രാജ്യത്തിന്‍റെ അഭിമാനമായി കൊച്ചിൻ ഷിപ്പ്‌യാഡ് മാറിയത് പെട്ടെന്നാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ കരാറുകൾ നേടാനും അത് കൃത്യമായി പൂർത്തിയാക്കാനും പൊതുമേഖലാ സ്ഥാനപത്തിന് കഴിയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അദാനി ഗ്രൂപ്പിലെ അദാനി ഹാര്‍ബര്‍ സര്‍വീസസിന് കീഴിലുള്ള ഓഷ്യന്‍ സ്പാര്‍ക്കിളിൽ നിന്നും കരാര്‍ സ്വന്തമാക്കിയിരിക്കുകയാണ് കൊച്ചിന്‍ ഷിപ്പ്‌യാഡിന്‍റെ ഉപകമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡ്.
180 കോടിയുടെ കരാർ
മൂന്ന് ടി ബൊള്ളാര്‍ഡ് പുള്‍ എ.എസ്.ഡി ടഗ്ഗുകള്‍ നിര്‍മ്മിക്കാനാണ് ഓഷ്യന്‍ സ്പാര്‍ക്കിളിൽ നിന്നും കരാർ ലഭിച്ചത്. ഏകദേശം 150-180 കോടി രൂപ മതിക്കുന്നതാണ് കരാർ. 26-28 മാസത്തിനകം നിര്‍മ്മിച്ച് കൈമാറണമെന്നതാണ് വ്യവസ്ഥ. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡ് സി.ഇ.ഒ എ. ഹരികുമാറും ഓഷ്യന്‍ സ്പാര്‍ക്കിൾ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഹിരേണ്‍ ഷായും ഒപ്പുവച്ചു.

ആദ്യ ഇന്ത്യൻ കപ്പൽ ശാല
ഓഷ്യന്‍ സ്പാര്‍ക്കിളിന് വേണ്ടി നേരത്തേ രണ്ട് 62 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ എ.എസ്.ഡി ടഗ്ഗുകള്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡ് നിർമിച്ചിരുന്നു. കരാർ തീയ്യതിന് മുൻപേ തന്നെ ടഗ്ഗുകൾ നിർമ്മിച്ച് കൈമാറാൻ സ്ഥാപനത്തിന് സാധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ കരാർ.
ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിനുകളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അപ്രൂവ്ഡ് സ്റ്റാന്‍ഡേര്‍ഡ് ടഗ് ഡിസൈന്‍ ആന്‍ഡ് സ്‌പെസിഫിക്കേഷന്‍സ് മാനദണ്ഡപ്രകാരം ടഗ് നിര്‍മ്മാണക്കരാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കപ്പല്‍ശാലയെന്ന നേട്ടവും ഇതുവഴി ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡ് സ്വന്തമാക്കി.
കൂടുതൽ ഓർഡറുകൾ
പോള്‍സ്റ്റാര്‍ മാരിടൈം ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും 70 ടണ്‍ ബൊള്ളാര്‍ഡ് പുള്ളിന്റെ രണ്ട് എ.എസ്.ഡി ടഗ്ഗുകള്‍ക്കുള്ള ഓര്‍ഡര്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡിന് ലഭിച്ചിരുന്നു. കരാര്‍ പ്രകാരമുള്ള തീയതിക്ക് മുമ്പുതന്നെ ആദ്യ കപ്പല്‍ പോള്‍സ്റ്റാറിന് കൈമാറി. രണ്ടാമത്തെ കപ്പലിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
ഏറ്റെടുത്തത് 2020ൽ
2020 സെപ്റ്റംബറിലാണ് കൊച്ചിന്‍ ഷിപ്പ്‌യാഡ് ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡിനെ ഏറ്റെടുത്തത്. തുടര്‍ന്ന്, വിദേശ കരാറുകളടക്കം നേടാന്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡിന് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നോര്‍വേ കമ്പനിയില്‍ നിന്നുള്ള ആറ് കാര്‍ഗോ വെസ്സലുകളും ഉള്‍പ്പെടുന്നു.

ഓഹരിയിൽ കുതിപ്പിന് സാധ്യത
എൻഎസ്ഇയിൽ 1,943.90 രൂപ എന്നതാണ് നിലവിൽ കൊച്ചിന്‍ ഷിപ്പ്‌യാഡിന്‍റെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 46.64 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 2024-ൽ ഇതുവരെ 185.27 ശതമാനം വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു. ആറ് മാസം കൊണ്ട് നിക്ഷേപകർക്ക് നൽകിയ ലാഭം 233.14 ശതമാനമാണ്.
679.43 ശതമാനമാണ് ഒരു വർഷത്തിനുള്ളിൽ ഓഹരി വിപണിയിൽ നിന്നും കൊച്ചിന്‍ ഷിപ്പ്‌യാഡ് നേടിയ വളർച്ച. അഞ്ച് വർഷത്തിനിടെ 891 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2,100 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 244.22 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. പുതിയ കാരാറുകൾ ലഭിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഓഹരി കൂടുതൽ മുന്നേറാനാണ് സാധ്യത.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications