ബജറ്റിന് ശേഷം തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി ചുവപ്പിലാണ് ആരംഭിച്ചത്. ആഗോള വിപണികളിലെ കുത്തനെയുള്ള ഇടിവ് ആഭ്യന്തര സൂചികകളെയും ബാധിച്ചു. കനത്ത വിദേശ ഫണ്ട് ഒഴുക്ക്, റെക്കോർഡ് റാലിക്ക് ശേഷമുള്ള ലാഭമെടുപ്പ് എന്നിവയും ഇൻട്രാഡേ വ്യാപാരത്തിൽ വിപണിയെ പ്രതികൂലമായി ബാധിച്ചു. അതേസമയം വ്യാഴാഴ്ച നേട്ടമുണ്ടാക്കിയ ഓഹരികളുമുണ്ട്.
2024 ജൂൺ പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ വലിയ കുതിപ്പ് നടത്തിയിരിക്കുകയാണ് ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് (എൽ&ടി). വ്യാഴാഴ്ച ആദ്യ സെഷനിൽ തന്നെ രണ്ട് ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ബ്രോക്കറേജ് സ്ഥാപനങ്ങൾ എൽ&ടി ഓഹരിയിൽ ബുള്ളിഷാണ്. എൽ&ടി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
അറ്റാദായത്തിൽ വർധനവ്
2024 ജൂണിൽ അവസാനിച്ച പാദത്തിൽ ലാർസൻ ആൻഡ് ടൂബ്രോയുടെ ഏകീകൃത അറ്റാദായം 12 ശതമാനം ഉയർന്ന് 2,786 കോടി രൂപയിലെത്തി, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15 ശതമാനം ഉയർന്ന് 55,120 കോടി രൂപയായി.
ബ്രോക്കറേജ് വിലയിരുത്തൽ
ഇൻറർനാഷണൽ ബ്രോക്കറേജ് സ്ഥാപനമായ സിറ്റി എൽ&ടി ഓഹരിയുടെ 'ബൈ കോൾ' നിലനിർത്തിയിട്ടുണ്ട്. 4396 രൂപയാണ് ടാർഗെറ്റ് വില. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പദ്ധതി ചെലവിലെ വളർച്ചയിൽ നിന്ന് കമ്പനിക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.

നേരത്തെ ഒരു ഷെയറൊന്നിന് 4,200 രൂപയായിരുന്ന ടാർഗെറ്റ് വില 4,100 രൂപയായി കുറച്ചെങ്കിലും, എംകെ ഗ്ലോബൽ എൽ ആൻഡ് ടിയിൽ അതിൻ്റെ 'ബൈ' റേറ്റിംഗ് നിലനിർത്തി. എൽ&ടിയുടെ ജൂൺ പാദഫലം പോസിറ്റീവാണെന്ന് ബ്രോക്കറേജ് വിലയിരുത്തി.
ഭാവിയിൽ വലിയ വളർച്ച
ഗതാഗതം, ഫാക്ടറികൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങൾ സമീപഭാവിയിൽ കമ്പനിയുടെ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പറയുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ശക്തമായ പ്രോജക്റ്റുകൾ പൈപ്പ്‌ലൈൻ എൽ ആൻഡ് ടിക്ക് ശുഭപ്രതീക്ഷ നൽകുന്നു. ടാർഗെറ്റ് വില 4000 രൂപയിൽ നിന്ന് 4040 രൂപയായി ബ്രോക്കറേജ് സ്ഥാപനം ഉയർത്തി.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 3,609.70 രൂപ എന്നതാണ് ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം ഒരു മാസത്തിനിടെ 0.61 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 0.45 ശതമാനമാണ് ആറ് മാസത്തെ വളർച്ച. 2024-ൽ ഇതുവരെ 2.39 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

ഒരു വർഷത്തിനിടെ 40.95 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. അഞ്ച് വർഷത്തിനിടെ 160 ശതമാനം വളർച്ച നേടാനും ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു. 3,919.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 2,553 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ചുവപ്പണിഞ്ഞ് ഓഹരി വിപണി
സെൻസെക്‌സ് 671 പോയിൻ്റ് ഇടിഞ്ഞ് 79,477.83 ലും നിഫ്റ്റി 202.7 പോയിൻ്റ് താഴ്ന്ന് 24,210.80 ലുമാണ് വ്യാപാരം ആരംഭിച്ചത്. മിക്ക സെക്ടറൽ സൂചികകളും ചുവപ്പിലാണ്. നിഫ്റ്റി ബാങ്കും മെറ്റലും ഏറ്റവും വലിയ ഇടിവ് നേരിട്ടു. സൂചികകൾ ഓരോ ശതമാനം ഇടിഞ്ഞു. മിഡ്, സ്മോൾക്യാപ് സൂചികകളും യഥാക്രമം 0.7, 0.2 ശതമാനം ഇടിഞ്ഞു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 2.4 ശതമാനം ഉയർന്ന് 12-ൽ എത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications