ഇന്ത്യൻ ഓഹരി വിപണി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ബുധനാഴ്ച മാത്രം നിക്ഷേപകർ നേടിയത് 2 ലക്ഷം കോടി രൂപയുടെ നേട്ടം. കൃത്യമായ നിരീക്ഷണവും ധാരണയുമുള്ളവർക്ക് കൂടുതൽ നേട്ടം വിപണി നൽകുന്നുണ്ട്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പെന്നി ഓഹരികളോട് എന്നും ഒരു പ്രത്യേക താൽപര്യമുണ്ട്. ഓഹരി വില കുറവാണ് എന്നതിനൊപ്പം ചുരുങ്ങിയ കാലത്തിനുള്ളിൽ മൾട്ടിബാഗർ നേട്ടത്തിലേക്ക് ഉയരാനുള്ള സാധ്യതയും പെന്നി ഓഹരികളിൽ ഉയർന്നതാണ്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിക്ഷേപകരെ ആവേശം കൊള്ളിച്ച, മൾട്ടിബാഗർ നേട്ടം നൽകിയ ഒരു ഓഹരിയെക്കുറിച്ച് ഇന്ന് വിശദമായി പരിചയപ്പെടാം. സിനേറാഡ് കമ്മ്യൂണിക്കേഷൻസ് (സിഐഎൻസി) ഓഹരിയാണ് നിക്ഷേപകരുടെ കീശ വീർപ്പിച്ചത്.

ശരവേഗത്തിൽ കുതിച്ചത് 2051 ശതമാനം
കഴിഞ്ഞ ഒരു വർഷത്തിനിടെ 2051 ശതമാനം മുന്നേറ്റമാണ് സിനേറാഡ് കമ്മ്യൂണിക്കേഷൻസ് ഓഹരി വിപണിയിൽ നിന്നും നേടിയത്. 2023 മാർച്ചിൽ 2.75 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്നാൽ 2024 ഏപ്രിൽ മാസത്തിൽ ഓഹരി വില 59.17 രൂപയായി ഉയർന്നു. 2024ലെ ആദ്യ മൂന്ന് മാസങ്ങളിലും മികച്ച മുന്നേറ്റം നടത്താനും ഓഹരിക്ക് സാധിച്ചു.
ജനുവരിയിൽ 51 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഫെബ്രുവരിയിൽ 50 ശതമാനവും മാർച്ചിൽ 41 ശതമാനവും ഓഹരി ഉയർന്നു. ഏപ്രിൽ മാസത്തിൽ ഇതുവരെ 17 ശതമാനമാണ് ഓഹരി വില ഉയർന്നത്.
52 ആഴ്ചയിലെ ഉയർന്ന വില
59.17 രൂപയാണ് സിനേറാഡ് കമ്മ്യൂണിക്കേഷൻസിന്‍റെ നിലവിലെ ഓഹരി വില. 2023 നവംബറിനും 2024 ഏപ്രിലിനും ഇടയിൽ, സ്റ്റോക്ക് 916 ശതമാനത്തിലധികം ഉയർന്നു. ബുധനാഴ്ച, അതായത് ഏപ്രിൽ 10-നാണ് ഓഹരി അതിന്‍റെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. 1.99 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില. അതായത് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയിൽ നിന്നും ഇതുവരെ ഓഹരി ഉയർന്നത് 2,857 ശതമാനം.

ബ്രോക്കറേജ് വിലയിരുത്തൽ
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് വിലയിരുത്തുന്നത് സിനേറാഡ് കമ്മ്യൂണിക്കേഷൻസ് ഓഹരി കൂടുതൽ മുന്നേറ്റം നടത്താനുള്ള സാധ്യതയുണ്ടെന്നാണ്. ഓഹരി വില ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിലാണ്. ലാഭം സൃഷ്ടിക്കുന്നതിനും മൂലധന വിനിയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിനും ഓഹരി ഉടമകൾക്ക് മൂല്യം നൽകുന്നതിനുമുള്ള കമ്പനിയുടെ കഴിവിനെ ഈ ശക്തികൾ അടിവരയിടുന്നു. അതോടൊപ്പം വർദ്ധിച്ചുവരുന്ന അറ്റ പണമൊഴുക്കും പ്രവർത്തനത്തിൽ നിന്നുള്ള വരുമാനത്തിലും വർധനവുണ്ട്.
സിനേറാഡ് കമ്മ്യൂണിക്കേഷൻസ്
സിനേറാഡ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഇന്ത്യയിൽ പരസ്യ, പ്രൊമോഷണൽ സിനിമകൾ, ഡോക്യുമെൻ്ററികൾ, ഫീച്ചർ ഫിലിമുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. അതോടൊപ്പം ഡിജിറ്റൽ വീഡിയോ എഡിറ്റിംഗും കമ്പ്യൂട്ടർ ഗ്രാഫിക്സും നൽകുന്നു. 1986-ൽ സ്ഥാപിതമായ ഈ കമ്പനി ഇന്ത്യയിലെ കൊൽക്കത്തയിലാണ് പ്രവർത്തിക്കുന്നത്.
പെന്നി ഓഹരികളിലെ നിക്ഷേപത്തിൽ ശ്രദ്ധവേണം
തുച്ഛമായ വിലയും വലിയ നേട്ടം ലഭിക്കാനുള്ള സാധ്യതയുമാണ് പെന്നി ഓഹരികളെ ജനപ്രീയമാക്കുന്നത്. എന്നാൽ നിക്ഷേപം നടത്തുന്നതിന് മുൻപ് കൃത്യമായ പഠനവും അപകട സാധ്യത ലഘൂകരിക്കാനുള്ള പ്ലാനിങും അത്യാവശ്യമാണ്. നഷ്ടം വന്നാലും വലിയ ബാധ്യത വരാത്ത തുക മാത്രം നിക്ഷേപിക്കുക. പെന്നി ഓഹരികളിൽ ലിക്വിഡിറ്റി കുറവായിരിക്കും. അതായത് വിൽക്കാൻ ചെല്ലുമ്പോൾ വാങ്ങാൻ ആളുണ്ടാകില്ല. അതുകൊണ്ട് നിക്ഷേത്തിന് മുൻപ് സാമ്പത്തിക ഉപദേഷ്ടാവിൽ നിന്ന് ഉപദേശം തേടുന്നത് നല്ലതായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications