നിക്ഷേപകർക്ക് അത്ര നല്ല വാർത്തകളല്ല ഓഹരി വിപണിയിൽ നിന്നും പുറത്ത് വരുന്നത്. ആഭ്യന്തര സൂചികകൾ കനത്ത ഇടിവോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്സ് 929.74 പോയിൻ്റ് ഇടിഞ്ഞ് 73,315.16 ലും നിഫ്റ്റി 216.9 പോയിൻ്റ് താഴ്ന്ന് 22,302.50 ലെത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിനും ആഗോള വിപണിയിൽ നിന്നുള്ള ദുർബലമായ പ്രവണതകളും ഇടിവിന് കാരണമായി. വിദേശ നിക്ഷേപകരുടെ വില്പനയും യുഎസ് പണപ്പെരുപ്പ കണക്കുകളും ഇടിവിന്‍റെ ആക്കം കൂട്ടി.
നിഫ്ടിയിൽ എക്സൈഡ് ഇൻഡസ്ട്രീസ് , ഒഎൻജിസി, നെസ്‌ലെ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ കൺസൾട്ടൻസി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ് ഏഷ്യൻ പെയിൻ്റ്‌സ് എന്നീ ഓഹരികൾ ഇടിഞ്ഞു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ ഒഴികെ ബാക്കി എല്ലാ സൂചികകളും ഇടിവിലാണ്. സ്‌മോൾ, മിഡ് ക്യാപ് ഓഹരികളും ഇടിഞ്ഞു.

നേട്ടമുണ്ടാക്കി എക്സൈഡ് ഇൻഡസ്ട്രീസ്
എക്സൈഡ് ഇൻഡസ്ട്രീസ് ഓഹരികൾ തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ തുടർച്ചയായ ഏഴാം സെഷനിലും ശക്തമായ നേട്ടം രേഖപ്പെടുത്തി. ഓഹരി വില 6.56 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 423.80 രൂപയിലെത്തി. കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ 35.16 ശതമാനത്തിന്‍റെ വളർച്ചയാണ് ഓഹരി നേടിയത്..
ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്
ബാറ്ററി നിർമ്മാണ കമ്പനിയുടെ ഓഹരികൾ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഗണ്യമായി ഉയരുമെന്നാണ് അന്താരാഷ്ട്ര ബ്രോക്കറേജായ മോർഗൻ സ്റ്റാൻലി പറയുന്നത്. അതുകൊണ്ടു തന്നെ എക്സൈഡ് ഇൻഡസ്ട്രീസ് ഓഹരിയുടെ ടാർഗെറ്റ് വില 373 രൂപയിൽ നിന്ന് 485 രൂപയായി ഉയർത്തുകയും ചെയ്തു.
ഓഹരിയുടെ 14 ദിവസത്തെ ആപേക്ഷിക ശക്തി സൂചിക (ആർഎസ്ഐ) 51.03 ൽ എത്തി. 30-ന് താഴെയുള്ള ഒരു ലെവൽ അമിതമായി വിറ്റഴിക്കപ്പെട്ടതായി നിർവചിക്കപ്പെടുന്നു, അതേസമയം 70-ന് മുകളിലുള്ള മൂല്യം അമിതമായി വാങ്ങിയതായി കണക്കാക്കുന്നു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇ-യിൽ 414.10 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 35.64 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 60 ശതമാനം ഉയരാനും കമ്പനിയുടെ ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 120.15 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരിയാകാനും എക്സൈഡ് ഇൻഡസ്ട്രീസിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ കരാറുകൾ
ഏപ്രിൽ 9 ന്, ദക്ഷിണ കൊറിയൻ വാഹന പ്രമുഖരായ ഹ്യൂണ്ടായ് മോട്ടോർ കമ്പനിയും (എച്ച്എംസി) കിയ കോർപ്പറേഷനും രാജ്യത്ത് ഇലക്ട്രിക് വാഹന ബാറ്ററി നിർമ്മാണത്തിനായി എക്സൈഡ് ഇൻഡസ്ട്രീസുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് മോട്ടോറിൻ്റെ ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററി സെല്ലുകളുടെ വികസനം, ഉൽപ്പാദനം, വിതരണം എന്നിവയാണ് കമ്പനിയുട ചുമതല.
കൂടുതൽ കമ്പനികളുടെ കരാറുകൾ നേടാനുള്ള ചർച്ചകൾക്കും എക്സൈഡ് തുടക്കമിട്ടിട്ടുണ്ട്. അത് വിജയം കണ്ടാൽ ഓഹരി വിപണിയിൽ വലിയ മുന്നേറ്റം നടത്താൻ കമ്പനിയുടെ ഓഹരിക്ക് സാധിക്കും.
34,926.50 കോടി രൂപയാണ് എക്സൈഡ് ഇൻഡസ്ട്രീസിന്‍റെ വിപണി മൂലധനം. 2023 ഡിസംബറിലെ കണക്കനുസരിച്ച് പ്രൊമോട്ടർമാർ 45.99 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications