ഓഹരി വിപണിയില്‍ ചെറിയ തിരുത്തല്‍ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച്ച ബിഎസ്ഇ സെന്‍സെക്‌സ് 60,000 മാര്‍ക്കിന് താഴേക്ക് പോയി. എന്‍എസ്ഇ നിഫ്റ്റി 18,000 എന്ന പോയിന്റ് നിലയും കൈവെടിഞ്ഞു. ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നൊരു സ്‌റ്റോക്കില്‍ അടുത്ത ഒരു വര്‍ഷം കൊണ്ട് 17 ശതമാനം വരെ വളര്‍ച്ചാ സാധ്യത അറിയിക്കുകയാണ് ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട്. നവ്‌നീത് എജുക്കേഷനാണ് (NSE: NAVNETEDUL) സംഭവം.
ഈ കമ്പനിയുടെ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് ദീര്‍ഘകാല നിക്ഷേപകരോട് നിര്‍ദേശിക്കുന്നു. ഒരു വര്‍ഷം കൊണ്ട് നവ്‌നീത് എജുക്കേഷന്റെ ഓഹരി വില 125 വരെ ഉയരുമെന്നാണ് ഇവരുടെ പ്രവചനം. വ്യാഴാഴ്ച്ച വിപണി ചാഞ്ചാടി നിന്നപ്പോഴും 4.02 ശതമാനം നേട്ടത്തിലാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത് (നവംബര്‍ 11). 106.90 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 111.20 രൂപയിലെത്തി.
അധ്യായന പുസ്തകങ്ങള്‍, ബാല പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ ബിസിനസിലാണ് നവ്‌നീത് എജുക്കേഷന്‍ ലിമിറ്റഡ് പ്രധാനമായും ഏര്‍പ്പെടുന്നത്. കടലാസിതര സ്റ്റേഷണറി ഉത്പന്നങ്ങളും കമ്പനി നിര്‍മിക്കുന്നുണ്ട്. നവ്‌നീത്, വികാസ്, ഗാല, യൂവ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് നവ്‌നീത് എജുക്കേഷന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്.
പറഞ്ഞുവരുമ്പോള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും 65 ശതമാനത്തിലേറെയാണ് കമ്പനിയുടെ മാര്‍ക്കറ്റ് വിഹിതം. മറ്റു സംസ്ഥാനങ്ങളില്‍ സിബിഎസ്ഇ സിലബസ് പ്രകാരമുള്ള പാഠപുസ്തകങ്ങളും ഇവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. വിദേശ വിപണികളിലും നവ്‌നീത് എജുക്കേഷന് പിടിയുണ്ടെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
സെപ്തംബര്‍ പാദം കമ്പനിക്ക് മികച്ചതായിരുന്നു. ഇക്കാലയളവില്‍ വരുമാനം കോവിഡിന് മുന്‍പുള്ള നിലയുടെ 93 ശതമാനം വരെയെത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനം 43 ശതമാനം വളര്‍ച്ച കുറിച്ച് 229 കോടി രൂപയായി. ഇതേസമയം, മുന്‍ പാദവുമായി താരതമ്യം ചെയ്താല്‍ വരുമാനത്തില്‍ നേരിയ ഇടിവുണ്ട്.
ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ പ്രവര്‍ത്തന ലിവറേജ് മുന്‍നിര്‍ത്തി കമ്പനിയുടെ ഇബിഐടിഡിഎ മാര്‍ജിന്‍ 815 ബേസിസ് പോയിന്റ് വര്‍ധിച്ച് 13.9 ശതമാനമായി (വാര്‍ഷികാടിസ്ഥാനം). വരുമാനം വര്‍ധിപ്പിച്ച് ഒരു കമ്പനിക്ക് എത്രത്തോളം പ്രവര്‍ത്തന വരുമാനം ഉയര്‍ത്താന്‍ കഴിയുമെന്ന് അളക്കുന്ന അക്കൗണ്ടിങ് ഫോര്‍മുലയാണ് പ്രവര്‍ത്തന ലിവറേജ്.
കഴിഞ്ഞ പാദം നവ്‌നീത് എജുക്കേഷന്റെ ഇബിഐടിഡിഎ 3.5 മടങ്ങ് ഉയര്‍ന്ന് 31.8 കോടിയായി. (വാര്‍ഷികാടിസ്ഥാനം). ബിസിനസ് വഴി വരുമാനം നേടുന്നതിനുള്ള കമ്പനിയുടെ ശേഷിയെയാണ് ഇബിഐടിഡിഎ കാണിക്കുന്നത്. സെപ്തംബറില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 8.9 മടങ്ങ് വര്‍ധിച്ച് 22.6 കോടി രൂപയിലുമെത്തി.
കഴിഞ്ഞ മൂന്നു വര്‍ഷം ശരാശരിയിലും താഴെയുള്ള പ്രകടനമാണ് നവ്‌നീത് എജുക്കേഷന്‍ കാഴ്ച്ചവെച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ വിലയിലുള്ള സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) -10 ശതമാനമാണ്. എന്തായാലും മുന്നോട്ടുള്ള പാദങ്ങളില്‍ കമ്പനി മുന്നേറുമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ നിരീക്ഷണം.
'ശക്തമായ ബിസിനസ് മോഡല്‍ ഇപ്പോള്‍ നവ്‌നീത് എജുക്കേഷനുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്റ്റേറ്റ് ബോര്‍ഡുകളുടെ സപ്ലിമെന്ററി പുസ്തകങ്ങളില്‍ കമ്പനിക്ക് കുത്തകയുണ്ട്. അടിയുറച്ച റിട്ടേണ്‍ അനുപാതവും ന്യായമായ വാല്യുവേഷനും നവ്‌നത് എജുക്കേഷനില്‍ കാണാം. അതുകൊണ്ട് ഈ സ്റ്റോക്കില്‍ ഞങ്ങള്‍ ബൈ റേറ്റിങ് നല്‍കുകയാണ്. ടാര്‍ഗറ്റ് വില 125 രൂപ', ബ്രോക്കറേജ് അറിയിക്കുന്നു.
റീടെയില്‍ മേഖലയില്‍ നിന്നുള്ള ട്രെന്‍ഡ് ലിമിറ്റഡിലും (NSE: TRENT) ഐസിഐസിഐ ഡയറക്ടിന് ബുള്ളിഷ് പ്രതീക്ഷയുണ്ട്. വെസ്റ്റ്‌സൈഡ്, സൂഡിയോ, സ്റ്റാര്‍, സെറ തുടങ്ങിയ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്ന ട്രെന്‍ഡ് ലിമിറ്റഡ് ടാറ്റ ഗ്രൂപ്പ് കമ്പനിയാണ്. സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്‍കുന്ന ബ്രോക്കറേജ് 1,300 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് അറിയിക്കുന്നത്.
വ്യാഴാഴ്ച്ച 2.02 ശതമാനം നേട്ടം കുറിക്കാന്‍ ട്രെന്‍ഡ് ഓഹരികള്‍ക്ക് സാധിച്ചിരുന്നു. 1,147.05 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 4.67 ശതമാനവും ഒരു മാസം കൊണ്ട് 1.19 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തുന്ന സ്റ്റോക്കാണിത്. ആറു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 48.95 ശതമാനം നേട്ടം തിരിച്ചുകൊടുക്കാന്‍ ട്രെന്‍ഡ് ലിമിറ്റഡിന് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 70.02 ശതമാനം ഉയര്‍ച്ചയാണ് ട്രെന്‍ഡ് ലിമിറ്റഡ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,209.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 585 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications