16.10 രൂപ നൽകാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ 13.5% എന്ന തോതിൽ മികച്ച ഡിവിഡന്റ് യീൽഡ് അനുപാതമാണ് ബാങ്കിനുള്ളത്.

കാനറാ ബാങ്ക്
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക്, ട്രഷറി ഓപ്പറേഷൻസ്, റീടെയിൽ ബാങ്കിങ്, ഹോൾസെയിൽ ബാങ്കിങ് ഓപ്പറേഷൻസ് അടക്കമുള്ള സേവനങ്ങൾ നൽകുന്നു. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഇന്ത്യൻ ഗവൺമെന്റിന് 63% ഓഹരി പങ്കാളിത്തമാണ് കനറാ ബാങ്കിലുള്ളത്. ബാക്കി 37% ഓഹരികൾ പബ്ലിക്കിന്റെ കൈവശമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications