ഓഹരി വിപണിയിൽ നിന്ന് വിജയിച്ചവരുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ടാക്കും. വിപണിയിലെ വിജയത്തിൽ നിന്ന് ബിസിനസിലേക്ക് ചുവട് മാറ്റി, രണ്ടിടത്തും ഒരുപോലെ തിളങ്ങുന്ന താരങ്ങൾ കുറവാണ്. ഇത്തരത്തിലൊരാളാണ് അവന്യൂ സൂപ്പർ മാർക്കറ്റ് സ്ഥാപകൻ രാധാകിഷൻ ദമാനി. സ്വന്തം കഴിവ് കൊണ്ട് നേടിയെടുത്ത വിജയങ്ങളാണ് ആർകെ ദമാനിയുടെ കയ്യിലുള്ളത്.
ഒറ്റ മുറി വീട്ടിൽ നിന്ന് പാതിയിൽ ബിരുദ പഠനം അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹത്തിന് പക്ഷെ ജീവിതത്തിലെടുത്ത തീരുമാനം തെറ്റിയില്ല. 2023 ലെ ഫോബ്സ് സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ 8-ാം സ്ഥാനത്താണ്.
ഇന്ത്യയുടെ സമ്പന്നൻ
ഫോബ്‌സിന്റെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ രാധാകിഷൻ ദമാനി എട്ടാം സ്ഥാനത്താണ്. ഇന്ത്യൻ റീട്ടെയിൽ സ്റ്റോറായ ഡിമാർട്ടിന്റെ മാതൃസ്ഥാപനമായ അവന്യു സൂപ്പർമാർക്കറ്റ് ലിമിറ്റഡിന്റ സ്ഥാപകനും ബ്രൈറ്റ് സ്റ്റാർ ഇൻവെസ്റ്റ്മെന്റ് എന്ന സ്വന്തം നിക്ഷേപ സ്ഥാപനത്തിൽ നിന്നുള്ള വരുമാനമാണ് അദ്ദേഹത്തിന്റെ ആദ്യ പത്തിൽ എത്തിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം 589 കോടി രൂപ വാർഷിക ലാഭം ദമാനി നേടി. പ്രതിദിനാടിസ്ഥാനത്തിൽ 1.6 കോടി രൂപ ലാഭം റിപ്പോർട്ട് ചെയ്തു. 15.3 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയാണ് ആർകെ ദമാനിക്കുള്ളത്. ഇന്ത്യൻ കറൻസിയിൽ ഇതിന് 1.25 ലക്ഷം കോടി രൂപ മൂല്യം കാണും.

ദമാനിയുടെ തുടക്കം
മുംബൈയിലെ ഒരു ഒറ്റമുറി അപ്പാർട്ട്‌മെന്റിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന രാധാകിഷൻ ദമാനി എളിയ ജീവതത്തിൽ നിന്നാണ് കോടികളിലേക്ക് ഇറങ്ങുന്നത്. ആദ്യം സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കറായും പിന്നീട് നിക്ഷേപകനായും കരിയർ തുടങ്ങിയ അദ്ദേഹം മൂന്നാമതായാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്.
മുംബൈ സര്‍വകലാശാലയില്‍ നിന്ന് ബി.കോം പഠനത്തിനിടെ ആദ്യ വർഷം തന്നെ പഠനം മതിയാക്കിയിറങ്ങി. പിന്നീട് പിതാവിനെ ബിസിനസിൽ സഹായിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് സ്റ്റോക്ക് ബ്രോക്കർ എന്ന ജോലിയിലേക്ക് ഇറങ്ങുന്നത്.
ആദ്യ നിക്ഷേപം
വളരണമെങ്കില്‍ സ്വന്തം പണം വിപണിയില്‍ നിക്ഷേപിക്കണമെന്നതിനെ തിരിച്ചറിഞ്ഞാണ് അദ്ദേഹം നിക്ഷേവും ട്രേഡിംഗും ആരംഭിക്കുന്നത്. ട്രേഡിംഗിൽ വലിയ നേട്ടമുണ്ടാക്കിയ അദ്ദേഹം അക്കാലത്തെ പ്രസിദ്ധ നിക്ഷേപകനായ ചന്ദ്രകാന്ത സമ്പത്തിൽ നിന്നാണ് നിക്ഷേപത്തിിലേക്ക് തിരിയുന്നത്. 32ാം വയസിലാണ് ദമാനി വിപണിയിലേക്ക് ഇറങ്ങുന്നത്.
സെഞ്ച്വറി സില്‍ക്ക്‌സ്, ഇന്ത്യന്‍ സിമന്റ്, വിഎസ്ടി ഇന്‍ഡസ്ട്രീസ്, ടിവി ടുഡേ നെറ്റ്‍വർക്ക്, ബ്ലൂ ഡാര്‍ട്ട്, സുന്ദരം ഫിനാന്‍സ്, 3എം ഇന്ത്യ തുടങ്ങിയ കമ്പനികളിൽ അദ്ദേഹം തുടക്കത്തിൽ നിക്ഷേപം നടത്തി. വിഎസ്ടി ഇന്‍ഡസ്ട്രീസ് 85 രൂപയുള്ളപ്പോഴാണ് ദമാനി നിക്ഷേപം നടത്തിയത്. ഇന്നത്തെ വില 3,266 രൂപയാണ്.
ബിസിനസിലേക്ക് തുടക്കം
1990 കളുടെ അവസാനത്തിലാണ് അദ്ദേഹം വിപണിയിൽ നിന്ന് റീട്ടെയിൽ വ്യാപര രംഗത്തേക്ക് ചുവട് മാറുന്നത്. ആദ്യം നവി മുംബൈയിൽ അപ്നാ ബസാറിന്റെ ഫ്രാഞ്ചൈസി എടുത്താണ് തുടക്കം. 5000 ചതുരശ്ര അടിയിൽ തുടങ്ങിയ ആ ബിസിനസ് വിജയം കണ്ടതോടെ അദ്ദേഹം സ്വന്തമായി റീട്ടെയിൽ വ്യാപാര രംഗത്തേക്ക് വന്നു.
2002 മേയ് 15ന് മുംബൈയിലെ പൊവായിലാണ് ആദ്യ ഡിമാർട്ട് സ്റ്റോർ ആരംഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡിമാർട്ട് ഭീമമായ ലാഭവും വരുമാനവും റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് ഡിമാർട്ടിൻെറ വരുമാനം 10,300 കോടി രൂപയിലധികമാണ്. 589 കോടി രൂപ അറ്റാദായമാണ് ഡീമാർട്ട് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക, തെലങ്കാന, ഛത്തീസ്ഗഡ്, എൻസിആർ, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 306 ഡിമാർട്ട് സ്റ്റോറുകുകൾ നിലവിലുണ്ട്. ഡിമാർട്ട് സ്റ്റോറുകൾ അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്.


Click it and Unblock the Notifications