തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തില്‍ തിരശ്ശീലയിട്ടിരിക്കുന്നു. വ്യാഴാഴ്ച്ച ബിഎസ്ഇ സെന്‍സെക്‌സ്, എന്‍എസ്ഇ നിഫ്റ്റി സൂചികകള്‍ ഒന്നര ശതമാനം വീതം മുന്നേറി. ആഗോള വിപണികളില്‍ രൂപംകൊണ്ട അനുകൂല വികാരങ്ങള്‍ക്ക് പുറമെ ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബിജെപി തുടര്‍ഭരണം ഉറപ്പാക്കിയതും വിപണിയുടെ ഉയര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്നു.
സെന്‍സെക്‌സ് 817 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 55,464.39 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 249 പോയിന്റ് നേട്ടത്തോടെ 16,594.90 എന്ന നിലയിലും വ്യാപാരം നിര്‍ത്തി. ഇതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൃഷ്ടിക്കുന്ന ഓളം വിപണിയില്‍ പെട്ടെന്ന് കെട്ടടങ്ങുമെന്ന മുന്നറിയിപ്പ് വിപണി വിദഗ്ധര്‍ നല്‍കുന്നുണ്ട്. കാരണം ഉക്രൈന്‍ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.
വ്യാഴാഴ്ച്ച വിപണി ഒന്നടങ്കം ഉയരങ്ങളിലേക്ക് കയറിയപ്പോഴും ഐടി കമ്പനിയായ കോഫോര്‍ജ് 7 ശതമാനം താഴേക്ക് ഇറങ്ങുകയാണുണ്ടായത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നല്‍കുന്ന വിവരം പ്രകാരം 62 ലക്ഷം കോഫോര്‍ജ് ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടു. കമ്പനിയുടെ മൊത്തം ഓഹരികളുടെ 10 ശതമാനം വരുമിത്.
എന്തായാലും കോഫോര്‍ജ് ഓഹരികള്‍ ആരാണ് വാങ്ങിയതും വിറ്റതുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. വാസ്തവത്തില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മുന്‍പും ബ്ലോക്ക് ഡീല്‍ വഴി വലിയ തോതിലുള്ള ഓഹരി കൈമാറ്റം കോഫോര്‍ജ് കണ്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രമോട്ടറായ ഹല്‍സ്റ്റ് ബിവി കമ്പനിയുടെ 83.5 ലക്ഷം ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വിറ്റിരുന്നു.
വ്യാഴാഴ്ച്ച 4,349.75 രൂപയിലാണ് കോഫോര്‍ജ് ഓഹരിയിടപാടുകള്‍ ആരംഭിച്ചത്. നിര്‍ത്തിയതാകട്ടെ, 7 ശതമാനം വിലയിടിവ് കണ്ടുകൊണ്ട് 4,234.80 രൂപയിലും. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 6,135 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,620 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 44.77. ഡിവിഡന്റ് യീല്‍ഡ് 1 ശതമാനം.
കല്‍പ്പതാരു പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡാണ് (കെപിടിഎല്‍) ഇന്ന് നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു കമ്പനി. 3,276 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ കെപിടിഎല്‍ ഓഹരികള്‍ പുത്തനുണര്‍വ് കൈവരിച്ചു. 3 ശതമാനത്തിനരികെ നേട്ടം കുറിച്ചുകൊണ്ടാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. 403.70 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കെപിടിഎല്‍ ഓഹരികള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 387.70 രൂപയില്‍ നിര്‍ത്തി. ബുധനാഴ്ച്ച 377.50 രൂപയിലാണ് കമ്പനി ക്ലോസ് ചെയ്തത്.
700 കിലോമീറ്റര്‍ നീളമേറിയ എച്ച്‌വിഡിസി പവര്‍ ട്രാന്‍സ്മിഷന്‍ ലൈനിന്റെ രൂപകല്‍പ്പന, ആവിഷ്‌കരണം, നിര്‍മാണം, വിതരണം ഉള്‍പ്പെടുന്ന 'അഭിമാന പദ്ധതിയാണ്' കല്‍പ്പതാരു പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന് പുതിയ ഓര്‍ഡര്‍. 3,276 കോടി രൂപയുടെ ചെലവ് പദ്ധതി പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ഓര്‍ഡറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 495.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 341.80 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 9.51. ഡിവിഡന്റ് യീല്‍ഡ് 2.58 ശതമാനം.
വ്യാഴാഴ്ച്ച വിപണിയില്‍ ഏറ്റവുമധികം കയ്യടി കിട്ടിയത് ബിജിആര്‍ എനര്‍ജിക്കാണ്. 10 ശതമാനം മുന്നേറ്റം ബിജിആര്‍ ഓഹരികള്‍ കാഴ്ച്ചവെച്ചു. 660 മെഗാവാട്ട് ഉത്പാദനശേഷിയുള്ള എന്നൂര്‍ താപവൈദ്യുത നിലയത്തിലെ വിപുലീകരണ പദ്ധതികളുടെ കരാര്‍ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ (TANGEDCO) ബിജിആര്‍ എനര്‍ജിയുമായി പുനഃസ്ഥാപിച്ച പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഗംഭീരമായ ഉയര്‍ച്ച.
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് 4,442.75 കോടി രൂപയുടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ബിജിആര്‍ എനര്‍ജിയെ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ നിയോഗിച്ചത്. എന്നാല്‍ പാതിവഴിയില്‍ ബിജിആര്‍ എനര്‍ജിയുമായുള്ള കരാര്‍ ഇവര്‍ റദ്ദാക്കി. തുടര്‍ന്ന് കരാര്‍ റദ്ദു ചെയ്യലിനെതിരെ ബിജിആര്‍ എനര്‍ജി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വ്യാഴാഴ്ച്ച ആദ്യപകുതിയില്‍ 79 രൂപയില്‍ താളംപിടിച്ച കമ്പനിയുടെ ഓഹരി വില പ്രഖ്യാപനത്തിന് പിന്നാലെ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലേക്ക് കയറി. 79.90 രൂപയില്‍ ഓഹരി ഇടപാടുകള്‍ ആരംഭിച്ച ബിജിആര്‍ എനര്‍ജി 84.35 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 124.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 41 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications