കോവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തരാകുന്നതിനാലും ആവശ്യകത കുതിച്ചുയര്‍ന്നതിനാലും കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 90 ഡോളറിലേക്ക് എത്തിയിരുന്നു. അന്ന് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓപെക്, ഉത്പാദനം വര്‍ധിപ്പിക്കാമെന്ന് സൂചിപ്പിച്ചുവെങ്കിലും വാഗ്ദാനം ചെയ്തിരുന്നത്ര അളവിലേക്ക് എത്തിയിരുന്നില്ല. അങ്ങനെ ക്രൂഡ് ഓയില്‍ 80 ഡോളറിന് മുകളില്‍ തുടരുന്നതിനിടെയിലാണ് കിഴക്കന്‍ യൂറോപ്പിലെ അയല്‍ രാജ്യങ്ങളും മുന്‍ സോവിയറ്റ് റിപ്പബ്‌ളിക്കുകളുമായ റഷ്യയും ഉക്രൈനും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യം കൂടിയായ റഷ്യ നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്തതോടെ ക്രൂഡ് ഓയില്‍ വില തിളച്ചു മറിയുകയാണ്.
ഇതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ മറികടന്നു. 2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില നിലവാരമാണിത്. ജനുവരി ഒന്നിന് അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 89 ഡോളര്‍ മാത്രമായിരുന്നു. ഇതാണ് രണ്ട് മാസം പിന്നിടുമ്പോഴേക്ക് 14 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെയും വാതകത്തിന്റേയും ഇറക്കുമതി പൂര്‍ണമായും നിരോധിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തലാക്കാന്‍ ബ്രിട്ടണും കാനഡയും തീരുമാനിച്ചു. എന്നാല്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ജര്‍മ്മനി, ഇറക്കുമതി നിരോധിക്കുമെന്ന നിലപാട് സ്വീകരിക്കാത്തത് ആശ്വാസകരമാണ്.
അതേസമയം, സമീപകാലത്തെ ക്രൂഡ് ഓയില്‍ വിലക്കയറ്റത്തില്‍ പരിഭ്രാന്തി വേണ്ടെന്ന ഉപദേശവുമായി പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ മേധാവി അരുണ്‍ കുമാര്‍ സിങ് രംഗത്തെത്തി. അടുത്തിടെ വിലയില്‍ കുതിച്ചു ചാട്ടമുണ്ടായെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ നിലവാരത്തിലേക്ക് താഴുമെന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധം അവസാനിക്കാനുള്ള സാഹചര്യം ഉടലെടുത്താല്‍ 90 ഡോളറിലേക്കും എണ്ണവില ഇടിയാം. റഷ്യന്‍ എണ്ണയുടെ വമ്പന്‍ ഉപഭോക്താക്കളായ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറക്കുമതി നിരോധിക്കാത്തതും ഭാവിയിലും നിരോധിക്കാനുള്ള സാധ്യത ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അരുണ്‍ കുമാര്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ വിപണി വില ലോക രാജ്യങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല. ഉയര്‍ന്ന വില നിലവാരം തുടര്‍ന്നാല്‍ അത് ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ച മന്ദഗതിയിലാക്കുകയും ക്രൂഡ് ഓയിലിന്റെ ആവശ്യകത ഇടിയുകയും ചെയ്യും. അത് എണ്ണവിലയെ തിരുത്തലിലേക്ക് നയിക്കും. നിലവിലെ വിപണി വില പോലും ആഗോള ആവശ്യകതയില്‍ 2-3 ശതമാനം ഇടിവുണ്ടാക്കാം. ഇത് 20-30 ലക്ഷം ബാരലിന് തുല്യമാണ്. റഷ്യയുടെ എണ്ണ കയറ്റുമതി പ്രതിദിനം 50 ലക്ഷം ബാരലാണ്. അതിനാല്‍ റഷ്യ സ്വയം കയറ്റുമതി നിരോധിക്കുന്നില്ലെങ്കില്‍ എണ്ണവില കുറയാമെന്നും അരുണ്‍ കുമാര്‍ സിങ് ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഏപ്രിലേക്കുള്ള എണ്ണ ഇറക്കുമതിക്കായി ബിപിസിഎല്‍ നല്‍കിയ കരാര്‍ റഷ്യ അംഗീകരിച്ചിട്ടുണ്ട്. ഇത് വിതരണ മേഖലയില്‍ പ്രശ്‌നങ്ങളില്ലെന്ന സൂചനയാണ്. നിലവില്‍ ആകെ എണ്ണയുടെ 30-40 ശതമാനം വരെയാണ് നേരിട്ട് വിപണിയില്‍ നിന്നും വാങ്ങുന്നത്. ബാക്കി ദീര്‍ഘകാല കരാറുകളുടെ അടിസ്ഥാനത്തിലുമാണ്. കൂടാതെ ഒരു മാസത്തില്‍ കുറയാത്ത ശേഖരവും റീഫൈനറികള്‍ കരുതാറുണ്ട്. ഏപ്രിലേക്കുള്ള ഇറക്കുമതിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുകയുമാണ്. ഇതോടെ മേയ് മാസം വരെ ക്രൂഡ് ഓയില്‍ വിലക്കയറ്റം പേടിക്കേണ്ടതില്ലെന്നാണ് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണക്കമ്പനിയുടെ മേധാവി സൂചിപ്പിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദീപാവലി ദിനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും വീതം കുറച്ചത്. പിന്നാലെ ചില സംസ്ഥാനങ്ങളും കൂടി നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഇന്ധനങ്ങളുടെ ചില്ലറ വില്‍പ്പന വില റെക്കോഡ് ഉയരത്തില്‍ നിന്നും താഴേക്കെത്തിച്ചു.
എന്നിരുന്നാലും കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം കാരണം വര്‍ധിച്ച ചെലവും നാലു മാസമായി ഇന്ധന വില മാറ്റമില്ലാതെ നിലനിര്‍ത്തിയതും മൂലമുള്ള നഷ്ടം മറികടക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ലിറ്ററിന് 12-15 രൂപ വരെ പെട്രോളിനും ഡീസലിനും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, നഷ്ടത്തിന്റെ ഭാരം അപ്പാടെ ഉപഭോക്താക്കളിലേക്ക് കൈമാറിയാല്‍ പണപ്പെരുപ്പം ഉയരാനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications