ഡിഷ് ടിവി ഓഹരികള്‍ക്ക് എന്താണ് സംഭവിക്കുന്നത്? ചൊവാഴ്ച്ച ഒറ്റയടിക്കാണ് ഡിഷ് ടിവിയുടെ ഓഹരി വില 9 ശതമാനം കയറിയത്. 14.20 രൂപയ്ക്ക് വ്യാപാരം തുടങ്ങിയ കമ്പനി 15 രൂപയ്ക്ക് തിരശ്ശീലയിടുകയായിരുന്നു. ബുധനാഴ്ച്ച തുടക്കവ്യാപാരത്തിലും 4 ശതമാനം മുന്നേറ്റം സീ ഗ്രൂപ്പിന് കീഴിലുള്ള ഈ സാറ്റലൈറ്റ് സേവനദാതാക്കൾ കയ്യടക്കി. വിപണി കടുത്ത ചാഞ്ചാട്ടത്തിലൂടെ കടന്നുപോകുമ്പോഴും കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഡിഷ് ടിവിയുടെ ഓഹരി വിലയില്‍ 5 ശതമാനം വര്‍ധനവ് കാണാം. ഡിഷ് ടിവിക്ക് എന്തുപറ്റി എന്ന ആലോചനയിലാണോ നിങ്ങളും?
വാസ്തവത്തില്‍ സെബി (സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കമ്പനിക്ക് നല്കിയ നിര്‍ദേശത്തിന് പിന്നാലെയാണ് ഡിഷ് ടിവിയുടെ ഓഹരി വില ഉയരുന്നത്. 2021 ഡിസംബര്‍ 30 -ന് നടന്ന വാര്‍ഷിക പൊതുയോഗത്തിലെ വോട്ടെടുപ്പ് ഫലങ്ങള്‍ എത്രയും പെട്ടെന്ന് എക്സ്ചേഞ്ചുകളെ അറിയിക്കണമെന്ന് ഡിഷ് ടിവിക്ക് സെബിയുടെ താക്കീതുണ്ട്. യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉള്‍പ്പെടെയുള്ള ഓഹരിയുടമകളില്‍ നിന്നും ഡിഷ് ടിവിക്കെതിരെ പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് സെബിയുടെ ഇടപെടല്‍.
വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) അവതരിപ്പിച്ച വിവിധ നിര്‍ദേശങ്ങളില്‍ വോട്ടെടുപ്പ് നടന്നിരുന്നു. എന്നാല്‍ ഇതിന്റെ ഫലങ്ങള്‍ കമ്പനി അനധികൃതമായി തടഞ്ഞുവെക്കുന്നുവെന്നാണ് ആരോപണം. വോട്ടെടുപ്പ് ഫലങ്ങള്‍ അടിയന്തരമായി എക്സ്ചേഞ്ചുകളെ അറിയിക്കണമെന്നാണ് സെബിയുടെ നിര്‍ദേശം. കൂടാതെ, വിഷയത്തില്‍ കാരണം കാണിക്കാനും ഡിഷ് ടിവിയോട് സെബി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമായും യെസ് ബാങ്കിന് ഈടുവെച്ച ഓഹരികളുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുക്കുന്നത്. എസ്സെല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഏതാനും സ്ഥാപനങ്ങള്‍ യെസ് ബാങ്കില്‍ നിന്നും ആയിരക്കണക്കിന് കോടി രൂപ വായ്പ എടുത്തിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഈടുവെച്ച ഓഹരികളുടെ ഉടമസ്ഥാവകാശം യെസ് ബാങ്കിന് കിട്ടി.
2021 ഡിസംബറിലെ കണക്കുപ്രകാരം യെസ് ബാങ്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കുമാണ് ഡിഷ് ടിവിയിലെ ഏറ്റവും വലിയ ഓഹരിയുമടസ്ഥര്. യെസ് ബാങ്കിന്റെ പക്കല്‍ ഡിഷ് ടിവിയുടെ 24.78 ശതമാനം ഓഹരികളുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ കൈവശമാകട്ടെ കമ്പനിയുടെ 3.78 ശതമാനം ഓഹരികളും ഭദ്രമാണ്. നേരത്തെ, ഡിഷ് ടിവിയുടെ പ്രമോട്ടര്‍ ഗ്രൂപ്പില്‍ നിന്നും 5.93 ശതമാനം ഓഹരി പങ്കാളിത്തം വാങ്ങാന്‍ എയര്‍ടെല്‍ കരുനീക്കം നടത്തുന്നതായി പ്രമുഖ ദേശീയ മാധ്യമത്തില്‍ വാര്‍ത്തവന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവവികാസത്തെ കുറിച്ച് അറിവില്ലെന്നാണ് ഡിഷ് ടിവിയുടെ നിലപാട്.
എന്തായാലും സെബിയുടെ ഇടപെടല്‍ ഡിഷ് ടിവിയുടെ ഓഹരി വിലയെ സ്വാധീനിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തെ പ്രതിദിന മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് കമ്പനി ഓഹരിയിടപാടുകള്‍ നടത്തുന്നത്. പക്ഷെ 20, 50, 100, 200 ദിനങ്ങളിലെ മൂവിങ് ആവറേജുകള്‍ പരിശോധിച്ചാല്‍ കമ്പനി താളംപിടിക്കുന്നത് ഇവയ്ക്ക് താഴെയാണ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 23.35 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 8.70 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്. വിപണി മൂല്യം 2,761 കോടി രൂപ.
ബുധനാഴ്ച്ച എജിഎം ഫലങ്ങള്‍ ഡിഷ് ടിവി പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്ചേഞ്ച് ഫയലിങ്ങില്‍ കമ്പനി നല്കിയ വിവരം പ്രകാരം ഓഹരിയുടമകളുടെ വോട്ടിനിട്ട മൂന്നു പ്രമേയങ്ങളും പരാജയപ്പെട്ടു. സാമ്പത്തിക സ്റ്റേറ്റ്മെന്റുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഓഡിറ്റ് ചെയ്യണമെന്ന പ്രമേയത്തിനെതിരെ 77.63 ശതമാനം പേരാണ് വോട്ടു ചെയ്തത്. റൊട്ടേഷന്‍ പോളിസി പ്രകാരം വിരമിക്കേണ്ടതായ അശോക് മത്തായി കുര്യനെ വീണ്ടും ഡയറക്ടായി നിയമിച്ചതിനെതിരെ 78.94 ശതമാനം വോട്ടുകള്‍ കുറിക്കപ്പെട്ടു. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഓഡിറ്റര്‍മാരുടെ പ്രതിഫല ചെലവുകള്‍ സംബന്ധിച്ച പ്രമേയവും 53.48 ശതമാനം എതിര് വോട്ടുകളോടെ പരാജയപ്പെട്ടു. മൂന്നു പ്രമേയങ്ങള്‍ക്കും പ്രമോട്ടര്‍ പിന്തുണയുണ്ടായിരുന്നു.
യെസ് ബാങ്കും ഡിഷ് ടിവിയും തമ്മില്‍ തുടരുന്ന പോരാട്ടത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് എജിഎം വോട്ടുഫലങ്ങളുടെ പ്രസിദ്ധീകരണം. ഡിഷ് ടിവിയുടെ ഭരണസമിതി പുനസംഘടിപ്പിക്കണമെന്നാണ് യെസ് ബാങ്കിന്റെ ആവശ്യം. കമ്പനിക്ക് എതിരെ മിസ്മാനേജ്മെന്റ് സ്യൂട്ട് യെസ് ബാങ്ക് ഫയല്‍ ചെയ്തിട്ടുണ്ട്. മറുപുറത്ത് യെസ് ബാങ്കിന്റെ വോട്ടവകാശം മരവിപ്പിക്കണമെന്നാണ് ഡിഷ് ടിവിയുടെ ആവശ്യം. യെസ് ബാങ്കിന്റെ ഉടമസ്ഥാവകാശത്തെയും ഡിഷ് ടിവി ചോദ്യം ചെയ്യുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ



Click it and Unblock the Notifications