കേന്ദ്ര ബജറ്റ് 2025: ടാക്സ് അടക്കുന്ന മാസ ശമ്പളക്കാരുടെ 10 പ്രതീക്ഷകൾ, എന്തെല്ലാം ഇളവുകൾ ലഭിക്കും?
2025 കേന്ദ്ര ബജറ്റിന് ശേഷം എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുക? ആദായ നികുതി സ്ലാബുകളും ആദായ നികുതി നിരക്കുകളും എന്തായിരിക്കും? പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉയർത്തുകയും സെക്ഷൻ 80 സി, എച്ച്.ആർ.എ, സെക്ഷൻ 80 ഡി പോലുള്ള ജനപ്രിയ ഇളവുകൾ ഉൾപ്പെടുത്തുകയും ചെയ്യുമോ? ഇത്തരത്തിൽ നിരവധി ആശങ്കളാണ് ഉള്ളത്.
പഴയ നികുതി വ്യവസ്ഥയിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആദായനികുതി സ്ലാബുകൾ, നിരക്കുകൾ, അടിസ്ഥാന ഇളവ് പരിധി, റിബേറ്റ് തുടങ്ങിയവയിലായിരിക്കും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാനാകൂ. അതിനാൽ തന്നെ വരാനിരിക്കുന്ന 2025 കേന്ദ്ര ബജറ്റിൽ ശമ്പളമുള്ള നികുതിദായകരുടെയും സാധാരണക്കാരുടെയും മികച്ച 10 ആദായനികുതി പ്രതീക്ഷകൾ വിശദമായി പരിശോധിക്കാം.
1. ആദായനികുതി നിരക്കുകളും സ്ലാബുകളും:
2024 25 ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ഏറ്റവും പുതിയ ആദായനികുതി സ്ലാബുകൾ സാധാരണക്കാരൻ്റെ നികുതി ഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അത് കണക്കിലെടുത്ത്, ആദായനികുതി സ്ലാബുകളും നിരക്കുകളും കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നു. 30% നികുതി സ്ലാബ് 15 ലക്ഷം രൂപയ്ക്ക് പകരം 20 ലക്ഷത്തിന് മുകളിലുള്ള വരുമാന നിലവാരത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
2. സ്റ്റാൻഡേർഡ് ഡിഡക്ഷൻ:
പുതിയ ആദായ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ കഴിഞ്ഞ വർഷം 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി. പുതിയ നികുതി വ്യവസ്ഥയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 1 ലക്ഷം രൂപയായി ഉയർത്തണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
3. ഉയർന്ന അടിസ്ഥാന നികുതി ഇളവ് പരിധി:
നിലവിൽ പുതിയ നികുതി വ്യവസ്ഥ 3 ലക്ഷം രൂപയുടെ അടിസ്ഥാന ഇളവ് പരിധി വാഗ്ദാനം ചെയ്യുന്നു. ഈ പരിധി 5 ലക്ഷം രൂപയായി ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ വ്യക്തികൾക്ക് ഉപഭോഗത്തിനോ സമ്പാദിക്കുന്നതിനോ കൂടുതൽ ഡിസ്പോസിബിൾ വരുമാനമുണ്ടാവുകയും, തൽഫലമായി സാമ്പത്തിക വളർച്ച വർദ്ധിക്കുകയും ചെയ്യും.

4. ആദായ നികുതി റിബേറ്റിൽ വർദ്ധനവ്:
നിലവിൽ 7 ലക്ഷം രൂപ വരെ നികുതിയ്ക്ക് വിധേയമായ വരുമാനം നേടുന്നവർക്ക് സമ്പൂർണ്ണ നികുതി റിബേറ്റിന് അർഹതയുണ്ട്. ഈ സാമ്പത്തിക വർഷം റിബേറ്റ് പരിധി 10 ലക്ഷം രൂപയായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ ഇടത്തരം ആദായ നികുതിദായകർക്ക് സാമ്പത്തിക ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
5. സെക്ഷൻ 80C:
പുതിയ ആദായ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സെക്ഷൻ 80C ഇളവ് ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. ഇത് നിക്ഷേപകരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കും. നിലവിൽ 1.5 ലക്ഷം രൂപ വരെയുള്ള സെക്ഷൻ 80 സി ഇളവ് പരിധി പഴയ ആദായ നികുതി വ്യവസ്ഥയിൽ ലഭ്യമാണ്.
6. എൻ.പി.എസ് നികുതി ആനുകൂല്യങ്ങൾ:
നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻ.പി.എസിനെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ അതിനെ ഒരു ഇ.ഇ.ഇ (Exempt-Exempt-Exempt) പ്രൊഡക്ടായി പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നു. മാത്രമല്ല പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ എൻ.പി.എസിന് 50,000 രൂപയുടെ അധിക നികുതി ആനുകൂല്യമുണ്ട്, ഇത് പുതിയ നികുതി വ്യവസ്ഥയിലും ഉൾപ്പെടുത്തുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
7. എച്ച്.ആർ.എ (ഹൗസ് റെൻ്റ് അലവൻസ്) ആനുകൂല്യങ്ങൾ:
എച്ച്.ആർ.എ ഒഴിവാക്കൽ പരിഷ്കരണം നടത്തുവാൻ മെട്രോപൊളിറ്റൻ നഗരങ്ങൾക്കൊപ്പം പ്രധാന ടയർ 2 നഗരങ്ങളെയും ഉൾപ്പെടുത്തുന്നു. ഹൈദരാബാദ്, പൂനെ, ബംഗളൂരു, അഹമ്മദാബാദ്, ഗുഡ്ഗാവ് തുടങ്ങിയ നഗരങ്ങൾ അടിസ്ഥാന ശമ്പളത്തിൻ്റെ നിലവിലെ 40% മുതൽ 50% വരെ എച്ച്ആർഎ ഇളവ് വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
8. സെക്ഷൻ 80 D:
പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിലേക്കുള്ള സെക്ഷൻ 80 ഡി ഇളവ് അനുവദിക്കണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്.
9. സെക്ഷൻ 80G, സെക്ഷൻ 80TTA ആനുകൂല്യങ്ങൾ:
ചാരിറ്റി പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കുകളിലൂടെയുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിൽ സെക്ഷൻ 80G, സെക്ഷൻ 80TTA എന്നിവ അനുവദിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് വിദഗ്ധർ പറയുന്നു.
10. ഭവന നികുതി ഇളവുകൾ:
വീടു വാങ്ങുന്നവർക്ക് സർക്കാർ നികുതി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതിലൂടെ ഭവനവായ്പ പലിശയിലോ പ്രധാന തുകയിലോ ഉയർന്ന കിഴിവുകൾ വരും.


Click it and Unblock the Notifications


