സാമ്പത്തിക മേഖലയിൽ ഉടനീളം വലിയ മാറ്റങ്ങളാണ് ഡിസംബറിൽ വരാനിരിക്കുന്നത്. ബാങ്കിംഗ് മേഖല പോലെ തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലും പുതിയ പരിഷ്കാരങ്ങൾ വരുന്നു. നേരത്തെ വിവിധ ക്രെഡിറ്റ് കാർഡുകളുടെ ഫീസ്, ഇടപാട് പരിധി തുടങ്ങിയ വിവിധ കാര്യങ്ങളിൽ മാറ്റം വന്നിരുന്നു. ഇപ്പോൾ വീണ്ടും ഡിസംബറിൽ ക്രെഡിറ്റ് കാർഡ് പോളിസികളിൽ മാറ്റം വരുന്നു. ഫീസ്, റിവാർഡുകൾ, ഇടപാട് നിബന്ധനകൾ എന്നിവയെ ഈ മാറ്റം ബാധിക്കും.
ഈ മാറ്റങ്ങളെ കുറിച്ച് ഉപഭോക്താക്കൾ തിരിച്ചറിയുക. ആക്സിസ് ബാങ്ക്, എസ്.ബി.ഐ, യെസ് ബാങ്ക്, എ.യു സ്മാൾ ഫിനാൻസ് ബാങ്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങളിലാണ് മാറ്റം. ഇനി ഓരോ പുതുക്കിയ നിയമങ്ങളും പരിശോധിക്കാം.
1. ആക്സിസ് ബാങ്ക് അപ്ഡേറ്റുകൾ....
2024 ഡിസംബർ 20 മുതൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ ഫീസിൽ മാറ്റം വരുന്നു. മാത്രമല്ല EDGE റിവാർഡുകൾക്കും മൈൽസിനും പ്രത്യേക റിഡംഷൻ ഫീസും ആരംഭിക്കുന്നു.
റിഡംഷൻ ഫീസ്...
- ക്യാഷ് റിഡംഷനുകൾക്ക് 99 രൂപ (+18% GST)
- മൈലേജ് പ്രോഗ്രാമുകളിലേക്ക് പോയിന്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് 199 രൂപ (+18% GST) വേണം.
ആക്സിസ് ബാങ്ക് അറ്റ്ലസ്, മാഗ്നസ്, റിസേർവ് ക്രെഡിറ്റ് കാർഡ് എന്നീ കാർഡുകളിലും പുതിയ ഫീസ് ബാധകമാണ്. റിഡംഷൻ ഫീസ് ഈടാക്കാൻ തുടങ്ങുന്നതിനു മുന്നേ നിങ്ങളുടെ പോയിന്റുകൾ റെഡിം ചെയ്യുകയോ ട്രാൻസ്ഫർ ചെയ്യുകയോ ആണെങ്കിൽ ഈ അധിക ഫീസ് ഒഴിവാക്കാം.

മറ്റ് ഫീസുകൾ...
- ഓട്ടോ ഡെബിറ്റ് റിവേഴ്സലുകൾക്കും ചെക്ക് റിട്ടേണുകൾക്കും 500 രൂപയോ അല്ലെങ്കിൽ തുകയുടെ 2ശതമാനമോ ഈടാക്കും.
- ബ്രാഞ്ചുകളിലെ പണമിടപാടുകൾക്ക് 175 രൂപ ഈടാക്കും.
- കുടിശ്ശികയുള്ള മിനിമം തുക തുടർച്ചയായ രണ്ട് സൈക്കിളുകളിൽ മിനിമം തുക അടക്കാതെ തുടർന്നാൽ 100 രൂപ പിഴ ഈടാക്കും.
മാത്രമല്ല 10,000 രൂപയ്ക്ക് മുകളിലുള്ള വാലറ്റ് ലോഡുകൾക്കും, 25,000 രൂപയ്ക്ക് മുകളിലുള്ള യൂട്ടിലിറ്റ് പേയ്മെന്റുകൾക്കും, 10,000 രൂപയ്ക്ക് മുകളിലുള്ള ഗെയിമിംഗ് ട്രാൻസാക്ഷനും പുതിയ ഫീസ് ഈടാക്കും.
2. എസ്.ബി.ഐ കാർഡ് അപഡേറ്റുകൾ.....
2024 ഡിസംബർ 1 മുതലാണ് എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകളിൽ മാറ്റം വരുന്നത്. 50,000 രൂപയ്ക്ക് മുകളിലുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾക്ക് 1% ഫീസ് ഈടാക്കും. ഇലക്ട്രിസിറ്റി, ഗ്യാസ്, വെള്ളം എന്നീ ബില്ലുകൾ 50,000 രൂപയ്ക്ക് മുകളിലാണെങ്കിൽ 1% ഫീസ് ഈടാക്കും. ഈ പരിധിയ്ക്ക് കീഴിലുള്ള പേയ്മെന്റുകൾക്ക് ഫീസ് ബാധകമല്ല. മാത്രമല്ല ഡിജിറ്റൽ ഗെയിമിംഗുമായി ബന്ധപ്പെട്ട പ്ലാറ്റ്ഫോമുകളിൽ ഇനി മുതൽ റിവാർഡ് പോയിന്റുകൾ ലഭിക്കില്ല.
3. എ.യു സ്മാൾ ഫിനാൻസ് ബാങ്ക് ഇക്സിഗോ ക്രെഡിറ്റ് കാർഡ്...
2024 ഡിസംബർ 22 മുതലാണ് ഈ ക്രെഡിറ്റ് കാർഡിൽ മാറ്റങ്ങൾ വരുന്നത്. ഇനി മുതൽ വിവിധ ആവശ്യങ്ങൾക്കുള്ള റിവാർഡ് പോയിന്റുകൾ റെഡീം ചെയ്യാൻ സാധിക്കില്ല. ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിലൂടെ (BBPS) വിദ്യാഭ്യാസം, സർക്കാർ സേവനങ്ങൾ, വാടക തുടങ്ങിയ പേയ്മെന്റുകൾക്ക് റിവാർഡുകൾ ലഭിക്കില്ല.
അന്താരാഷ്ട്ര ഇടപാട് ചിലവുകൾക്കുള്ള റിവാർഡുകൾ എ.യു സ്മാൾ ഫിനാൻസ് ബാങ്ക് അവസാനിപ്പിക്കും.
ടെലികോ, യൂട്ടിലിറ്റി, ഇൻഷൂറൻസ് എന്നിവയ്ക്കായി ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും ഒരു റിവാർഡ് പോയിന്റ് ലഭിക്കും. എന്നാൽ ഇൻഷൂറസ് ഇടപാടുകൾക്ക് 100 റിവാർഡ് പോയിന്റുകൾ ലഭിക്കില്ല.
4. യെസ് ബാങ്ക് അപ്ഡേറ്റുകൾ.....
യെസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 2024 ഡിസംബർ 1 മുതൽ റിവാർഡ് പോയിന്റുകൾക്ക് പുതിയ പരിധി വരുന്നു. ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്ക് ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ നിയന്ത്രിക്കും. 2025 ഏപ്രിൽ 1 മുതൽ എയർപോർട്ട് ലോഞ്ച് ആക്സസിനായി കാർഡ് ഉപഭോക്താക്കൾ ഉയർന്ന ചിലവ് പരിധികൾ പാലിക്കണം.


Click it and Unblock the Notifications