ഇക്കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 25,000 കടന്നിരുന്നു. ഇത് തൊട്ടുമുമ്പത്തെ ആഴ്ചയേക്കാള്‍ 45 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന ആഴ്ചക്കാലയളവ് കൂടിയാണിത്. കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 60 ശതമാനവും സംഭാവന ചെയ്തത്. ഇതിനോടൊപ്പം 10 സംസ്ഥാനങ്ങള്‍ പ്രതിദിന രോഗനിരക്കില്‍ വര്‍ധന കാണിക്കുന്നുമുണ്ട്. അതേസമയം മരണ നിരക്ക് താഴ്ന്നുനില്‍ക്കുന്നത് ആശ്വാസം നല്‍കുന്നു.
ഇതിനിടെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുന്നുവെന്ന സൂചനകള്‍ ശക്തമായതോടെ ചില വിഭാഗം ഓഹരികളിലും വില്‍പ്പന സമ്മര്‍ദം പ്രകടമായിട്ടുണ്ട്. പ്രധാനമായും മള്‍ട്ടിപ്ലെക്‌സ് കമ്പനികളുടെ ഓഹരികളിലാണ് തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തില്‍ തിരിച്ചടി ദൃശ്യമായത്. രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ ലിമിറ്റഡിന്റെ (BSE: 532689, NSE: PVR) ഓഹരികള്‍ 3 ശതമാനവും മറ്റൊരു പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ ഐനോക്സ് ലെയ്ഷര്‍ 4 ശതമാനത്തോളവും ഇടിവ് നേരിട്ടു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഏറ്റവും തിരിച്ചടി നേരിട്ട വ്യവസായ മേഖലകളിലൊന്നാണ് സിനിമ വ്യവസായം. ഇതില്‍ തന്നെ കനത്ത ആഘാതമേറ്റവരാണ് തിയറ്റര്‍ മേഖല. ലോക്ക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും കാരണം ഏറെക്കാലം അടച്ചിടേണ്ടി വന്നത് കനത്ത സാമ്പത്തിക നഷ്ടമാണ് തിയറ്റര്‍ വ്യവസായ മേഖലയ്ക്ക് വരുത്തിവെച്ചത്. തുടര്‍ന്ന് ഈ വര്‍ഷം ആദ്യത്തോടെ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചു. പിന്നാലെ വമ്പന്‍ ബാനറുകളിലെ പുത്തന്‍ സിനിമകള്‍ റിലീസായതോടെയും തിരിച്ചു വരവിന്റെ പാതയിലായിരുന്നു സിനിമ വിനോദ വ്യവസായവും തിയറ്റര്‍ മേഖലയും.
2022-ലെ ആദ്യ നാലു മാസങ്ങളില്‍ ശരാശരി 1,000 കോടിയിലേറെ രൂപയുടെ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു എന്ന് ഗ്രൂപ്പ് എമ്മും ഒര്‍മാക്‌സ് മീഡിയയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചു. ഇങ്ങനെ ശക്തമായ തിരിച്ചുവരവിന്റെ പാതയിലൂടെ ഈ മേഖല മുന്നോട്ട് കുതിക്കവേയാണ് ഇടിത്തീ പോലെ രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നുവെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്. ഇതോടെ തിയറ്റര്‍ മേഖലയില്‍ വീണ്ടും ആശങ്കയുടെ മൂടുപടം വീണിരിക്കുകയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലത്തില്‍ പിവിആറിന്റെ അറ്റനഷ്ടം കുറഞ്ഞിരുന്നു. ജനുവരി- മാര്‍ച്ച് കാലയളവില്‍ പിവിആറിന്റെ വരുമാനം 580 കോടിയും അറ്റ നഷ്ടം 105 കോടിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പിവിആറിന്റെ വരുമാനം 263 കോടിയും നഷ്ടം 323 കോടിയുമായിരുന്നു. സമാനമായി ഐനോക്‌സ് ലെയ്ഷറിന്റെ മാര്‍ച്ച് പാദത്തിലെ വരുമാനം 325 കോടിയായി വര്‍ധിക്കുകയും നഷ്ടം 28 കോടിയിലേക്ക് ചുരുങ്ങുകയും ചെയ്തിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഐനോക്‌സ് ലെയ്ഷറിന്റെ (BSE: 532706, NSE: INOXLEISUR) വരുമാനം 119 കോടിയും നഷ്ടം 94 കോടിയുമായിരുന്നു.
ഇതിനിടെ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പിവിആറും ഐനോക്‌സ് ലെയ്ഷറും തമ്മില്‍ ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതൊരു പോസിറ്റീവ് നീക്കമായാണ് വിപണി വിദഗ്ധര്‍ പൊതുവില്‍ വിലയിരുത്തിയത്. ഉടമ്പടി പ്രകാരം പിവിആര്‍ ഐനോക്‌സ് എന്നായിരിക്കും ലയനശേഷം പുതിയ കമ്പനി അറിയപ്പെടുക. എങ്കിലും നിലവിലെ തിയറ്ററുകളുടെ ബ്രാന്‍ഡിങ് അതേപടി തുടരും എന്നുമാണ് കമ്പനി നേതൃത്വങ്ങള്‍ അറിയിച്ചത്. ഈ ലയനം വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ തിയറ്റര്‍ ശൃംഖലയായി ഇതു മാറും. പുതിയ കമ്പനിക്ക് കീഴില്‍ 1500-ലേറെ സ്‌ക്രീനുകളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications