ആഗോള വിപണികളുടെയെല്ലാം ആശങ്ക വര്‍ധിപ്പിക്കും വിധം കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം വര്‍ധിക്കുകയാണെന്ന സൂചന നല്‍കി റഷ്യന്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞു. മുന്‍ സോവിയറ്റ് റിപ്പബ്ലിക്ക് രാജ്യമായ ഉക്രൈന്‍, അമേരിക്ക നേതൃത്വം നല്‍കുന്ന സൈനിക ചേരിയായ നേറ്റോയില്‍ അംഗത്വം സ്വീകരിക്കുന്നതിനെ ചൊല്ലിയുളള സംഘര്‍ഷ സമാനമായ സാഹചര്യം ഉരുത്തിരിഞ്ഞിട്ട് രണ്ട് ആഴ്ചയില്‍ ഏറെയായെങ്കിലും റഷ്യന്‍ ഓഹരി വിപണി ആദ്യമായാണ് ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. റഷ്യന്‍ അനുകൂലികള്‍ക്ക് മേധാവിത്വമുള്ള ഉക്രൈനിലെ കിഴക്കന്‍ പ്രവിശ്യയെ സ്വയംഭരണ പ്രദേശമായി കണക്കാക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പരാമര്‍ശം വന്നതിന് പിന്നാലെയാണ് റഷ്യന്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞത്.
തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ മോസ്‌കോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ സൂചികയായ ആര്‍ടിഎസ് 230 പോയിന്റ് ഇടിഞ്ഞ് 1,160.24-ലേക്ക് കൂപ്പുക്കുത്തി. അതായത് 16.67 ശതമാനം നഷ്ടമാണ് ഒറ്റ ദിവസം കൊണ്ട് സൂചികയ്ക്ക് നേരിടേണ്ടി വന്നത്. റഷ്യയിലെ ഏറ്റവും വലിയ 50 കമ്പനികളെ ഡോളറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പ്രധാന സൂചികയാണ് ആര്‍ടിഎസ്. കൂടാതെ പാശ്ചാത്യ ലോകം റഷ്യയുടെ വ്യാപാര വിനിമയത്തിനായി ഡോളര്‍ ഇനി അനുവദിച്ചേക്കില്ലെന്ന ഭീതിയും ഇടിവിന് ആക്കം കൂട്ടി. ഇതിന്റെ ഭാഗമായി റഷ്യന്‍ കറന്‍സിയായ റൂബിള്‍ ഡോളറിനെതിരേ കൂടുതല്‍ ദുര്‍ബലമായി. തിങ്കളാഴ്ച 78 റൂബിള്‍സാണ് ഡോളറിനെതിരായ വിനിമയത്തില്‍ നഷ്ടമായത്.
അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡനും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതിയില്ലെന്നും റഷ്യന്‍ ഏജന്‍സികള്‍ വെളിപ്പെടുത്തി. ഇതിനിടെ ഉക്രൈനില്‍ നിന്നും രാജ്യത്തിന്റെ ദക്ഷിണ പടിഞ്ഞാറന്‍ അതിര്‍ത്തി വഴി അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 5 പേരെ റഷ്യന്‍ സുരക്ഷാസേന വെടിവെച്ചു കൊന്നു. അതേസമയം ഇക്കാര്യം വ്യാജ വാര്‍ത്തയാണെന്ന മറുപടിയുമായി ഉക്രൈന്‍ ഭരണകൂടം സംഭവത്തെ തളളിക്കളഞ്ഞു.
നേരത്തെ തന്നെ, കിഴക്കന്‍ ഉക്രൈനിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാവും റഷ്യ ആക്രമണത്തിന് മുതിരുകയെന്ന്് അമേരിക്ക കുറപ്പെടുത്തിയിരുന്നു. കിഴക്കന്‍ ഉക്രൈനിലെ അനുകൂലികള്‍ ഉള്‍പ്പെടെ 1.6 മുതല്‍ 1.9 ലക്ഷം സൈനികരെ എങ്കിലും റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് അമേരിക്ക ആരോപിച്ചത്. അതിനിടെ പുടിന്റെ നേതൃത്വത്തില്‍ റഷ്യയുടെ സുരക്ഷ കൗണ്‍സിസിലിന്റെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ടെലിവിഷനിലൂടെ നല്‍കിയ പ്രതികരണത്തിലാണ് കിഴക്കന്‍ ഉക്രൈനിലെ ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക് പ്രവിശ്യയിലുള്ള നേതാക്കളുടെ ആവശ്യം പരിഗണനയിലാണെന്ന് പുടിന്‍ വെളിപ്പെടുത്തിയത്.
അതേസമയം, വിമതരെ ഉപയോഗിച്ച് റഷ്യ നടത്തുന്ന നിഴല്‍ യുദ്ധമായാണ്, കിഴക്കന്‍ പ്രവിശ്യയില്‍ ഉരുത്തിരിഞ്ഞ പുതിയ സംഭവ വികാസങ്ങളെ ഉക്രൈനും പടിഞ്ഞാറന്‍ ലോകവും നോക്കിക്കാണുന്നത്. ഇവിടുത്തെ സംഘര്‍ഷം ചൂണ്ടിക്കാട്ടിയും വിമതരുടെ അഭ്യര്‍ത്ഥനകള്‍ മറയാക്കിയും ഉക്രൈനില്‍ സൈനിക നടപടിക്കുള്ള ന്യായവാദം കണ്ടെത്താനുള്ള ശ്രമത്തിലാണ് റഷ്യയെന്നാണ് ഒരുവിഭാഗം നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണികളിലും ഇടിവ് തുടരുകയാണ്. മൂന്ന് ആഴ്ചത്തെ താഴ്ന്ന നിലവാരത്തിലേക്കാണ് വിപണികള്‍ വീണത്. അമേരിക്കന്‍ സൂചികകളില്‍ നാസ്ഡാക് 1.7 ശതമാനവും എസ് & പി-500 സൂചിക 1 ശതമാനത്തിലേറെയും ഡൗജോണ്‍സ് 1 ശതമാനത്തോളവും നഷ്ടത്തില്‍ വ്യാപാരം പുരോഗമിക്കുകയാണ്. അതേസമയം, യൂറോപ്പിലെ പ്രധാന സൂചികകളെല്ലാം 2.5 ശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതുപോലെ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്ന് 95 ഡോളറിലേക്കെത്തി.


Click it and Unblock the Notifications