മികച്ച ഓഹരികളില്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെ രണ്ട് രീതിയിലുള്ള നേട്ടമാണ് ഒരു നിക്ഷേപകന് ലഭിക്കുക. ഓഹരി വിലയിലുണ്ടാകുന്ന വില വര്‍ധനവനു പുറമെ, നിക്ഷേപകന് രണ്ടാം വരുമാനം നേടുന്നതിനായുള്ള മാര്‍ഗം കൂടിയാണ് അതാത് സമയങ്ങളില്‍ കമ്പനികള്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് ചുരുക്കം. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം ലഭിക്കാം. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. ഇവിടെ ഡിസംബര്‍ മാസത്തില്‍ ഡിവിഡന്റ് നല്‍കുമെന്ന് പ്രഖ്യാപച്ചിട്ടുള്ള 5 കമ്പനികളെ കുറിച്ചാണ് വിവരിക്കാന്‍ പോകുന്നത്.
ഡിവിഡന്റ്
ഒരു കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നുള്ള വിഹിതം ഓഹരി ഉടമകള്‍ക്ക് നല്‍കുന്നതാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ ആണ് സാധാരണ കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. സാധാരണഗതിയില്‍ പണമായി തന്നെയാണ് കൂടുതല്‍ കമ്പനികളും ലാഭവിഹിതം നിക്ഷേപകര്‍ക്ക് കൈമാറുക. അതേസമയം, കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് അധിക ഓഹരികളായി (ബോണസ് ഷെയറുകള്‍) നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
മറ്റുവശങ്ങള്‍
ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
ഡിവിഡന്റ് യീല്‍ഡ്
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം.
1). ബജാജ് സ്റ്റീല്‍
നാഗ്പൂര്‍ ആസ്ഥാനമായി 1961 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ കമ്പനിയാണ് ബജാജ് സ്റ്റീല്‍ (BSE: 507944). കുരുവില്‍ നിന്നും പരുത്തി വേര്‍തിരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ലോകത്ത് തന്നെ ഏക കമ്പനിയാണിത്. കുരു വൃത്തിയാക്കുക, പരുവപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്ന യന്ത്രങ്ങളുടെ നിര്‍മാണത്തിലാണ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബജാജ് സ്റ്റീല്‍ തുടര്‍ച്ചയായി ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. ഡിസംബര്‍ 4-നാണ് റെക്കോഡ് ഡേറ്റ്. ഓഹരിയൊന്നിന് 3 രൂപയാണ് ഡിവിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 825 രൂപ നിലവാരത്തിലാണ് ബജാജ് സ്റ്റീലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 1503 രൂപയാണ് ഓഹരികളുടെ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന വില.
കോള്‍ ഇന്ത്യ
ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദക കമ്പനിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലമിറ്റഡ് (BSE:533278, NSE: COALINDIA). മഹാരത്‌ന പദവിയുള്ള കമ്പനി 1975-ല്‍ കൊല്‍ക്കത്ത ആസ്ഥാനമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നതും കോള്‍ ഇന്ത്യയാണ്. കോക്കിംഗ് കല്‍ക്കരി, നോണ്‍-കോക്കിംഗ് കല്‍ക്കരി, മിഡ്ലിങ് തുടങ്ങി നിരവധി ഇനത്തിലുള്ള കല്‍ക്കരികള്‍ കമ്പനി നിര്‍മിക്കുന്നു. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കോള്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍. നിലവില്‍ ഓഹരിയൊന്നിന് 9 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. നിലിവല്‍ 156 രൂപ നിലവാരത്തിലാണ് ഇതിന്റെ ഓബരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഡിസംബര്‍ 7-നാണ് റെക്കോഡ് ഡേറ്റ്. ഇതിനിടെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സമീപകാലയളവിലേക്ക് കോള്‍ ഇന്ത്യയുടെ ഓഹരികള്‍ക്ക് 210 രൂപ വരെ ലക്ഷ്യവില നല്‍കിയിട്ടുമുണ്ട്.
3). ടിടി ലിമിറ്റഡ്
ടെക്‌സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടിടി ലിമിറ്റഡ് (BSE:514142, NSE: TTL) ഓഹരിയൊന്നിന് 1 രൂപയാണ് ലാഭവിഹിതം നല്‍കുന്നത്. കഴിഞ്ഞ ദിവസം കൂടിയ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ നടപ്പ സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഡിസംബര്‍ 10-നാണ റെക്കോഡ് ഡേറ്റ്. മുപ്പത് ദിവസത്തിനകം ലാഭവിഹിതം കൈമാറുമെന്നും കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
4). ഓറിയന്റല്‍ അരോമാറ്റിക്‌സ്
കെമിക്കല്‍ വ്യവസായ രംഗത്ത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓറിയന്റല്‍ അരോമാറ്റിക്‌സ് (BSE:500078, NSE: OAL), നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള 30 ശതമാനം ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 1.5 രൂപയാണ് ലാഭവിഹിതം നല്‍കുക. റെക്കോഡ് ഡേറ്റ് ഡിസംബര്‍ 10 ആണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.5 രൂപയാണ് ലാഭവിഹിതം നല്‍കിയിരുന്നത്. കാംഫര്‍ ആന്‍ഡ് അലീഡ് പ്രോഡക്ട്‌സ് എന്നായിരുന്നു കമ്പനിയുടെ ആദ്യനാമം. നിലവില്‍ 765 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
5). ബിഎന്‍കെ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ്
ധനകാര്യ സേവന മേഖലയില്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎന്‍കെ കാപ്പിറ്റല്‍ (BSE: 500069) 25 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഓഹരിയൊന്നിന് 2.5 രൂപ നിരക്കില്‍ ലാഭവിഹിതം ലഭിക്കും. റെക്കോഡ് ഡേറ്റ് ഡിസംബര്‍ 10-നാണ്. ജൂണില്‍ പ്രഖ്യാപിച്ച ഡിവിഡന്റാണ് ഈ മാസം വിതരണം ചെയ്യുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുടങ്ങാതെ ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന കമ്പനിയാണിത്. നിലവില്‍ 270 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications